'പാർട്ടിയിൽ അന്തിമ അധികാരം അധ്യക്ഷന്, തന്റെ റോൾ അധ്യക്ഷൻ തീരുമാനിക്കും'; വിജയിയെ അനുമോദിച്ച് രാഹുൽ
കോൺഗ്രസിന്റെ പുതിയ തീരുമാനങ്ങൾ പുതിയ അധ്യക്ഷന്റേതായിരിക്കും. അതിൽ തന്റെ അഭിപ്രായങ്ങൾ ഉണ്ടാകില്ല - രാഹുൽ ഗാന്ധി
ബെംഗളൂരു: കോൺഗ്രസ് പാർട്ടിയിൽ അന്തിമാധികാരം അധ്യക്ഷനായിരിക്കുമെന്ന് രാഹുൽ ഗാന്ധി. തന്റെ നിർദേശങ്ങൾ പുതിയ അധ്യക്ഷന് ആവശ്യമില്ലെന്നും രാഹുൽ വ്യക്തമാക്കി. കോൺഗ്രസിന്റെ പുതിയ തീരുമാനങ്ങൾ പുതിയ അധ്യക്ഷന്റേതായിരിക്കും. അതിൽ തന്റെ അഭിപ്രായങ്ങൾ ഉണ്ടാകില്ല. തന്റെ പ്രവർത്തന മണ്ഡലം പുതിയ അധ്യക്ഷൻ തീരുമാനിക്കുമെന്നും രാഹുൽ പറഞ്ഞു. ഖർഗേയും തരൂരും മിടുക്കരാണ്. കോൺഗ്രസിനെ മുന്നോട്ട് കൊണ്ടുപോകാൻ അർഹതയും കഴിവും ഉള്ളവരാണ് ഇരുവരുമെന്നും രാഹുൽ പറഞ്ഞു.
അഭിനന്ദിച്ച് നേതാക്കൾ
ശശി തരൂരിന് കിട്ടിയ വോട്ടുകൾ പാർട്ടിയിലെ നവീകരണത്തിന്റെ സൂചനയെന്ന് കാർത്തി ചിദംബരം പ്രതികരിച്ചു. ഉദയ‍്‍പൂർ പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യമാകും. ഖർഗെക്ക് അഭിനന്ദനങ്ങളെന്നും കാർത്തി വ്യക്തമാക്കി. ഖർഗേയുടെ നേത്യത്വത്തിൽ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വിജയം നേടുമെന്ന് സച്ചിൻ പൈലറ്റ് പ്രതികരിച്ചു.കോൺഗ്രസ് പാർട്ടിയുടെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മല്ലികാർജുൻ ഖർഗെയെ ഹൃദയപൂർവം അഭിനന്ദിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പ്രവർത്തകരുടെ പ്രതീക്ഷയ്ക്കൊത്ത് അദ്ദേഹത്തിന് പ്രവർത്തിക്കാനാകട്ടെ എന്നും സതീശൻ ആശംസിച്ചു. ശശി തരൂർ കോൺഗ്രസിലെ ജനാധിപത്യ മൂല്യത്തെ തുറന്നു കാട്ടിയെന്നും വി.ഡി.സതീശൻ പ്രതികരിച്ചു. ഖർഗേയെ അഭിനന്ദിക്കുന്നതായും, അതേസമയം ശശി തരൂരിന്റെ വോട്ട് ശതമാനം പ്രാധാന്യമുള്ളതാണ് എന്ന് എം.കെ.രാഘവൻ എംപി പ്രതികരിച്ചു. ശശി തരൂർ ഉയർത്തിയ വിഷയങ്ങൾ ഹൈക്കമാൻഡ് പരിഗണിക്കും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് ഒരു വലിയ ആൽമരമാണ്. ഈ ആൽമരച്ചുവട്ടിൽ എല്ലാവർക്കും സ്ഥാനമുണ്ട്. ഭാവി കോൺഗ്രസ് രാഷ്ട്രീയത്തിൽ ശശി തരൂരിന് ഈ ആൽമരച്ചുവട്ടിൽ പ്രധാനപ്പെട്ട ഒരു ഇടം ഉണ്ടാകണമെന്ന സാധാരണ കോൺഗ്രസുകാരന്റെ ആവശ്യം നേതൃത്വം തള്ളുകയില്ല എന്ന് വിശ്വസിക്കുന്നുവെന്ന് മുൻ എംഎൽഎ കെ.എസ്.ശബരീനാഥൻ പ്രതികരിച്ചു. കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഖർഗേക്ക് അഭിനന്ദനങ്ങൾ നേരുന്നതായും അദ്ദേഹം അറിയിച്ചു. അചഞ്ചലമായ കോൺഗ്രസ് വികാരത്തിലൂടെയും പരിചയസമ്പത്തിലൂടെയും കോൺഗ്രസിനെ നയിക്കാൻ അദ്ദേഹത്തിന് കഴിയും എന്ന് വിശ്വസിക്കുന്നുവെന്നും ശബരീനാഥൻ പ്രതികരിച്ചു. കോൺഗ്രസിൽ ജനാധിപത്യം ഉണ്ടെന്ന് തെളിയിക്കപ്പെട്ടതായി ഷമ മുഹമ്മദ് പ്രതികരിച്ചു.
മിന്നും ജയം നേടി ഖർഗേ, മാറ്റ് തെളിയിച്ച് ശശി തരൂർ; കോൺഗ്രസിനെ ഇനി മല്ലികാർജുൻ ഖർഗേ നയിക്കും
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖർഗേക്ക് ജയം. 7897 വോട്ടുകൾ നേടിയാണ് ഖർഗേ ആധികാരിക ജയം സ്വന്തമാക്കിയത്. ശശി തരൂരിന് 1072 വോട്ടുകൾ ലഭിച്ചു. മികച്ച പ്രകടനം പുറത്തെടുത്ത തരൂർ, 12 ശതമാനം വോട്ടുകൾ നേടി. 89 ശതമാനം വോട്ടുകൾ മല്ലികാർജുൻ ഖർഗേ സ്വന്തമാക്കി. 9385 വോട്ടുകളാണ് ആകെ പോൾ ചെയ്തത്. 416 വോട്ടുകൾ അസാധുവായി.