മോദിയുടെ മണ്ഡലത്തിൽ വമ്പൻ റാലി, വരാണസിയിൽ തലയിൽ വെള്ളമൊഴിച്ച് രാഹുലിൻ്റെ പ്രസംഗം; '400 സീറ്റ് ബിജെപി തോൽക്കും'
മോദിയുടെ മണ്ഡലത്തില്‍ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും ചേർന്ന് നടത്തിയ റാലിയിൽ വലിയ ആവേശമാണ് പ്രകടമാണ്
ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസിയിൽ തലയിൽ വെള്ളമൊഴിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസംഗം ശ്രദ്ധനേടി. പ്രസംഗത്തിനിടെയുള്ള രാഹുലിന്‍റെ അപ്രതീക്ഷിത പ്രവൃത്തിയെ കൈയ്യടികളോടെയാണ് അണികള്‍ സ്വീകരിച്ചത്. യുവാക്കള്‍ക്കുള്ള കോണ്‍ഗ്രസിന്‍റെ വാഗ്ദാനങ്ങളെ കുറിച്ച് പരാമർശിക്കുമ്പോയിരുന്നു സംഭവം.കൈയിലിരുന്ന കുപ്പിയിലെ വെള്ളം തലയില്‍ ഒഴിച്ച ശേഷം കടുത്ത ചൂടാണെന്നും രാഹുൽ കമന്‍റ് പറഞ്ഞു. അപ്പോഴും പ്രവർത്തകർ കയ്യടികളോടെ വരവേറ്റു.
ഉത്തർപ്രദേശിലെ വരാണസിയിൽ കോണ്‍ഗ്രസ് - സമാജ് വാദി പാർട്ടികൾ നടത്തിയ സംയുക്ത റാലി പ്രവർത്തകരെ ഇളക്കിമറിച്ചു. മോദിയുടെ മണ്ഡലത്തില്‍ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും ചേർന്ന് നടത്തിയ റാലിയിൽ വലിയ ആവേശമാണ് പ്രകടമാണ്. പൂനെയിലെ വാഹനാപകടമടക്കം പരാമർശിച്ചായിരുന്നു രാഹുല്‍ പ്രസംഗിച്ചത്. പാവപ്പെട്ടവരുടെ വാഹനം അപകടത്തില്‍പ്പെട്ട് ആരെങ്കിലും മരിച്ചാല്‍ കഠിനമായ ശിക്ഷ, പണക്കാരന്‍റെ മക്കള്‍ ആണ് പ്രതിസ്ഥാനത്ത് എങ്കില്‍ അവർക്കെതിരെ നടപടിയില്ല എന്ന അവസ്ഥയാണ് രാജ്യത്തെന്നും രാഹുൽ വിമർശിച്ചു.
ബനാറസിലെ സാരി വില്‍പ്പനക്കാർക്കും പാൻ വില്‍പ്പനക്കാർക്കും മുകളില്‍ സർക്കാർ ജി എസ് ടി അടിച്ചേല്‍പ്പിച്ചു. മോദിയും ബി ജെ പി നേതാക്കളും അംബേദ്ക്കറിന്‍റെ ഭരണഘടന ഇല്ലാതാക്കുമെന്ന് പറയുന്നു. ഭരണഘടന ഇല്ലാതാക്കാൻ ഒരാളും ജനിച്ചിട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മോദി വീണ്ടും പ്രധാനമന്ത്രിയാകില്ലെന്നും രാഹുല്‍ വാരണാസിയിലെ റാലിയിൽ പറഞ്ഞു. പോരാട്ടം അജയ് റായിയും മോദിയും തമ്മില്‍ മാത്രമാണെന്നും അജയ് റായിയും പ്രധാനമന്ത്രി സ്ഥാനാർത്ഥിയുമായിട്ടല്ല പോരാട്ടമെന്നും രാഹുല്‍ വിവരിച്ചു. ബനാറസിലെ സാധാരണക്കാരും ദളിത് പിന്നോക്ക വിഭാഗക്കാരും അതിസമ്പന്നരും തമ്മിലാണ് മത്സരമെന്നും രാഹുല്‍ഗാന്ധി കൂട്ടിച്ചേർത്തു.
ഒരു സീറ്റ് ഒഴികെ യു പിയിലെ എല്ലാ സീറ്റിലും ഇന്ത്യ സഖ്യം വിജയിക്കുമെന്ന് റാലിയിൽ പ്രസംഗിച്ച അഖിലേഷ് യാദവ് ആവർത്തിച്ചു. ഡബിള്‍ എഞ്ചിൻ സർക്കാരിന് അവസാനമായി. ഗംഗ നദി വൃത്തിയാക്കുമെന്ന് ബി ജെ പി വാഗ്ദാനം ചെയ്തു. എന്നാൽ ഗംഗ വൃത്തിയാക്കാനുള്ള ഫണ്ടാണ് കാലി ആയതെന്നും അദ്ദേഹം വിമർശിച്ചു. 400 സീറ്റ് കിട്ടുമെന്ന് പറയുന്ന ബി ജെ പി 400 സീറ്റിൽ തോല്‍ക്കുകയാണ് സംഭവിക്കാൻ പോകുന്നതെന്നും അഖിലേഷ് യാദവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം