'ഈ സ്നേഹം മറക്കാനാവില്ല', അസ്സമിലെ തോട്ടം തൊഴിലാളികൾക്കൊപ്പം തേയില നുളളി പ്രിയങ്ക ഗാന്ധി
പരമ്പരാഗതമായ രീതയിൽ കൊട്ട തലയിൽ കെട്ടിയാണ് പ്രിയങ്ക തേയില നുള്ളാൻ തൊഴിലാളികൾക്കൊപ്പം ചേർന്നത്...
ഗുവാഹത്തി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസ്സം സന്ദർശിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കർഷകരോടും മത്സ്യത്തൊഴിലാളികളോടും നേരിട്ട് സംവദിക്കുന്ന സഹോദരൻ രാഹുൽ ഗാന്ധിയുടെ പാതയാണ് അസ്സമിൽ പ്രിയങ്കയും പിന്തുടർന്നത്.
അസ്സമിലെ തേയിലത്തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളോട് സംസാരിച്ച പ്രിയങ്ക, അവർക്കൊപ്പം തേയില നുള്ളുകയും ചെയ്തു. പരമ്പരാഗതമായ രീതയിൽ കൊട്ട തലയിൽ കെട്ടിയാണ് പ്രിയങ്ക തേയില നുള്ളാൻ തൊഴിലാളികൾക്കൊപ്പം ചേർന്നത്.
തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികൾക്കൊപ്പം രാഹുൽ ഗാന്ധി കടലിൽ നീന്തിയത് വൈറലായതിന് പിന്നാലെയാണ് ഇത്. തൊഴിലാളികൾക്കിടയിലിരുന്ന് അവർ പറയുന്നത് കേൾക്കുന്ന പ്രിയങ്കയുടെ ചിത്രം കോൺഗ്രസ് ട്വിറ്ററിലൂടെ പുറത്തുവിട്ടു.
തൊഴിലാളികളിൽ നിന്ന് ലഭിച്ച സ്നേഹം ഒരിക്കലും മറക്കില്ലെന്ന് ഇതിനുശേഷം പ്രിയങ്ക പ്രതികരിച്ചു. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് പ്രിയങ്ക അസ്സമിലെത്തിയത്. ഗുവാഹത്തിയിലെ കാമാക്യ ക്ഷേത്രത്തിൽ ദർശനം നടത്തി തിങ്കളാഴ്ചയാണ് പ്രിയങ്ക സന്ദർശനം ആരംഭിച്ചത്.