അദാനി വിഷയം ഉയര്‍ത്തി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനം കടുപ്പിച്ച് രാഹുൽ ഗാന്ധി; അന്വേഷിക്കാൻ വെല്ലുവിളി

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങള്‍ അദാനി ഏറ്റെടുത്ത വിഷയമാണ് ഒന്നര മിനിറ്റ് വീഡിയോയിലൂടെ രാഹുല്‍ ഗാന്ധി വിമർശിച്ചത്

Rahul Gandhi against PM Narendra Modi on Adani row

ദില്ലി: അദാനി വിഷയം ഉയര്‍ത്തി മോദിക്കെതിരെ രൂക്ഷ വിമർശനം തൊടുത്ത് വീണ്ടും രാഹുല്‍ഗാന്ധി. രാജ്യത്തെ വിമാനത്താവളങ്ങള്‍ അദാനിക്ക് കൈമാറാൻ എത്ര ടെംപോ വേണ്ടിവന്നുവെന്ന് രാഹുല്‍ ചോദിച്ചു. ലഖ്‌നൗ വിമാനത്താവളത്തില്‍ ചിത്രീകരിച്ച വീഡിയോയിലൂടെയായിരുന്നു രാഹുലിന്‍റെ വിമർശനം.

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങള്‍ അദാനി ഏറ്റെടുത്ത വിഷയമാണ് ഒന്നര മിനിറ്റ് വീഡിയോയിലൂടെ രാഹുല്‍ ഗാന്ധി വിമർശന വിധേയമാക്കുന്നത്. ടെംപോയിലൂടെ പണം കടത്തുന്നുവെന്ന പരാമർശം മോദിക്കെതിരെ തന്നെ തിരിച്ച് രാഹുല്‍ വിമാനത്താവളങ്ങള്‍ കൈമാറുന്നതിന് എത്ര ടെംപോയിലൂടെ പണം കിട്ടിയെന്ന് മോദിയോട് ചോദിക്കുന്നു. രാഹുലിപ്പോള്‍ അദാനിയേയും അംബാനിയേയും കുറിച്ച് പറയാത്തത് ടെംപോയില്‍ പണം കിട്ടിയത് കൊണ്ടെന്ന പരാമർശമാണ് മോദിക്കെതിരെ രാഹുലിന്‍റെ വിമ‌ർശനത്തിന് പിന്നില്‍. 

ചരണ്‍ സിങിന്‍റെ പേരിലുള്ള യുപിയിലെ ലഖ്‌നൗ വിമാനത്താവളത്തിലൂടെ നടന്ന് കൊണ്ടായിരുന്നു ഉദാഹരണങ്ങള്‍ നിരത്തിയുള്ള ഈ വിമർശന വീഡിയോ ചിത്രീകരിച്ചത്. ഇതോടെ രാഹുൽ ഗാന്ധിയും നരേന്ദ്ര മോദിയും തമ്മിലുള്ള അദാനി-അംബാനി വാക്പോര് പുതിയ തലത്തിലേക്ക് കടക്കുകയാണ്. മോദിയുടെ അതിസമ്പന്നരായ സുഹൃത്തുക്കളാണ് അദാനിയും അംബാനിയുമെന്ന വിമർശനം വോട്ടർമാർക്കിടയില്‍ സ്വാധീനം ചെലുത്തുന്നുവെന്ന വിലയിരുത്തലുകള്‍ക്കിടെ , മോദി തന്നെ രാഹുലിനെതിരെ വിമര്‍ശനം ഉന്നയിച്ചത് ഞെട്ടിച്ചിരുന്നു.

അദാനിയും അംബാനിയും തങ്ങള്‍ക്ക് പണം നല്‍കിയെങ്കില്‍ അടിയന്തരമായി അന്വേഷണ ഏജൻസികളെ വിട്ട് അവർക്കെതിരെ അന്വേഷണം നടത്തൂവെന്ന വെല്ലുവിളിയും വീണ്ടും രാഹുല്‍ ഗാന്ധി നടത്തുന്നുണ്ട്. രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങള്‍ക്ക് മോദിയുടെ മറുപടി എന്തായിരിക്കും എന്നതിലാണ് ഇനിയുള്ള ആകാംഷ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios