'പരാജയപ്പെട്ട ലോക്ക്ഡൌണ്‍' പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനം
കോണ്‍ഗ്രസ് സഖ്യമായ മഹാരാഷ്ട്രയും ദില്ലി സര്‍ക്കാരുമാണ് കൊവിഡ് വ്യാപനം ഇത്രയധികം വര്‍ധിക്കാന്‍ ഇടയായതെന്ന് വിമര്‍ശകര്‍. ലോക്ക്ഡൌണ്‍ ഏര്‍പ്പെടുത്തിയ സമയത്ത് രോഗവിമുക്തി ശതമാനം 7.10 ആയിരുന്നുവെന്നും ഇപ്പോഴത് 48.27 ശതമാനമാണെന്നും രാഹുലിനെ തിരുത്തി പ്രതികരണം
ദില്ലി: ലോക്ക്ഡൌണ്‍ പരാജയപ്പെട്ടുവെന്ന പരാമര്‍ശവുമായി രാഹുല്‍ ഗാന്ധി നടത്തിയ ട്വീറ്റിനെതിരെ രൂക്ഷ വിമര്‍ശനം. സ്പെയിന്‍, ജര്‍മ്മനി, ഇറ്റലി,യുകെ എന്നീ രാജ്യങ്ങളിലെ ലോക്ക്ഡൌണുമായി താരതമ്യം ചെയ്ത് ഇന്ത്യയിലെ ലോക്ക്ഡൌണ്‍ പരാജയമായിരുന്നുവെന്ന് പറഞ്ഞതാണ് വിമര്‍ശകരെ പ്രകോപ്പിച്ചത്. മറ്റ് രാജ്യങ്ങളില്‍ രോഗവ്യാപനം കുറഞ്ഞ ശേഷമാണ് ലോക്ക്ഡൌണ്‍ നീക്കിയതെന്നും ഇന്ത്യയില്‍ രോഗവ്യാപനം കൂടുതലായപ്പോഴാണ് ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ നീക്കുന്നതെന്നുമായിരുന്നു വിമര്‍ശനം.
വെള്ളിയാഴ്ചയായിരുന്നു രാഹുല്‍ വിമര്‍ശനം ഉള്‍പ്പെട്ടെ ട്വീറ്റ് ചെയ്തത്. രോഗവ്യാപനം കുറയ്ക്കാന്‍ ലോക്ക്ഡൌണ്‍ സഹായിച്ചില്ലെന്ന പ്രധാനമന്ത്രിയേയും ബിജെപി സര്‍ക്കാരിനേയും വിമര്‍ശിച്ചതോടെ ട്വിറ്ററില്‍ രൂക്ഷമായാണ് രാഹുലിനെതിരേയുള്ള പ്രതികരണം. കോണ്‍ഗ്രസ് സഖ്യമായ മഹാരാഷ്ട്രയും ദില്ലി സര്‍ക്കാരുമാണ് കൊവിഡ് വ്യാപനം ഇത്രയധികം വര്‍ധിക്കാന്‍ ഇടയായതെന്ന് വിമര്‍ശകര്‍ പറയുന്നു.
ഫെബ്രുവരിയില്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കണമെന്നായിരുന്നോ ആഗ്രഹമെന്നും ചിലര്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനോട് പ്രതികരിക്കുന്നുണ്ട്. ലോക്ക്ഡൌണ്‍ ഏര്‍പ്പെടുത്തിയ സമയത്ത് രോഗവിമുക്തി ശതമാനം 7.10 ആയിരുന്നുവെന്നും ഇപ്പോഴത് 48.27 ശതമാനമാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. കോണ്‍ഗ്രസ് അടിമകള്‍ക്ക് ഇത് മനസിലാവില്ലെന്നും വിമര്‍ശകര്‍ രാഹുലിനെ തിരുത്തുന്നു.
പരാജയപ്പെട്ട പ്രധാനമന്ത്രിയും പരാജയപ്പെട്ട് ദില്ലി മുഖ്യമന്ത്രിയും കൂടിയാണ് ലോക്ക്ഡൌണ്‍ പരാജയമായതിന് പിന്നിലെന്ന് പ്രതികരിക്കുന്നവരുമുണ്ട്. കഴിഞ്ഞ ആഴ്ച പ്രമുഖ വ്യവസായി രാജീവ് ബജാജുമായി ലോക്ക്ഡൌണ്‍ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ എങ്ങനെ ബാധിച്ചുവെന്ന് രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയിരുന്നു. ഇത്തരം അടച്ചു പൂട്ടൽ ലോകത്ത് എവിടെയും കണ്ടിട്ടില്ലെന്നായിരുന്നു രാജീവ് ബജാജ് വിശദമാക്കിയത്.
കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ പടിഞ്ഞാറൻ രാജ്യങ്ങളെ ( യൂറോപ്പ്, അമേരിക്ക) മാതൃകയാക്കാനാണ് ഇന്ത്യ ശ്രമിച്ചത്. എന്നാൽ ലോകത്ത് ഏറ്റവും നന്നായി കൊവിഡിനെ പ്രതിരോധിച്ചത് ചില കിഴക്കനേഷ്യൻ രാജ്യങ്ങളാണ് എന്ന കാര്യം മറക്കരുത്. ഒരു ഏഷ്യൻ രാജ്യമെന്ന നിലയിൽ കിഴക്കനേഷ്യയിലെ പല രാജ്യങ്ങളും എങ്ങനെ കൊവിഡിനെ പ്രതിരോധിച്ചു എന്നത് നാം പഠിക്കേണ്ടതുണ്ട്. എല്ലാ കാര്യത്തിനും യൂറോപ്പിനേയും അമേരിക്കയേയും മാതൃകയാക്കുന്നത് ഒരു നല്ല ശീലമല്ലെന്നും രാജീവ് ബജാജ് വിലയിരുത്തിയിരുന്നു.