'സ്നേഹവും സാഹോദര്യവുമാണ് ക്രിസ്തുവിന്‍റെ സന്ദേശം'; ക്രിസ്മസ് ആഘോഷച്ചടങ്ങില്‍ പങ്കെടുത്ത് പ്രധാനമന്ത്രി

സിബിസിഐ ആസ്ഥാനത്ത് നടന്ന ആഘോഷത്തിൽ വിവിധ കത്തോലിക്ക സഭകളുടെ പ്രമുഖരടക്കം മൂന്നോറോളം പേര്‍ പങ്കെടുത്തു.

Prime Minister Narendra Modi attends Christmas celebrations in New Delhi

ദില്ലി: ക്രൈസ്തവ സഭാ നേതാക്കളുമൊത്ത് ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് ആഘോഷം. സിബിസിഐ ആസ്ഥാനത്ത് നടന്ന ആഘോഷത്തിൽ വിവിധ കത്തോലിക്ക സഭകളുടെ പ്രമുഖരടക്കം മൂന്നോറോളം പേര്‍ പങ്കെടുത്തു. സഭാ നേതാക്കള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ കഴിഞ്ഞത് ഭാഗ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സ്നേഹവും സാഹോദര്യവുമാണ് ക്രിസ്തുവിന്‍റെ സന്ദേശം. അത് ശക്തിപ്പെടുത്താൻ ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്നും സമൂഹത്തിൽ അക്രമം നടത്തുന്ന ശ്രമങ്ങളിൽ വേദനയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

സമൂഹത്തിൽ അക്രമം പടർത്തുന്നവർക്കെതിരെ ഒന്നിച്ച് നില്‍ക്കാൻ ക്രൈസ്തവ സഭകളോട് നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. ജർമ്മനിയിലെ ക്രിസ്മസ് മാർക്കറ്റിൽ അടക്കം നടന്ന അക്രമങ്ങൾ ചൂണ്ടിക്കാട്ടിയാണ് മോദി സിബിസിഐ ആസ്ഥാനത്ത് നടത്ത ക്രിസ്മസ് ആഘോഷത്തിൽ ഇക്കാര്യം പറഞ്ഞത്. ദാരിദ്ര്യത്തിനെതിരെ ഇന്ത്യ നടത്തുന്ന യുദ്ധം യേശുക്രിസ്തുവിൻ്റെ വചനങ്ങളോട് ചേർന്നു നില്‍ക്കുന്നതാണെന്നും മോദി പറഞ്ഞു.

പാലക്കാട് സ്‌കൂളിലെ ക്രിസ്മസ് പുൽക്കൂട് തകർത്തതായി പരാതി

വൈകിട്ട് ആറരയ്ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിയിലെ സിബിസിഐ ആസ്ഥാനത്ത് എത്തിയത്. കത്തോലിക്ക സഭകളുടെ പ്രധാന നേതാക്കൾ ചേർന്ന് മോദിയെ സ്വീകരിച്ചു. ഒന്നര മണിക്കൂർ അദ്ദേഹം സിബിസിഐ ആസ്ഥാനത്ത് ഉണ്ടായിരുന്നു. കുട്ടികളുടെ ക്രിസ്മസ് ഗാനങ്ങളും സ്റ്റീഫൻ ദേവസിയുടെ സംഗീതവും ഒക്കെ മോദി കേട്ടിരുന്നു. മന്ത്രി ജോർജ് കുര്യൻ്റെ വീട്ടിലെ ആഘോഷങ്ങളിൽ പങ്കെടുത്തത് ചൂണ്ടിക്കാട്ടിയാണ് മോദി പ്രസംഗം തുടങ്ങിയത് മാർപ്പാപ്പയെ രണ്ട് തവണ കണ്ടെന്നും ഇന്ത്യയിലേക്ക് ക്ഷണിച്ചെന്നും മോദി വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലും യെമനിലും ബന്ദികളായിരുന്ന ഫാദർ അലക്സ് പ്രേം ഫാദർ ടോം ഉഴുന്നാലിൽ എന്നിവരെ രക്ഷിക്കാനായത് ഇന്നത്തെ ഇന്ത്യയ്ക്ക് എന്ത് ചെയ്യാൻ കഴിയും എന്നതിന് തെളിവാണെന്ന് മോദി പറഞ്ഞു. യേശു ക്രിസ്തു നല്‍കിയത് സ്നേഹത്തിൻ്റെ സാഹോദര്യത്തിൻറെയും സന്ദേശമാണ് എന്നാൽ സമൂഹത്തിൽ ഭിന്നതയും അക്രമവും ചില ശക്തികൾ നടത്തുന്നത് തന്നെ വേദനിപ്പിക്കുന്നു എന്ന് വ്യക്തമാക്കിയാണ് ശ്രീലങ്കയിലെ പള്ളികളിലും ജർമ്മനിയിലെ ക്രിസ്മസ് മാർക്കറ്റിൽ അടുത്തിടെ നടന്ന ആക്രമണവും മോദി പരാമർശിച്ചത്. 

പുതിയ കർദ്ദിനാൽ മാർ ജോർജ് കൂവക്കാട്ടിനെ മോദി ചടങ്ങിൽ ആദരിച്ചു. ഇന്ത്യയിൽ നിന്നൊരാൾക്ക് ഈ അംഗീകാരം കിട്ടിയതിൽ ഏറെ സന്തോഷമുണ്ടെന്നും മോദി അറിയിച്ചു. സിബിസിഐ അധ്യക്ഷന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കര്‍ദ്ദിനാള്‍മാരായ മാര്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, മാര്‍ ആന്‍റണി പൂല, മാര്‍ ബസേലിയോസ് ക്ലിമിസ്, മാര്‍ ജോര്‍ജ് കൂവക്കാട്ട്, മാര്‍ ജോര്‍ജ് ആലഞ്ചേരി, മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, ദില്ലി ആര്‍ച്ച് ബിഷപ്പ് മാര്‍ അനില്‍ കൂട്ടോ, ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് ആന്‍റണി സാമി, ബിഷപ്പ് ജോസഫ് മാര്‍ തോമസ്, ഫാദർ മാത്യു കോയിക്കല്‍ തുടങ്ങിയവര്‍ ഈ ആഘോഷതതിൽ പങ്കെടുത്തു മന്ത്രി ജോര്‍ജ് കുര്യന്‍,  രാജീവ് ചന്ദ്രശേഖര്‍, അൽഫോൺസ് കണ്ണന്താനം, ടോം വടക്കന്‍, അനിൽ ആന്‍റണി, അനൂപ് ആന്‍റണി, ഷോണ്‍ ജോര്‍ജ് തുടങ്ങിയവരും പരിപാടിക്കെത്തിയിരുന്നു. മണിപ്പൂർ അടക്കമുള്ള വിവാദ വിഷയങ്ങൾ ചർച്ചയായില്ല. ക്രിസ്ത്യൻ നേതൃത്വവുമായുള്ള ബന്ധം ശക്തമാക്കാൻ ആഗ്രഹിക്കുന്നു എന്ന സന്ദേശം തന്നെയാണ് മോദി തുടർച്ചയായ ഈ നീക്കങ്ങളിലൂടെ നല്‍കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios