'കുട്ടിക്കാലത്ത് സവർക്കറെ കുറിച്ച് ചോദിച്ചു', അന്ന് ഇന്ദിര ഗാന്ധി പറഞ്ഞ മറുപടി പാർലമെന്‍റിൽ വിവരിച്ച് രാഹുൽ
മനു സ്മൃതിയാണ് ഇന്ത്യയുടെ ഔദ്യോഗിക രേഖയെന്നാണ് സവർക്കർ വാദിച്ചിരുന്നതെന്നും അതാണ് ബി ജെ പി ഇന്നും കൊണ്ടുനടക്കുന്നതെന്നും പരിഹസിച്ചു
ദില്ലി: പാർലമെന്‍റിലെ ഭരണഘടന ചര്‍ച്ചയിൽ പങ്കെടുത്ത് സംസാരിക്കവെ സവർക്കർക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം. ഭരണഘടനയുടെ ചെറുപതിപ്പ് ഉയർത്തിപ്പിടിച്ചുള്ള പ്രസംഗത്തിനിടെ മനു സ്മൃതിയും ഉയർത്തിക്കാട്ടിയാണ് രാഹുൽ, സവർക്കറെയും ബി ജെ പിയെയും വിമർശിച്ചത്. നവീന ഇന്ത്യയുടെ രേഖ ഭരണഘടനയാണെന്ന് ചൂണ്ടികാട്ടിയ രാഹുൽ, ഭരണഘടനയിൽ ഇന്ത്യയുടേതായി ഒന്നുമില്ലെന്ന് പണ്ട് സവർക്കർ പറഞ്ഞിരുന്നുവെന്ന് വിവരിച്ചുകൊണ്ടാണ് വിമർശനം തുടങ്ങിയത്. കുട്ടിയായിരുന്നപ്പോൾ താൻ സവർക്കറെ കുറിച്ച് മുത്തശിയോട് ചോദിച്ചിട്ടുണ്ടന്നും രാഹുൽ ഗാന്ധി പാർലമെന്‍റിൽ വിവരിച്ചു. ബ്രീട്ടീഷുകാരോട് മാപ്പിരന്നയാളാണ് സവർക്കർ എന്നാണ് ഇന്ദിര ഗാന്ധി തനിക്ക് പറഞ്ഞുതന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
മഹാത്മാ ഗാന്ധിയുടെയും, നെഹ്രുവിൻ്റെയും, അംബേദ്കറിൻ്റെയുമൊക്കെ ആശയങ്ങളാണ് ഭരണഘടനയിലുള്ളതെന്ന് ചൂണ്ടികാട്ടിയ രാഹുൽ, മനു സ്മൃതിയാണ് ഇന്ത്യയുടെ ഔദ്യോഗിക രേഖയെന്നാണ് സവർക്കർ വാദിച്ചിരുന്നതെന്നും അതാണ് ബി ജെ പി ഇന്നും കൊണ്ടുനടക്കുന്നതെന്നും പരിഹസിച്ചു. ഇന്നും ബി ജെ പിയുടെ നിയമസംഹിത മനുസ്മൃതിയാണ്, ഭരണ ഘടനയല്ല. സവർക്കറെ വിമർശിച്ചാൽ തന്നെ കുറ്റക്കാരനാക്കും. രാജ്യത്തെ പിന്നാക്കം കൊണ്ടുപോകാനാണ് ബി ജെ പിയുടെ ശ്രമമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. യു പിയിൽ ബിജെപി ഭരണമാണെന്നും അവിടെ മനുസ്മൃതിയാണ് പിന്തുടരുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു
അതേസമയം രാഹുൽ ഗാന്ധിയുടെ സവർക്കർ വിമർശനം കാപട്യമെന്നാണ് ബി ജെ പി എം പി നിഷികാന്ത് ദുബൈ തിരിച്ചടിച്ചത്. ഇന്ദിര ഗാന്ധി സവർക്കർ ട്രസ്റ്റിന് പണം നൽകിയിട്ടുണ്ടെന്നും ഇന്ദിര ഗാന്ധി വാർത്താവിതരണ മന്ത്രിയായിരുന്നപ്പോൾ സർക്കാർ സവർക്കറെ കുറിച്ച് ഡോക്യുമെന്‍ററി തയ്യാറാക്കിയിട്ടുണ്ടെന്നും നിഷികാന്ത് ദുബൈ ചൂണ്ടികാട്ടി. അതുകൊണ്ടുതന്നെ രാഹുൽ ഗാന്ധി മുത്തശിയോട് മാപ്പ് പറയണമെന്നും നിഷികാന്ത് ദുബൈ ആവശ്യപ്പെട്ടു. നേരത്തെ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനെതിരെ അനുരാഗ് താക്കൂറും രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധിക്ക് ഭരണഘടനയെ കുറിച്ച് ഒന്നുമറിയില്ലെന്നാണ് അനുരാഗ് താക്കൂർ പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം