'വിരമിക്കാൻ ഒരുമാസം', ബിഹാറിൽ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിന് കൊണ്ടുവന്ന മുട്ടകൾ മോഷ്ടിച്ച് പ്രിൻസിപ്പൽ
പട്നയിൽ നിന്ന് 48 കിലോമീറ്റർ അകലെയുള്ള സർക്കാർ സ്കൂളിൽ ഡിസംബർ 13നായിരുന്നു സംഭവം നടന്നത്. വീഡിയോ വൈറലായതിന് പിന്നാലെ വിശദീകരണം തേടി വിദ്യാഭ്യാസ വകുപ്പ്
പട്ന: ബിഹാർ സ്കൂൾ ഉച്ച ഭക്ഷണത്തിനായി കൊണ്ടുവന്ന മുട്ട മോഷ്ടിച്ച് പ്രിൻസിപ്പൽ. ബിഹാറിലെ വൈശാലി ജില്ലിയിലാണ് സംഭവം. ഉച്ച ഭക്ഷണത്തിനായുള്ള സാധനങ്ങൾ കൊണ്ടുവന്ന വാഹനത്തിൽ നിന്ന് വാഹനത്തിന്റെ ഡ്രൈവറെ ഉപയോഗിച്ചാണ് മുട്ടകൾ പ്രിൻസിപ്പൽ എടുക്കുന്നത്. വാഹനത്തിൽ നിന്നും മുട്ടകൾ എടുത്ത ശേഷം കവറിലാക്ക് പ്രിൻസിപ്പലിന് നൽകുകയായിരുന്നു. ഡിസംബർ 13നായിരുന്നു വിവാദമായ സംഭവം നടന്നത്. റിഖറിലെ മിഡിൽ സ്കൂളിൽ വച്ചാണ് സംഭവം. പട്നയിൽ നിന്ന് 48 കിലോമീറ്റർ അകലെയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
സർക്കാർ സ്കൂൾ പ്രിൻസിപ്പലായ സുരേഷ് സാഹ്നി എന്നയാളുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. സംഭവത്തിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പലിൽ നിന്ന് സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടതായാണ് ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ 24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
പ്രിൻസിപ്പിലിന്റെ വിശദീകരണം വന്ന ശേഷമാകും തുടർ നടപടികളെന്നാണ് വൈശാലി ജില്ലാ വിദ്യാഭ്യാസ ഓഫീസർ ബിരേന്ദ്ര നാരായൺ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. നേരത്തെയും പ്രിൻസിപ്പൽ സമാന പ്രവർത്തികൾ ചെയ്തിട്ടുണ്ടെന്നാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ആരോപിക്കുന്നത്.
ഉച്ച ഭക്ഷണത്തിന്റെ ഭാഗമായി വെള്ളിയാഴ്ചയാണ് പുഴുങ്ങിയ മുട്ട വിദ്യാർത്ഥികൾക്ക് നൽകുന്നത്. പോഷകാഹാര പദ്ധതിയുടെ ഭാഗമായാണ് ഇത്. നേരത്തെയും മെനുവിൽ വിശദമാക്കുന്ന എല്ലാ ഇനം ഭക്ഷണവും ലഭിക്കുന്നില്ലെന്ന് വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു. ജനുവരിയിൽ വിരമിക്കാനിരിക്കെയാണ് പ്രിൻസിപ്പൽ ഇത്തരമൊരു വിവാദത്തിൽ കുടുങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം