Asianet News MalayalamAsianet News Malayalam

'ഇന്ത്യയെന്ന ആശയത്തിൻ്റെ സംരക്ഷകൻ', ആ നീണ്ട ചർച്ചകൾ എനിക്ക് നഷ്ടമാകും; വേദന പങ്കുവച്ച് രാഹുൽ ഗാന്ധി

1978 ല്‍ എസ് എഫ് ഐയുടെ ദേശീയ ജോയിന്‍റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1986 ല്‍ എസ് എഫ് ഐ ദേശീയ പ്രസിഡന്‍റായി. 1984 ല്‍ 32 -ാം വയസ്സിലാണ് സി പി എം കേന്ദ്രക്കമ്മിറ്റി അംഗമായത്.

Rahul Gandhi deeply condolence CPM General Secretary Sitaram Yechury passes away latets news
Author
First Published Sep 12, 2024, 4:37 PM IST | Last Updated Sep 12, 2024, 4:37 PM IST

ദില്ലി: സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അപ്രതീക്ഷിത വിയോഗത്തിൽ വേദന പങ്കുവച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. നമ്മുടെ രാജ്യത്തെ കുറിച്ച് ആഴത്തിലുള്ള ധാരണയുള്ള, ഇന്ത്യ എന്ന ആശയത്തിൻ്റെ സംരക്ഷകനായിരുന്നു യെച്ചൂരിയെന്നാണ് രാഹുൽ ഗാന്ധി എക്സിൽ പങ്കുവച്ച കുറിപ്പിലൂടെ വിവരിച്ചത്. ഞങ്ങൾ നടത്തിയിരുന്ന നീണ്ട ചർച്ചകൾ ഇനി തനിക്ക് നഷ്ടമാകുമെന്ന് രാഹുൽ പറഞ്ഞു. ദുഃഖത്തിൻ്റെ ഈ വേളയിൽ അദ്ദേഹത്തിൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുയായികൾക്കും ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നുവെന്നും കോൺഗ്രസ് നേതാവ് വ്യക്തമാക്കി.

ശ്വാസകോശ അണുബാധയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചത്. കഴിഞ്ഞ മാസം 19 നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. നില വഷളായതോടെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി സ്വദേശിയായ സീതാറം യെച്ചൂരി 1952 ഓഗസ്റ്റ് 12-ന് മദ്രാസിലാണ് ജനിച്ചത്. സര്‍വേശ്വര സോമയാജി യെച്ചൂരിയുടെയും ഭാര്യ കൽപികയുടെയും മകനായിരുന്നു. ദില്ലി സെന്‍റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ യെച്ചൂരി, ജെ എന്‍ യുവില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. ജെ എന്‍ യുവില്‍ വച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആകൃഷ്ടനായി. 1974 ല്‍ എസ് എഫ് ഐയില്‍ അംഗമായി. മൂന്നുവട്ടം ജെ എന്‍ യു സര്‍വകലാശാല യൂണിയന്‍ പ്രസിഡന്‍റായി. ജെഎന്‍യുവില്‍ പിഎച്ച്ഡിക്ക് ചേര്‍ന്നെങ്കിലും അടിയന്തരാവസ്ഥക്കാലത്തെ ഒളിവുജീവിതം മൂലം പൂര്‍ത്തിയാക്കാനായില്ല.

അടിയന്തിരാവസ്ഥ കാലത്ത് 1975 ല്‍ അദ്ദേഹം അറസ്റ്റിലായി. 1978 ല്‍ എസ് എഫ് ഐയുടെ ദേശീയ ജോയിന്‍റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1986 ല്‍ എസ് എഫ് ഐ ദേശീയ പ്രസിഡന്‍റായി. 1984 ല്‍ 32 -ാം വയസ്സിലാണ് സി പി എം കേന്ദ്രക്കമ്മിറ്റി അംഗമായത്. 1988 ല്‍ തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗമായി. 1992 ല്‍ മദ്രാസില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പൊളിറ്റ് ബ്യൂറോ അംഗമായി. പിന്നീട് 2015 ല്‍ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രകാശ് കാരാട്ടില്‍ നിന്ന് സി പി എം ദേശീയ ജനറല്‍ സെക്രട്ടറി പദവി യെച്ചൂരി ഏറ്റെടുത്തു. 2018 ല്‍ ഹൈദരാബാദിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ വീണ്ടും സി പി എം ദേശീയ അധ്യക്ഷനായി. 2022 ല്‍ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ മൂന്നാം വട്ടവും പാര്‍ട്ടി ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.

കേന്ദ്ര കമ്മിറ്റി ഓഫീസിൽ പാർട്ടി പതാക താഴ്ത്തിക്കെട്ടി നേതാക്കൾ; യെച്ചൂരിയുടെ മൃതദേഹം എയിംസിന് വിട്ടു നൽകും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios