കൊവിഡ് പ്രതിരോധത്തിൽ കേന്ദ്രത്തിന് പാളിയതെവിടെ? ധവളപത്രവുമായി രാഹുൽ
രാജ്യത്ത് ആഴ്ചകൾക്കുള്ളിൽ മൂന്നാം തരംഗം തുടങ്ങുമെന്ന് മുന്നറിയിപ്പിന് പിന്നാലെയാണ് കോൺഗ്രസ് ധവളപത്രം പുറത്തിറക്കിയത്. രണ്ടാം തരംഗം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടു. വാക്സിനേഷൻ നയം ഉൾപ്പടെ പാളിപ്പോയെന്നും രാഹുൽ കുറ്റപ്പെടുത്തി.
ദില്ലി: കേന്ദ്ര സർക്കാരിന്‍റെ കൊവിഡ് പ്രതിരോധത്തെ രൂക്ഷമായി വിമർശിച്ച് രാഹുൽഗാന്ധി. കൊവിഡിന്‍റെ മൂന്നാം തരംഗം തടയാനുള്ള നിർദേശങ്ങളടങ്ങിയ ധവളപത്രം രാഹുൽ പുറത്തിറക്കി. അതേസമയം ഇരുപത്തി നാല് മണിക്കൂറിനിടെ 86 ലക്ഷം പേർക്ക് വാക്സീൻ നൽകിയതിന് മുന്നണി പോരാളികളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
രാജ്യത്ത് ആഴ്ചകൾക്കുള്ളിൽ മൂന്നാം തരംഗം തുടങ്ങുമെന്ന് മുന്നറിയിപ്പിന് പിന്നാലെയാണ് കോൺഗ്രസ് ധവളപത്രം പുറത്തിറക്കിയത്. രണ്ടാം തരംഗം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടു. വാക്സിനേഷൻ നയം ഉൾപ്പടെ പാളിപ്പോയെന്നും രാഹുൽ കുറ്റപ്പെടുത്തി. രണ്ടാം തരംഗത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്‍റെ ധവളപത്രം.
അതേസമയം കഴിഞ്ഞ ഒരു ദിവസത്തിനിടെ രാജ്യത്ത് നടന്നത് റെക്കോർഡ് വാക്സിനേഷനാണ്. 86,16,373 ഡോസ് വാക്സിനാണ് ഒരു ദിവസത്തിനിടെ നല്കിയത്. 43 ലക്ഷം ഡോസായിരുന്നു ഇത് വരെയുള്ള ഏറ്റവും കൂടിയ പ്രതിദിന വാക്സിനേഷൻ. നേട്ടത്തിൽ ആരോഗ്യ പ്രവർത്തകരേയും മുന്നണി പോരാളികളേയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
ഇതിനിടെ കൊവാക്സീന്‍റെ മൂന്നാംഘട്ട പരീക്ഷണത്തിന്‍റെ വിശാദംശങ്ങൾ ഭാരത് ബയോടെക് ഡിസിജിഐക്ക് കൈമാറി. കൊവാക്സീന്‍റെ അടിയന്തര അനുമതിക്കുള്ള അപേക്ഷ ലോകാരോഗ്യ സംഘടന നാളെ പ്രാഥമികമായി കേൾക്കാനിരിക്കെയാണ് ഭാരത് ബയോടെക്കിന്‍റെ നീക്കം.
ഇതിനിടെ 25 ശതമാനം വാക്സിനേഷൻ സ്വകാര്യമേഖലയ്ക്കു കൈമാറിയതിനെതിരെ ജോൺ ബ്രിട്ടാസ് എംപി സുപ്രീംകോടതിയെ സമീപിച്ചു. ധനികർക്ക് വാക്സീൻ പെട്ടെന്ന് ഉറപ്പാക്കാൻ മാത്രമേ ഇത് ഇടയാക്കൂ എന്ന് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർ രാംകുമാറിനൊപ്പം കേസിൽ കക്ഷി ചേരാൻ ജോൺ ബ്രിട്ടാസ് നല്കിയ അപേക്ഷയിൽ പറയുന്നു.