'രാമ മന്ദിറിന് 10 രൂപ മുതൽ സംഭാവന നൽകിയ ഭക്തർ, ഇതുവരെ ലഭിച്ചത് 3,500 കോടി, അദൃശ്യ പ്രചോദനമായി മോദിയും'
ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട തീരുമാനമെടുക്കൽ, നിർമ്മാണം, പുരോഗതി എന്നിങ്ങനെ എല്ലാ പ്രക്രിയയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദൃശ്യമായ ഇടപെടലും പ്രചോദനവും ഉണ്ടായിരുന്നു'- നൃപേന്ദ്ര മിശ്ര വ്യക്തമാക്കി.
അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയും നിർമ്മാണത്തിനായി ലഭിച്ച സംഭാവനകളെക്കുറിച്ചും തുറന്ന് പറഞ്ഞ് ശ്രീറാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര. ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വർക്കിന്റെ എക്‌സിക്യൂട്ടീവ് ചെയർമാൻ രാജേഷ് കൽറയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മിശ്ര ക്ഷേത്ര നിർമ്മാണത്തിന്‍റെ ചരിത്ര യാത്രയിൽ പ്രചോദനമായി മുന്നിൽ നിന്ന പ്രധാനമന്ത്രിയെക്കുറിച്ചും 10 രൂപമുതൽ സംഭാവന നൽകി ശ്രീരാമ ക്ഷേത്രത്തിന്‍റെ പൂർത്തീകരണത്തിന് കൂടെ നിന്നവരെക്കുറിച്ചും മനസ് തുറന്നത്.
അയോധ്യയിൽ രാമക്ഷേത്രം പൂർത്തിയാവുന്നത് ഒരു വാസ്തുവിദ്യയുടെ നേട്ടം മാത്രമല്ല, ഈ ചരിത്ര യാത്രയെ മുന്നിൽ നയിച്ച വിശ്വാസത്തിന്റെയും ദൈവിക ഇടപെടലിന്റെയും തെളിവ് കൂടിയാണെന്ന് പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായിരുന്ന നൃപേന്ദ്ര മിശ്ര പറയുന്നു. രാം മന്ദിർ അതിന്റെ പൂർത്തീകരണത്തിലേക്ക് അടുക്കുമ്പോൾ, നിർമ്മാണ വേളയിൽ നേരിട്ട വിവിധ വെല്ലുവിളികളെയെല്ലാം അതിജീവിക്കുന്നതിൽ ഒരു ദൈവിക ഇടപെടലുണ്ടായിരുന്നുവെന്ന് മിശ്ര ആവർത്തിച്ച് പറയുന്നു. 'മനുഷ്യ പ്രയത്നങ്ങൾക്കും എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിനും അപ്പുറം അസാധാരണമായ ചിലതുണ്ട്. ആ ദൈവത്തിന്റെ ഇടപെടൽ ക്ഷേത്രനിർമ്മാണത്തെ വളരെയേറെ സഹായിച്ചു'- മിശ്ര പറഞ്ഞു.
'മഹത്തായ ഉദ്യമമായിരുന്നു ക്ഷേത്ര നിർമ്മാണം. പണ സമാഹരണവും ഭക്തരുടെ സംഭാവനകളും അതിൽ പ്രധാനമാണ്. ക്ഷേത്ര ട്രസ്റ്റ് വിജയകരമായി 3500 കോടി രൂപ ഭക്തരിഷ നിന്നും സമാഹരിച്ചു. ഇത് ജനങ്ങളുടെ അചഞ്ചലമായ വിശ്വാസവും അർപ്പണബോധവും അടിവരയിടുന്നതാണ്. 10 രൂപ മുതൽ ട്രസ്റ്റിലേക്ക് സംഭാവനയായെത്തിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ തുകയടക്കം നൽകി ചരിത്ര യാത്രക്ക് കൂടെ നിന്ന ജനങ്ങള്‍, ഭക്തരുടെ അടിയുറച്ച വിശ്വാസത്തെയാണ് കാട്ടുന്നതെന്ന് മിശ്ര ചൂണ്ടിക്കാട്ടി. ഭക്തിയുടെയും സാംസ്കാരിക പൈതൃകത്തിന്റെയും പ്രതീകമായ മഹത്തായ രാമ ക്ഷേത്രത്തിന്റെ നിർമ്മാണത്തിൽ അവരുടെ സംഭാവനകൾ കൃത്യമായി വിനിയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഉറപ്പുനൽകി.
രാമക്ഷേത്രം; പ്രധാനമന്ത്രി മോദിയുടെ പങ്ക്
'ഒരു സ്രോതസ്സിൽ നിന്ന് നിരന്തരം ലഭിച്ചിരുന്ന പ്രചോദനമാണ് രാമമന്ദിർ പദ്ധതിയെ വേറിട്ട് നിർത്തുന്നത്- അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട തീരുമാനമെടുക്കൽ, നിർമ്മാണം, പുരോഗതി എന്നിങ്ങനെ എല്ലാ പ്രക്രിയയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദൃശ്യമായ ഇടപെടലും പ്രചോദനവും ഉണ്ടായിരുന്നു'- നൃപേന്ദ്ര മിശ്ര വ്യക്തമാക്കി. പദ്ധതിയുടെ ദൈനംദിന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിൽ പ്രധാനമന്ത്രി നേരിട്ട് പങ്കെടുത്തില്ലെങ്കിലും ഓരോ ചുവടുവെപ്പിലും അദ്ദേഹത്തിന്റെ സാന്നിധ്യം അനുഭവപ്പെട്ടിരുന്നു. 'അദ്ദേഹം നിരീക്ഷിക്കുന്നില്ല, പക്ഷേ ഇവിടെ എന്താണ് സംഭവിക്കുന്നതെന്നതിനെക്കുറിച്ചുള്ള ഓരോ ഘട്ടത്തെക്കുറിച്ചും അദ്ദേഹത്തിന് അറിയാമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു'- മിശ്ര പറഞ്ഞു.
Read More : നേരിട്ട വെല്ലുവിളികൾ ചില്ലറയല്ല! രാമക്ഷേത്ര നിർമ്മാണത്തിലെ നാഴികക്കല്ലുകൾ വിവരിച്ച് മിശ്ര; പ്രത്യേക അഭിമുഖം