'പൂജ്യം അമർത്തി, അതോടെ ജീവിതത്തെ മാറ്റിമറിക്കുന്ന സംഭവങ്ങളുണ്ടായി'; പണവും മനസമാധാനവും പോയെന്ന് യൂട്യൂബർ
ആരോടും ബന്ധപ്പെടാനാവാതെ 40 മണിക്കൂറുകൾ. ഒരു ഘട്ടത്തിൽ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ താൻ വിറയ്ക്കുകയായിരുന്നുവെന്ന് യൂട്യൂബർ.
ദില്ലി: ഡിജിറ്റൽ അറസ്റ്റ് രാജ്യത്തില്ലെന്ന് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ നിരന്തരം ബോധവൽക്കരിച്ചിട്ടും ഓരോ ദിവസവും തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം കൂടുകയാണ്. ഏറ്റവും ഒടുവിൽ അങ്കുഷ് ബഹുഗുണ എന്ന യൂട്യൂബറാണ് തട്ടിപ്പിനിരയായതെങ്ങനെ എന്ന് വിശദീകരിച്ചത്. 40 മണിക്കൂർ നേരം താൻ 'ഡിജിറ്റൽ അറസ്റ്റി'ൽ ആയിരുന്നുവെന്ന് യുട്യൂബർ പറയുന്നു. പണം മാത്രമല്ല മാനസികാരോഗ്യവും നഷ്ടമായെന്ന് അങ്കുഷ് വിശദീകരിച്ചു. ഇന്‍സ്റ്റഗ്രാമിൽ ഒരു മില്യണിലധികം ഫോളോവേഴ്സുള്ളയാളാണ് അങ്കുഷ് ബഹുഗുണ.
തനിക്ക് ഒരു പാഴ്സൽ വന്നിട്ടുണ്ടെന്ന ഓട്ടോമേറ്റഡ് കോളിൽ നിന്നാണ് സംഭവത്തിന്‍റെ തുടക്കമെന്ന് അങ്കുഷ് പറഞ്ഞു. പാഴ്സൽ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി പൂജ്യം അമർത്തിയതോടെ ജീവിതത്തെ മാറ്റിമറിക്കുന്ന സംഭവങ്ങളുണ്ടായി. തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് അതായിരുന്നുവെന്ന് അങ്കുഷ് പറഞ്ഞു. ചൈനയിൽ നിന്നുള്ള നിയമവിരുദ്ധമായ വസ്തുക്കൾ അടങ്ങിയ പാഴ്സലാണതെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നുമാണ് വിളിച്ചയാൾ പറഞ്ഞതെന്ന് അങ്കുഷ് വിശദീകരിച്ചു.
തനിക്ക് ഈ പാഴ്സലിനെ കുറിച്ച് ഒരു അറിവുമില്ലെന്ന് പറഞ്ഞപ്പോൾ പൊലീസുമായി സംസാരിക്കാൻ ആവശ്യപ്പെട്ടെന്ന് അങ്കുഷ് പറയുന്നു. സ്റ്റേഷനിൽ പോകാനുള്ള സമയമില്ലെന്നും പൊലീസിനോട് ഓണ്‍ലൈനായി സംസാരിക്കാനും ആവശ്യപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കൽ, മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള കുറ്റങ്ങൾ തന്‍റെ പേരിലുണ്ടെന്നും അന്വേഷണത്തോട് സഹകരിച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും പൊലീസെന്ന പേരിൽ വിളിച്ചയാൾ പറഞ്ഞു. വേറെ ആരോടും സംസാരിക്കാനാകാതെ 40 മണിക്കൂർ ചോദ്യംചെയ്യൽ തുടർന്നതായി അങ്കുഷ് പറയുന്നു.
ബാങ്ക് വിവരങ്ങളും വ്യക്തിപരമായ വിവരങ്ങളും ഉൾപ്പെടെ നൽകേണ്ടി വന്നെന്ന് യുട്യൂബർ പറയുന്നു. ആരോടെങ്കിലും പറഞ്ഞാൽ കരിയർ തകർക്കുമെന്നും കുടുംബം അപകടത്തിലാവുമെന്നും അവർ പറഞ്ഞു. ബാങ്കിൽ പോയി ചില ഇടപാടുകൾ നടത്താൻ ആവശ്യപ്പട്ടു. മാനസികമായി തകർന്ന അവസ്ഥയിലായതിനാൽ അവർ പറഞ്ഞതുപോലെ താൻ ചെയ്തെന്നും അങ്കുഷ് പറഞ്ഞു.
ഒരു ഘട്ടത്തിൽ തട്ടിപ്പുകാർ ഒരു ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യാൻ നിർദ്ദേശിച്ചു. താനപ്പോൾ പേടിച്ച് വിറയ്ക്കുകയായിരുന്നുവെന്നും എന്താണ് സംഭവിക്കുന്നതെന്ന് ഒരുപിടിയും കിട്ടിയില്ലെന്നും അങ്കുഷ് പറഞ്ഞു. കരയുകയും അവരോട് യാചിക്കുകയും ചെയ്യുകയായിരുന്നു താൻ. 40 മണിക്കൂർ നീണ്ട ഒറ്റപ്പെടൽ. അതിനിടെ സഹോദരിയും സുഹൃത്തുക്കളുമെല്ലാം തന്നെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടായിരുന്നുവെന്ന് യുട്യൂബർ പറഞ്ഞു. ഒരു പ്രശ്നവുമില്ല എന്ന് പറഞ്ഞിട്ടും അവർ തന്നെ തേടി വന്നു. അവർ വന്നില്ലായിരുന്നുവെങ്കിൽ താൻ ഇപ്പോഴും 'ഡിജിറ്റൽ അറസ്റ്റി'ൽ തുടരുമായിരുന്നുവെന്ന് യുട്യൂബർ പറഞ്ഞു.
പണം നഷ്ടമായതിനൊപ്പം മനസമാധാനവും നഷ്ടമായെന്ന് അങ്കുഷ് പറഞ്ഞു. ഒരാളും താൻ കടന്നുപോയ അവസ്ഥയിലൂടെ കടന്നുപോകരുതെന്ന് ആഗ്രഹിക്കുന്നു. അത്തരം കോളുകൾ ലഭിക്കുകയാണെങ്കിൽ, അത് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ് ജാഗ്രത പാലിക്കണമെന്ന് ഓർമിപ്പിക്കാനാണ് തന്‍റെ അനുഭവം തുറന്നുപറഞ്ഞതെന്നും യുട്യൂബർ വ്യക്തമാക്കി.
ഡിജിറ്റൽ അറസ്റ്റ് മുതൽ ഡീപ്ഫേക്ക് വീഡിയോ വരെ; 2024ൽ ഇന്ത്യ കണ്ട 5 സാമ്പത്തിക തട്ടിപ്പ് രീതികൾ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം