പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം അമരീന്ദർ രാജിവച്ചു; മാറണമെന്ന് സോണിയ നേരിട്ടറിയിച്ചു, അപമാനിതനായെന്ന് ക്യാപ്റ്റൻ
ഭരണവിരുദ്ധ വികാരമുണ്ടെന്ന് എഐസിസി സർവ്വെയും അമരീന്ദറിനെതിരായി. എംഎൽഎമാരുടെ ഭീഷണിയാണ് ഇന്നലെ അർദ്ധരാത്രിയോടെ നേതൃമാറ്റം എന്നതിലേക്ക് എത്തിച്ചത്.
ദില്ലി: പഞ്ചാബ് രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിവെച്ചു. രാജിക്കത്ത് ഗവർണ്ണർക്ക് കൈമാറിയ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞത് ഔദ്യോഗികമായി അറിയിച്ചു. മുപ്പതിലേറെ എംഎൽഎമാർ ആംആദ്മി പാർട്ടിയിൽ ചേരുമെന്ന് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് കോൺഗ്രസ് ഹൈക്കമാൻഡും അമരീന്ദറിനെ കൈവിട്ടത്. ഭരണവിരുദ്ധ വികാരമുണ്ടെന്ന് എഐസിസി സർവ്വെയും അമരീന്ദറിന് തിരിച്ചടിയായി. കോൺഗ്രസ് പാർട്ടി തീരുമാനം സോണിയ ഗാന്ധി അമരീന്ദറിനെ നേരിട്ടറിയിച്ചതോടെ അദ്ദേഹം വൈകിട്ടോടെ രാജ്ഭവനിലെത്തി ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു.
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി സംസാരിച്ച ശേഷമാണ് രാജിവെക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. രാജി സന്നദ്ധത രാവിലെ തന്നെ സോണിയയെ അറിയിച്ചു. അപമാനിതനായാണ് പടി ഇറങ്ങുന്നതെന്ന് സോണിയ ഗാന്ധിയോട് പറഞ്ഞു. തുടരാൻ താൽപര്യമില്ലെന്നും സോണിയയെ അറിയിച്ചു. രണ്ട് തവണ നിയമസഭകക്ഷി യോഗം ചേർന്നിട്ടും അറിയിച്ചില്ല. മുതിർന്ന നേതാവായ തനിക്ക് എങ്ങനെ അപമാനം സഹിക്കാനാവുമെന്നും രാജിവേളയിൽ അദ്ദേഹം പറഞ്ഞു. ഭാവി തീരുമാനം സാഹചര്യങ്ങൾക്കനുസരിച്ചാകുമെന്നും അദ്ദേഹം വിശദീകരിച്ചു.
പാർട്ടിവിടുമെന്ന എംഎൽഎമാരുടെ ഭീഷണിയാണ് ഇന്നലെ അർദ്ധരാത്രിയോടെ നേതൃമാറ്റം എന്നതിലേക്ക് എത്തിച്ചത്. ഹൈക്കമാൻഡിന്റെ തീരുമാനത്തിൽ അമരീന്ദർ അതൃപ്തി പ്രകടിപ്പിച്ചതായാണ് വിവരം. എന്നാൽ പാർടി വിടരുതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് അടക്കം അമരീന്ദറിനോട് ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു. അമരീന്ദർ ഒഴിഞ്ഞതോടെ ഇപ്പോഴത്തെ ഡിസിസി അധ്യക്ഷൻ നവജ്യോത് സിദ്ദു പുതിയ പഞ്ചാബ് മുഖ്യമന്ത്രിയായേക്കുമെന്ന അഭ്യൂഹങ്ങളുയർന്നിരുന്നെങ്കിലും അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്നേക്കില്ലെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പഞ്ചാബിൽ ആകെ സ്വാധീനമുള്ള കോൺഗ്രസിന്റെ സംസ്ഥാനത്തെ ഏറ്റവും ജനകീയ മുഖമാണ് അമരീന്ദർ സിംഗിന്റേത്. നേരത്തെ ഓപ്പറേഷൻ ബ്ലൂസ്റ്റാർ സമയത്ത് ഇന്ദിരാഗാന്ധിയുടെ നിലപാടുകളെ പരസ്യമായി എതിർത്ത നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. പഞ്ചാബിൽ അത്രയേറെ സ്വാധീനമുള്ള ഒരു നേതാവ് അപമാനിതനായാണ് പടിയിറങ്ങുന്നതെന്ന് തുറന്ന് പറയുമ്പോൾ, ഇനി അദ്ദേഹം നടത്തുന്ന നീക്കങ്ങളാകും പ്രധാനമാകുക.
അമരീന്ദര്‍ സിംഗ് - സിദ്ദു പോരില്‍ നിര്‍ണ്ണായക വഴിത്തിരിവ്
കാലങ്ങളായുള്ള അമരീന്ദര്‍ സിംഗ് - സിദ്ദു പോരില്‍ നിര്‍ണ്ണായക വഴിത്തിരിവാണ് ക്യാപ്റ്റന്റെ രാജിയോടെയുണ്ടായത്. നാല്‍പത് എംഎല്‍എമാര്‍ അമരീന്ദര്‍സിംഗിനെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് കത്ത് നല്‍കി. നാല് മന്ത്രിമാരും അമരിന്ദറിൽ അവിശ്വാസം അറിയിച്ചു. വാഗ്ദാനങ്ങള്‍ പാലിക്കാത്ത മുഖ്യമന്ത്രിയുമായി മുന്‍പോട്ട് പോകാനാവില്ലെന്നും തമ്മിലടിയില്‍ മാത്രമാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയെന്നും ഇത്തരത്തിൽ മുന്നോട്ട് പോയാൽ അത് വരുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നും ഹൈക്കമാന്‍ഡിന് നല്‍കിയ കത്തില്‍ എംഎല്‍എമാര്‍ വ്യക്തമാക്കിയതോടെയാണ് 'ക്യാപ്റ്റൻ ഔട്ട് ' എന്നതിലേക്ക് എത്തിയത്.
എല്ലാ നീക്കത്തിന് പിന്നിലും നവജ്യോത് സിംഗ് സിദ്ദുവിന്‍റെ ഇടപെടലുമുണ്ട്. മുഖ്യമന്ത്രിയെ മാറ്റണമെന്ന ഭൂരിപക്ഷ ആവശ്യം ഉയര്‍ന്നതോടെയാണ് അമരീന്ദര്‍ സിഗിനോട് മാറി നില്‍ക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടത്.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ വലിയ തിരിച്ചടി കോണ്‍ഗ്രസിനുണ്ടാകുമെന്നാണ് അടുത്തിടെ പുറത്ത് വന്ന അഭിപ്രായ സര്‍വ്വേകളിലെയും മുന്നറിയിപ്പ്. അമരീന്ദര്‍ സിംഗിന്‍റെ നയങ്ങള്‍ക്കെതിരെ വലിയ ജനരോഷമുണ്ടെന്നും, ആംആദ്മി പാര്‍ട്ടിക്ക് മുന്നേറ്റമുണ്ടാകാന്‍ ഇത് സഹായകമാകുമെന്നും സര്‍വ്വേകള്‍ വ്യക്തമാക്കിയിരുന്നു. ഇത് കൂടി മുന്നില്‍ കണ്ടാണ് ഹൈക്കമാന്‍ഡ് ഇടപെടലുണ്ടായത്. സിദ്ദുവുമായുള്ള പോരിലെ ഒത്തുതീര്‍പ്പ് ഫോര്‍മുലകള്‍ ലംഘിച്ച് അമരീന്ദര്‍ സിംഗ് നടത്തിയ പരസ്യവിമര്‍ശനങ്ങളിലും പാര്‍ട്ടിക്ക് അതൃപ്തിയുണ്ട്. പഞ്ചാബ് മുന്‍ പിസിസി അധ്യക്ഷന്‍ സുനില്‍ ഝാക്കര്‍, അംബിക സോണി തുടങ്ങിയവരുടെ പേരുകള്‍ ക്യാപ്റ്റന് പകരം ഹൈക്കമാന്‍ഡിന്‍റെ പരിഗണനയിലുണ്ടെന്നാണ് വിവരം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona