ഇൻസ്റ്റയിൽ 7 ലക്ഷം ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ വാടക വീട്ടിൽ ജീവനൊടുക്കിയ നിലയിൽ
ജമ്മു കശ്മീരുകാരിയായ സിമ്രാനെ ആരാധകർ 'ജമ്മു കി ധഡ്കൻ' (ജമ്മുവിന്‍റെ ഹൃദയമിടിപ്പ്) എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്.
ദില്ലി: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ആർജെയുമായ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഇൻസ്റ്റാഗ്രാമിൽ ഏഴ് ലക്ഷത്തോളം ഫോളോവേഴ്‌സുള്ള ആർജെ സിമ്രാൻ എന്നറിയപ്പെടുന്ന സിമ്രാൻ സിങ് ആണ് ആത്മഹത്യ ചെയ്തത്. ജമ്മു കശ്മീർ സ്വദേശിയായ സിമ്രാനെ ഗുരുഗ്രാം സെക്ടർ 47-ലെ വാടകയ്ക്ക് എടുത്ത അപ്പാർട്ട്മെന്‍റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 25 വയസായിരുന്നു.
ഇൻസ്റ്റാഗ്രാമിൽ ഏഴ് ലക്ഷത്തോളം ഫോളോവേഴ്‌സുള്ള സിമ്രാൻ ഫ്രീലാൻസ് റേഡിയോ ജോക്കിയായും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായും ഏറെ ശ്രദ്ധ നേടിയിരുന്നു. ജമ്മു കശ്മീരുകാരിയായ സിമ്രാനെ ആരാധകർ 'ജമ്മു കി ധഡ്കൻ' (ജമ്മുവിന്‍റെ ഹൃദയമിടിപ്പ്) എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ഡിസംബർ 13 നാണ് സിമ്രാൻ ഇൻസ്റ്റഗ്രാമിൽ അവസാനമായി പോസ്റ്റിട്ടത്.
സംഭവ ദിവസം ഏറെ നേരം വിളിച്ചിട്ടും സിമ്രാൻ റൂമിന്‍റെ വാതിൽ തുറക്കാത്തത് കണ്ട് കൂടെ താമസിച്ചിരുന്ന സുഹൃത്ത് പൊലീസിൽ വിവരം അറിയിക്കുകായിരുന്നു. പൊലീസെത്തി വാതിൽ തുറന്നപ്പോഴാണ് യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
സിമ്രാൻ കുറച്ചു നാളായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. പൊലീസ് പരിശോധനയിൽ ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. സിമ്രാന്‍റെ മരണത്തിൽ കുടുംബം പരാതി നൽകിയിട്ടില്ലെന്നും ദുരൂഹതകളില്ലെന്നും പൊലീസ് അറിയിച്ചു. യുവതിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായി പൊലീസ് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)