മാസ്‌ക്, ഹോം ക്വാറന്‍റീന്‍ ലംഘനം; പിഴ കുത്തനെ ഉയര്‍ത്തി പഞ്ചാബ്
പൊതുസ്ഥലത്ത് തുപ്പിയാല്‍ 100 രൂപയും മാസ്‌ക് ധരിക്കാതിരുന്നാല്‍ 200 രൂപയും ക്വാറന്‍റൈന്‍ ലംഘനത്തിന് 500 രൂപയുമായിരുന്നു നേരത്തെ പിഴതുക.
ചണ്ഡീഗഢ്: കൊവിഡ് 19 നിയന്ത്രണവിധേയമാക്കാന്‍ കൂടുതല്‍ നടപടികളുമായി പഞ്ചാബ്. പൊതുസ്ഥലത്ത് തുപ്പുന്നതിനും മാസ്‌ക് ധരിക്കാത്തതിനും ഹോം ക്വാറന്‍റീന്‍ ലംഘനത്തിനുമുള്ള പിഴകള്‍ കുത്തനെ ഉയര്‍ത്തി. മാസ്‌ക് ധരിക്കാത്തവരും പൊതുസ്ഥലത്ത് തുപ്പുന്നവരും ഇനിമുതല്‍ 500 രൂപ പിഴ ഒടുക്കണം. ഹോം ക്വാറന്‍റീന്‍ ലംഘിച്ചാല്‍ 2,000 രൂപയാണ് ഫൈന്‍.
പൊതുസ്ഥലത്ത് തുപ്പിയാല്‍ 100 രൂപയും മാസ്‌ക് ധരിക്കാതിരുന്നാല്‍ 200 രൂപയും ക്വാറന്‍റൈന്‍ ലംഘനത്തിന് 500 രൂപയുമായിരുന്നു നേരത്തെ പിഴതുക.
കൊറോണ വൈറസില്‍ നിന്ന് പഞ്ചാബിനെ കൂടുതല്‍ സുരക്ഷിതമാക്കാനാണ് പിഴ ഉയര്‍ത്തിയത് എന്നാണ് ആരോഗ്യമന്ത്രി ബല്‍ബീര്‍ സിംഗ് സിദ്ധുവിന്‍റെ പ്രതികരണം. കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ തീവ്ര പരിശ്രമങ്ങളിലാണ് സര്‍ക്കാര്‍ എന്നും അദേഹം വ്യക്തമാക്കി. പഞ്ചാബില്‍ 2158 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്.
വ്യാപാരസ്ഥാപനങ്ങളിലും കടകളിലും സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ ഉടമകള്‍ 2,000 രൂപ പിഴ ഒടുക്കാനും നിര്‍ദേശമുണ്ട്. സാമൂഹിക അകലം ലംഘിച്ചാല്‍ ബസുടമകള്‍ക്ക് 3,000 രൂപയും കാറിന് 2,000 രൂപയും ഓട്ടോറിക്ഷയ്‌ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും 500 രൂപ വീതവുമാണ് പിഴ.