പിതാവ് നഷ്ടമായതിന് പിന്നാലെ 'സൈക്കിള്‍ ഗേള്‍' ജ്യോതികുമാരിയുടെ പഠനം ഏറ്റെടുത്ത് പ്രിയങ്ക ഗാന്ധി

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്  ജ്യോതികുമാരിയുടെ അച്ഛന്‍ മോഹന്‍ പാസ്വാന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. വിവരമറിഞ്ഞ പ്രിയങ്ക ജ്യോതികുമാരിയെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. പഠനത്തിന് ആവശ്യമായ എല്ലാ ചെലവുകള്‍ വഹിക്കുമെന്നും മറ്റ് ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്നും പ്രിയങ്ക ജ്യോതി കുമാരിക്ക് ഉറപ്പുനല്‍കി

Priyanka Gandhi takes responsibility of study expanse of jyoti kumari who famous in the name of cycle girl from bihar

സൈക്കിള്‍ ഗേള്‍ എന്ന നിലയില്‍ പ്രശസ്തി നേടിയ ബിഹാര്‍ സ്വദേശിനി ജ്യോതി കുമാരിയുടെ പഠനച്ചെലവ് ഏറ്റെടുത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കഴിഞ്ഞ മെയ് മാസത്തില്‍ ലോക്ക്ഡൌണില്‍ ഹരിയാനയില്‍ കുടുങ്ങിയ പിതാവിനെ തിരികെ നാട്ടിലെത്തിക്കാന്‍ 1200ല്‍ അധികം കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയെത്തിയ ജ്യോതി കുമാരി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്  ജ്യോതികുമാരിയുടെ അച്ഛന്‍ മോഹന്‍ പാസ്വാന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. വിവരമറിഞ്ഞ പ്രിയങ്ക ജ്യോതികുമാരിയെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു.

പഠനത്തിന് ആവശ്യമായ എല്ലാ ചെലവുകള്‍ വഹിക്കുമെന്നും മറ്റ് ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്നും പ്രിയങ്ക ജ്യോതി കുമാരിക്ക് ഉറപ്പുനല്‍കി. ദര്‍ഭംഗയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വമാണ് ജ്യോതികുമാരിയുടെ അവസ്ഥ പ്രിയങ്കയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായതിന് ശേഷം പ്രിയങ്കയെ കാണാനായി ജ്യോതി കുമാരിയെ ദില്ലിയിലേക്ക് കൊണ്ടുപോകുമെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. ലോക്ക്ഡൗണില്‍ രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍ നേരിട്ട പ്രയാസത്തിന്റെ മുഖമായിരുന്നു ജ്യോതികുമാരി.

മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്നാണ് പിതാവിനെയും കൊണ്ട് 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി ബിഹാറിലെ ദര്‍ഭംഗ ജില്ലയിലെ സ്വന്തം ഗ്രാമത്തിലെത്തിച്ചത്. ഗുരുഗ്രാമില്‍ ഇ-റിക്ഷാ ഡ്രൈവറായ മോഹന്‍ പാസ്വാന്‍ വാഹനാപകടത്തില്‍പ്പെട്ടതോടെയാണ് പ്രതിസന്ധിയിലായത്. പാസ്വാനും ജ്യോതിയും ഗുരുഗ്രാമിലും അംഗന്‍വാടി വര്‍ക്കറായ അമ്മയും നാല് സഹോദരങ്ങളും ബിഹാറിലെ ഗ്രാമത്തിലുമായിരുന്നു താമസം. ലോക്ക്ഡൗണ്‍ ആയതോടെ വരുമാനം പൂര്‍ണമായി നിലച്ചു. വാടക നല്‍കുകയോ അല്ലെങ്കില്‍ ഒഴിയുകയോ വേണമെന്ന് ഉടമ പറഞ്ഞതോടെ പാസ്വാന്‍ തീര്‍ത്തും ദുരിതത്തിലായി.

പണമില്ലാതായതോടെ മരുന്ന് മുടങ്ങുകയും ഭക്ഷണം ഒരു നേരമാക്കി വെട്ടിച്ചുരുക്കുകയും ചെയ്തു. ലോക്ക്ഡൗണ്‍ നീട്ടുകയും ചെയ്തതോടെ മോഹന്‍ പാസ്വാന് ഗുരുഗ്രാമില്‍ നില്‍ക്കാന്‍ മാര്‍ഗമില്ലാതായി. ഇതോടെയാണ് പിതാവിന്റെ കഷ്ടതകള്‍ മനസ്സിലാക്കിയാ 15കാരിയായ മകള്‍ സൈക്കിളില്‍ ഇറങ്ങിത്തിരിച്ചത്. പരിക്കേറ്റ പിതാവിനെയും പിന്നിലിരുത്തി സൈക്കിളിൽ ഏഴ് ദിവസം കൊണ്ടാണ് ജ്യോതി കുമാരി ഗുഡ്ഗാവിൽ നിന്ന് ബിഹാറിലെത്തിയത്. ജ്യോതി കുമാരിയുടെ പ്രവര്‍ത്തനം പ്രധാൻ മന്ത്രിയുടെ രാഷ്ട്ര ബാൽ പുരസ്‌കാരത്തിനും കാരണമായിരുന്നു.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios