തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കാതെ സുതാര്യമായ നയങ്ങൾ സ്വീകരിക്കണം; യുപി സർക്കാരിനെതിരെ പ്രിയങ്ക ഗാന്ധി
അത്തരം സാഹചര്യത്തിൽ തെറ്റായ അവകാശ വാദങ്ങൾ ഉന്നയിക്കുന്നതിന് പകരം സർക്കാർ സുതാര്യമായ നയങ്ങളാണ് സ്വീകരിക്കേണ്ടത്.
ദില്ലി: കോവിഡ് വ്യാപനം കൈകാര്യം ചെയ്ത സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിന് വീഴ്ച സംഭവിച്ചെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വധ്ര. കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ തെറ്റായ അവകാശ വാദങ്ങൾ ഉന്നയിക്കാതെ സുതാര്യമായ നയങ്ങൾ സ്വീകരിക്കണമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് നിരവധി അവകാശ വാദങ്ങളാണ് സർക്കാർ നടത്തുന്നത്. എന്നാൽ അവിടെ നിന്ന് രണ്ട് കിലോമീറ്റർ അകലെ അവരുടെ അവകാശവാദങ്ങൾ വെളിച്ചത്ത് വരുന്നുണ്ട്. പ്രിയങ്ക ഗാന്ധി ട്വീറ്റിൽ കുറിച്ചു. യുപിയിൽ കൊറോണ വൈറസ് വൻതോതിൽ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അത്തരം സാഹചര്യത്തിൽ തെറ്റായ അവകാശ വാദങ്ങൾ ഉന്നയിക്കുന്നതിന് പകരം സർക്കാർ സുതാര്യമായ നയങ്ങളാണ് സ്വീകരിക്കേണ്ടത്. സർക്കാരിന്റെ അവകാശ വാദങ്ങൾ പൊള്ളയാണെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. മാധ്യമ വാർത്തകളെ പരാമർശിച്ചാണ് പ്രിയങ്ക ഗാന്ധി സംസാരിച്ചത്.
കൊവിഡ് ബാധിതർക്കായി രണ്ട് ലക്ഷം കിടക്കകൾ തയ്യാറാക്കിയിട്ടുണ്ട് എന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. എന്നാൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ സജ്ജീകരണങ്ങളിലെ ക്രമക്കേട് പുറത്തു വരുന്നുണ്ട്. പ്രിയങ്ക ഗാന്ധി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.