'തെറ്റുകൾ സംഭവിക്കാം...ദൈവമല്ല, ഞാനും മനുഷ്യനാണ്'; പോഡ്കാസ്റ്റിൽ അരങ്ങേറ്റം കുറിച്ച് പ്രധാനമന്ത്രി
രണ്ട് മണിക്കൂർ നീണ്ട പോഡ്‌കാസ്റ്റിൽ പ്രധാനമന്ത്രി തൻ്റെ കുട്ടിക്കാലം, വിദ്യാഭ്യാസം, രാഷ്ട്രീയ പ്രവേശനം, തിരിച്ചടികൾ തുടങ്ങി നിരവധി കാര്യങ്ങൾ പങ്കുവെയ്ക്കുന്നുണ്ട്.
ദില്ലി: പോഡ്‌കാസ്റ്റ് അരങ്ങേറ്റം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സെറോദ സഹസ്ഥാപകൻ നിഖിൽ കാമത്തുമായി നടത്തിയ പോഡ്കാസ്റ്റിലൂടെയാണ് പ്രധാനമന്ത്രി അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. പോഡ്കാസ്റ്റിന്റെ പൂർണരൂപം പുറത്തുവിടുന്നതിന് മുമ്പ് നിഖില്‍ കാമത്ത് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ പുറത്തിറക്കിയിട്ടുണ്ട്. വിവിധ വിഷയങ്ങളിൽ പ്രധാനമന്ത്രി പ്രതികരിക്കുന്നതാണ് ട്രെയിലറിലുള്ളത്.
തെറ്റുകൾ സംഭവിക്കാം, താൻ ദൈവമല്ല, മനുഷ്യനാണെന്ന് പോഡ്കാസ്റ്റിന് മുമ്പ് പുറത്തുവിട്ട ട്രെയിലറിൽ മോദി പറയുണ്ട്. തനിയ്ക്ക് ഹിന്ദിയിൽ വൈദഗ്ധ്യമില്ലെന്ന് പോഡ്‌കാസ്റ്റിൻ്റെ തുടക്കത്തിൽ തന്നെ നിഖിൽ കാമത്ത് പറഞ്ഞു. താനൊരു ദക്ഷിണേന്ത്യക്കാരനാണ്. കൂടുതലും ബെംഗളൂരുവിലാണ് വളർന്നത്. അതിനാൽ തന്റെ ഹിന്ദി നല്ലതല്ലെങ്കിൽ ക്ഷമിക്കണമെന്ന് നിഖിൽ കാമത്ത് പറഞ്ഞപ്പോൾ നമുക്ക് രണ്ട് പേർക്കും കൂടി ഇക്കാര്യം കൈകാര്യം ചെയ്യാമെന്നായിരുന്നു മോദിയുടെ മറുപടി. ആദ്യമായി പോഡ്കാസ്റ്റ് ചെയ്യുന്നതിനാൽ തനിയ്ക്കും കുറച്ച് പരിഭ്രാന്തി ഉണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
രണ്ട് മണിക്കൂർ നീണ്ട പോഡ്‌കാസ്റ്റിൽ പ്രധാനമന്ത്രി തൻ്റെ കുട്ടിക്കാലം, വിദ്യാഭ്യാസം, രാഷ്ട്രീയ പ്രവേശനം, തിരിച്ചടികൾ, സമ്മർദ്ദം കൈകാര്യം ചെയ്യൽ, നയതന്ത്രം തുടങ്ങിയ നിരവധി കാര്യങ്ങൾ പങ്കുവെച്ചു. ചെറുപ്പത്തിൽ താൻ എല്ലാ കുടുംബാംഗങ്ങളുടെയും വസ്ത്രങ്ങൾ കഴുകാറുണ്ടായിരുന്നുവെന്നും എന്നാൽ മാത്രമേ കുളത്തിൽ പോകാൻ അനുവാദം ലഭിക്കുമായിരുന്നുള്ളൂവെന്നും തുടങ്ങിയ രസകരമായ കാര്യങ്ങളും അദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്. പോഡ്‌കാസ്റ്റ് ട്രെയിലർ പ്രധാനമന്ത്രി തന്നെ സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ചിട്ടുണ്ട്. എല്ലാവരും ഇത് ആസ്വദിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.