കനത്ത സുരക്ഷാ വലയത്തിൽ കന്യാകുമാരി: വിവേകാനന്ദപ്പാറയിൽ പ്രധാനമന്ത്രിയുടെ ധ്യാനം തുടങ്ങി

രണ്ടു ദിവസമായി ആകെ 45 മണിക്കൂർ നേരമാണ് വിവേകാനന്ദപ്പാറയിൽ പ്രധാനമന്ത്രി ധ്യാനത്തിലിരിക്കുക

prime minister Narendra Modi meditation at Vivekananda rock started

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ഏകാന്ത ധ്യാനം തുടങ്ങി. പൊതു തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന മറ്റന്നാൾ ഉച്ചകഴിഞ്ഞ് അദ്ദേഹം മടങ്ങും. പ്രധാനമന്ത്രിയുടെ വരവോടെ കന്യാകുമാരിയിൽ കനത്ത സുരക്ഷയും നിയന്ത്രണങ്ങളുമുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് രണ്ട് ഹെലികോപ്റ്ററുകളുടെ അകമ്പടിയോടെയാണ് പ്രധാനമന്ത്രി കന്യാകുമാരിയിൽ എത്തിയത്. 

നിശ്ചയിച്ചതിലും അരമണിക്കൂറിലധികം വൈകിയായിരുന്നു യാത്ര. സർക്കാർ ഗസ്റ്റ് ഹൗസിൽ വിശ്രമിച്ച ശേഷം, ആറുമണിയോടെ കന്യാകുമാരി ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രം ഭാരവാഹികൾ ദേവിയുടെ ചിത്രം പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. അവിടെ നിന്ന് നേരെ ബോട്ടുജെട്ടിയിൽ എത്തിയ അദ്ദേഹം സുരക്ഷാ വലയത്തിൽ വിവേകാനന്ദപ്പാറയിലേക്ക് യാത്ര തിരിച്ചു. വെള്ള വസ്ത്രം ധരിച്ചാണ് മണ്ഡപത്തിലേക്ക് പ്രധാനമന്ത്രി എത്തിയത്. വിവേകാനന്ദ പ്രതിമയിൽ ആദരം അര്‍പ്പിച്ചു. 

രണ്ടു ദിവസമായി ആകെ 45 മണിക്കൂർ നേരമാണ് വിവേകാനന്ദപ്പാറയിൽ പ്രധാനമന്ത്രി ധ്യാനത്തിലിരിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഇന്നലെ മുതൽ കന്യാകുമാരിയിൽ കനത്ത സുരക്ഷയുണ്ട്. വിവേകാനന്ദപ്പാറയിലേക്ക് മറ്റന്നാൾ വരെ സഞ്ചാരികൾക്ക് പ്രവേശനമില്ല. ദേവീക്ഷേത്രത്തിലും ഇന്ന് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. രാജ്യത്തിന്റെ തെക്കേയറ്റത്ത്, മഹാസമുദ്രങ്ങളുടെ സംഗമ കേന്ദ്രത്തിൽ പ്രധാനമന്ത്രിയുടെ ധ്യാനം കേവലം ആത്മീയ സമർപ്പണം മാത്രമല്ല, രാഷ്ട്രീയ ലക്ഷ്യം കൂടിയുള്ളതെന്ന് വ്യക്തം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios