ഏതൊരു അച്‌ഛന്‍റെയും നെഞ്ച് പിടയ്‌ക്കും ആ നിമിഷം; വൈറല്‍ ചിത്രത്തിന് പിന്നില്‍

മൊബൈല്‍ ഫോണില്‍ ആരോടോ സംസാരിച്ച് വിങ്ങിപ്പൊട്ടുന്ന അതിഥി തൊഴിലാളിയുടെ ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്

PTI photographer Atul Yadav recall story behind Viral Photo of man crying

ദില്ലി: ലോക്ക് ഡൗണ്‍ കാലത്തെ ഉള്ളുലയ്‌ക്കുന്ന ചിത്രങ്ങള്‍ ഏറുകയാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പലായനം ചെയ്യേണ്ടിവന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ കണ്ണുനിറയ്‌ക്കുന്ന നിരവധി ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. മൊബൈല്‍ ഫോണില്‍ ആരോടോ സംസാരിച്ച് വിങ്ങിപ്പൊട്ടുന്ന അതിഥി തൊഴിലാളിയുടെ ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ചിത്രം പ്രസിദ്ധീകരിച്ചത്. 

കാണുന്ന ആരുടെയും നെഞ്ച് പിടയ്‌ക്കുന്ന ചിത്രത്തിന് പിന്നിലെ കഥ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. പിടിഐയുടെ ഫോട്ടോഗ്രാഫറായ അതുല്‍ യാദവാണ് ദില്ലിയില്‍ നിന്ന് പകര്‍ത്തിയ ചിത്രത്തെ കുറിച്ച് ഉള്ളുതുറന്നത്. ദില്ലിയിലെ അതിഥി തൊഴിലാളിയായ രാംപുകാര്‍ പണ്ഡിറ്റാണ് ചിത്രത്തിലുള്ളത്. ദില്ലിയിലെ നിസാമുദ്ദീന്‍ പാലത്തിന് സമീപമിരുന്ന് ഫോണില്‍ സംസാരിക്കുകയായിരുന്നു രാംപുകാര്‍ പണ്ഡിറ്റ്. വിങ്ങിപ്പൊട്ടുന്ന രാംപുകാറിനെ കണ്ടപ്പോള്‍ അതുല്‍ യാദവിന് കണ്ണടയ്‌ക്കാനായില്ല. 

'നിരവധി അതിഥി തൊഴിലാളികളുടെ ചിത്രം പകര്‍ത്തുകയായിരുന്നു കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി ഞാന്‍. അതിനാല്‍ തന്നെ. മുതിര്‍ന്ന ഒരു മനുഷ്യന്‍ കരയുന്നതില്‍ അത്ഭുതപ്പെടും എന്ന് പ്രതീക്ഷിച്ചില്ല. എന്നാല്‍ അയാളുടെ കരച്ചില്‍ എന്‍റെ ഉള്ളുലച്ചു. എന്താണ് അയാളെ അലട്ടുന്നത് എന്ന് അറിയണമെന്ന് തോന്നി. അസുഖബാധിതനാണ് മകന്‍, ചിലപ്പോള്‍ മരിച്ചേക്കാം, എത്രയും പെട്ടെന്ന് വീട്ടില്‍ തിരിച്ചെത്തണം'- തൊണ്ടയിടറി ആ പിതാവ് പറഞ്ഞതായി അതുല്‍ യാദവ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

ബിഹാറിലെ ബെഗുസരായിയിലാണ് രാംപുകാര്‍ പണ്ഡിറ്റിന്‍റെ വീട്. നജഫ്‌നഗറില്‍ ജോലി ചെയ്യുന്ന അയാള്‍ക്ക് വീട്ടിലെത്താന്‍ 1200 കി.മീ യാത്ര ചെയ്യണം. എന്നാല്‍ നിസാമുദ്ദീന് സമീപത്തുവച്ച് അയാളെ പൊലീസ് തടഞ്ഞു. ഹൃദയം തകര്‍ന്ന അയാള്‍ മൂന്ന് ദിവസമായി അവിടെ അനുമതി കാത്തുനില്‍ക്കുകയാണ്. ഇതിനിടെയാണ് പിടിഐ ഫോട്ടോഗ്രാഫര്‍ അതുല്‍ യാദവ് ചിത്രം പകര്‍ത്തിയത്.  

മകനെ കാണാന്‍ പൊട്ടിക്കരഞ്ഞ രാംപുകര്‍ ഒടുവില്‍ നാട്ടിലെത്തി, പക്ഷേ...

Latest Videos
Follow Us:
Download App:
  • android
  • ios