നാടകീയ രംഗങ്ങൾ; രാഹുൽ ഗാന്ധി മോശമായി പെരുമാറിയെന്ന് വനിത എംപി, അപമാനിക്കാനുള്ള നീക്കമെന്ന് പ്രിയങ്ക

രാഹുൽ അകാരണമായി തട്ടിക്കയറിയെന്നാണ് ഫാംഗ് നോൻ കൊന്യാക് പറഞ്ഞത്

Rahul Gandhi misbehaved allegation by women mp ambedkar remarks parliament dramatic scenes

ദില്ലി: ആഭ്യന്തരമന്ത്രി അമിത് ഷാ ബിആർ അംബേദ്ക്കറെ അപമാനിച്ചതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ലോക്സഭയിൽ നാടകീയ രംഗങ്ങൾ. സമ്മേളനം ഇന്ന് അവസാനിപ്പിക്കാനായില്ല. ലോക്സഭ നാളെ വരേയ്ക്ക് പിരിഞ്ഞു. അദ്ധ്യക്ഷ ഡയസിൽ കയറി കോൺഗ്രസ് പ്രതിഷേധിച്ചു. രാജ്യസഭയും ഇന്ന് ബഹള മയമായി. രാവിലത്തെ അക്രമസംഭവങ്ങളാണ് ഭരണപക്ഷം ഉയര്‍ത്തിയത്. രാഹുൽ ഗാന്ധി മോശമായി പെരുമാറിയെന്ന് വനിത എംപി രാജ്യസഭയിൽ പറഞ്ഞത് വൻ നാടകീയ സംഭവങ്ങൾക്ക് ഇടയാക്കി.

രാഹുൽ അകാരണമായി തട്ടിക്കയറിയെന്നാണ് ഫാംഗ് നോൻ കൊന്യാക് പറഞ്ഞത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമായിരുന്നു രാഹുലിന്‍റേതെന്നും ഫാംഗ് നോൻ കൊന്യാക് പറഞ്ഞു. നാഗാലൻഡിൽ നിന്നുള്ള വനിതാ എംപിയാണ് ഫാംഗ് നോൻ കൊന്യാക്. ഒരു എംപിയും ഇങ്ങനെ പെരുമാറരുതെന്നും കൊന്യാക് കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഗുണ്ടയെ പോലെ പെരുമാറിയെന്നും എംപിമാരെ കൈയേറ്റം ചെയ്തുവെന്നും മന്ത്രി കിരൺ റിജിജു ആരോപിച്ചു.

രാജ്യസഭ എംപിമാർക്ക് നേരെയുള്ള ആക്രമണം പരിശോധിക്കാമെന്ന് ജഗദീപ് ധൻകർ ഉറപ്പ് നല്‍കി. ബിജെപിയുടെ വനിതാ എം പിയേയും രാഹുൽ കയ്യേറ്റം ചെയ്തുവെന്നാണ് ആരോപണം. വനിതാ എം പി കണ്ണീരോടെ കാര്യങ്ങൾ വിശദീകരിച്ചെന്ന് ധൻകർ പറഞ്ഞു. അതേസമയം, രാഹുൽ ഗാന്ധിയെ പ്രതിരോധിച്ച് പ്രിയങ്ക ഗാന്ധി എംപി രംഗത്ത് വന്നു. രാഹുൽ ഗാന്ധിയെ അപമാനിക്കാനുള്ള നീക്കമാണ് നടക്കുന്നത്.  ബിജെപി എംപിമാരാണ് രാഹുലിനെ കൈയേറ്റം ചെയ്തതതെന്ന് പ്രിയങ്ക പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം നാല് മണിക്ക് നടക്കും. എഐസിസി ആസ്ഥാനത്താണ് വാർത്താ സമ്മേളനം.

Latest Videos
Follow Us:
Download App:
  • android
  • ios