ഉള്ളിക്ക് വിലയിടിഞ്ഞതിൽ പ്രതിഷേധം, മന്ത്രിക്ക് ഉള്ളിമാല അണിയിച്ച് കർഷകൻ, സമ്മതിച്ച് മന്ത്രി -വീഡിയോ

ഉള്ളിയുടെ 20 ശതമാനം കയറ്റുമതി തീരുവ എടുത്തുകളയണമെന്നും ഉൽപന്നത്തിന് ക്വിൻ്റലിന് 1000 രൂപ മുതൽ 1200 രൂപ വരെ സഹായം നൽകണമെന്നുമാണ് കർഷകർ ആവശ്യപ്പെടുന്നത്.

Protesting the falling price of onions, the farmer gave onion garland to minister

മുംബൈ: ഉള്ളിവില ഇടിവിൽ പ്രതിഷേധിച്ച് പൊതുജന മധ്യത്തിൽ മഹാരാഷ്ട്ര മന്ത്രിയെ ഉള്ളിമാല അണിയിച്ച് കർഷകൻ. തിങ്കളാഴ്ച രാത്രി ബഗ്ലാൻ താലൂക്കിൽ നടന്ന ഒരു പൊതു പരിപാടിക്കിടെയാണ് സംഭവം. മഹാരാഷ്ട്രയിലെ ഫിഷറീസ്, തുറമുഖ മന്ത്രി നിതേഷ് റാണെയെയാണ്  ഉള്ളിമാല അണിയിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. മന്ത്രി സംസാരിക്കുന്നതിനിടെ വേദിയിലേക്ക് കയറിയ കർഷകൻ ഉള്ളിയുടെ വിലയിടിവിൽ പ്രതിഷേധിച്ചാണ് മാലയിടുന്നതെന്ന് അറിയിച്ചു. മന്ത്രി മാലയിടാൻ സമ്മതിക്കുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകൾക്ക് ശേഷം വിട്ടയച്ചു.

സുരക്ഷാ ഉദ്യോഗസ്ഥൻ കർഷകനെ തടയാൻ ശ്രമിക്കുന്നതിനിടെ, മന്ത്രി മാലയിടാൻ അനുവദിച്ചു. മഹീന്ദ്ര ലാഹു സൂര്യവംശി എന്ന കർഷകനാണ് പ്രതിഷേധിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മന്ത്രിയെ ഹാരമണിയിച്ചതിന് ശേഷം കർഷകൻ ജനങ്ങളോട് മൈക്കിൽ സംസാരിക്കാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ഗാർഡുകൾ തള്ളിമാറ്റി. ഉള്ളിയുടെ വിലയിടിവിൽ രോഷാകുലരായ കർഷകർ വ്യാഴാഴ്ച മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ രാജ്യത്തെ ഏറ്റവും വലിയ മൊത്തവ്യാപാര വിപണിയായ ലസൽഗാവ് എപിഎംസിയിലെ ലേലം താൽക്കാലികമായി നിർത്തിവച്ചിരുന്നു.

ഉള്ളിയുടെ 20 ശതമാനം കയറ്റുമതി തീരുവ എടുത്തുകളയണമെന്നും ഉൽപന്നത്തിന് ക്വിൻ്റലിന് 1000 രൂപ മുതൽ 1200 രൂപ വരെ സഹായം നൽകണമെന്നുമാണ് കർഷകർ ആവശ്യപ്പെടുന്നത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും ഉള്ളി കയറ്റുമതിയുടെ 20 ശതമാനം ലെവി എടുത്തുകളഞ്ഞ് കർഷകർക്ക് ആശ്വാസം നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന് അയച്ച കത്തിലാണ് അദ്ദേഹം കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയത്. 

 

Latest Videos
Follow Us:
Download App:
  • android
  • ios