രാഹുൽ ഗാന്ധിയുടെ കാറിന്റെ ചില്ല് തകര്‍ന്നു; കല്ല് കൊണ്ട് കുത്തിപ്പൊട്ടിച്ചതെന്ന ആരോപണം പിൻവലിച്ചു
വലിയ ജനക്കൂട്ടം സ്ഥലത്തുള്ളപ്പോഴാണ് സംഭവം. എന്നാല്‍ അപകടം നടക്കുന്ന സമയത്ത് രാഹുല്‍ഗാന്ധി ബസിലായിരുന്നു
പാറ്റ്‌ന: ഭാരത് ജോഡോ ന്യായ് യാത്രക്കിടെ രാഹുൽ ഗാന്ധിയുടെ കാറിന്റെ ചില്ല് തകര്‍ന്നു. ബിഹാറിൽ നിന്ന് പശ്ചിമ ബംഗാളിലെ മാൽഡയിലേക്ക് കടക്കാനിരിക്കെയാണ് സംഭവം. കാറിന്റെ പുറക് വശത്തെ ചില്ലാണ് തകര്‍ന്നത്. സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്നും കാറിന്റെ ചില്ല് കല്ല് കൊണ്ട് കുത്തിപ്പൊട്ടിച്ചതാണെന്നും ആരോപിച്ച് ആദ്യം കോൺഗ്രസ് നേതാവ് അധിര്‍ രഞ്ജൻ ചൗധരി രംഗത്ത് വന്നെങ്കിലും പിന്നീട് ആരോപണം പിൻവലിച്ചു. സുരക്ഷക്കായി കയർ കെട്ടിയതിനെ തുടര്‍ന്നാണ് കാറിന്റെ ചില്ല് പൊട്ടിയതെന്ന് വ്യക്തമായി. ഒരു സ്ത്രീ രാഹുലിനെ കാണാൻ എത്തിയപ്പോള്‍ കാർ പെട്ടന്ന് നിർത്തേണ്ടി വന്നുവെന്നും ഈ സമയത്താണ് ചില്ല് തകര്‍ന്നതെന്നുമാണ് വിശദീകരണം. വലിയ ജനക്കൂട്ടം സ്ഥലത്തുള്ളപ്പോഴാണ് സംഭവം. എന്നാല്‍ അപകടം നടക്കുന്ന സമയത്ത് രാഹുല്‍ഗാന്ധി ബസിലായിരുന്നു.