സഭയില്‍ 'അദാനി- സോറോസ്' പോര് ; പുറത്ത് രാജ്നാഥ് സിങ്ങിന് റോസാപ്പൂവും ത്രിവര്‍ണ പതാകയും നല്‍കി രാഹുല്‍ ഗാന്ധി
നവംബര്‍ 20 ന് ലോക്സഭാ സെഷന്‍ ആരംഭിച്ചതു മുതല്‍ അദാനി വിഷയമാണ് കോണ്‍ഗ്രസ് നിരന്തരം ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും ജോര്‍ജ് സോറോസുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ബി ജെ പി പ്രതിരോധം തീര്‍ക്കുന്നത്.
ദില്ലി: കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് റോസാപ്പൂവും ത്രിവര്‍ണ പതാകയും നല്‍കി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്നാഥ് സിങ് കാറില്‍ നിന്നിറങ്ങി ലോക്സഭയിലേക്ക് കയറി വരുമ്പോഴാണ് പ്രതിഷേധ സൂചകമായി റോസാപ്പൂവും ത്രിവര്‍ണ പതാകയും നല്‍കിയത്. രാഹുല്‍ ഗാന്ധിക്കൊപ്പം മറ്റു പ്രതിപക്ഷ അംഗങ്ങളും ഒപ്പമുണ്ടായിരുന്നു.
നവംബര്‍ 20 ന് ലോക്സഭാ സെഷന്‍ ആരംഭിച്ചതു മുതല്‍ അദാനി വിഷയമാണ് കോണ്‍ഗ്രസ് നിരന്തരം ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും ജോര്‍ജ് സോറോസുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ബി ജെ പി പ്രതിരോധം തീര്‍ക്കുന്നത്.
അതേ സമയം രാജ്യസഭാ ചെയര്‍മാര്‍ ജഗ്ദീപ് ധൻകറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷ പാർട്ടികൾ ചർച്ചകൾ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇക്കാര്യത്തിൽ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം സമവായത്തിൽ എത്തിയിട്ടില്ലെങ്കിലും ഇതിനുള്ള ചര്‍ച്ചകൾ പുരോഗമിക്കുകയാണെന്നാണ് വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. തൃണമൂല്‍ കോൺഗ്രസ്, സമാജ് വാദി പാര്‍ട്ടി, ആംആദ്നി പാര്‍ട്ടി എംപിമാരുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് ധന്‍കറിനെതിരെ അവിശ്വാസ പ്രമേയനീക്കം തുടങ്ങിയിരിക്കുന്നത്. രാജ്യസഭയിൽ പക്ഷപാതപരമായി ചട്ടങ്ങൾ ലംഘിച്ച് ഇടപെടുന്നു എന്ന് പലപ്പോഴായി പ്രതിപക്ഷം ആരോപിച്ചിരുന്നു.
അനാവശ്യ ചര്‍ച്ചക്ക് അവസരമൊരുക്കി ജനാധിപത്യത്തെ കശാപ്പ് ചെയ്യാനാണ് ജഗദീപ് ധന്‍കര്‍ ശ്രമിക്കുന്നതെന്ന് ഇന്നും സഭയിൽ പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. അദാനി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്നും പ്രതിപക്ഷം സഭയിൽ ആരോപിച്ചു. സത്യപ്രതിജ്ഞ ഓര്‍മ്മപ്പെടുത്തി പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ ധന്‍കറും തട്ടിക്കയറിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം