തെറ്റിപ്പോയി, 2 കാരണങ്ങൾ! പ്രവചനം പാളിയതിൽ കുറ്റ സമ്മതം നടത്തി പ്രശാന്ത് കിഷോർ; ഇനി സീറ്റ് പ്രവചനമില്ല
ബി ജെ പി ഒറ്റയ്ക്ക് 300 സീറ്റിലധികം നേടുമെന്നും എൻ ഡി എ അനായാസം അധികാരത്തിലെത്തുമെന്നായിരുന്നു പ്രവചനം
ദില്ലി: ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ തെരഞ്ഞെടുപ്പ് തന്ത്രജ്‍ഞന്മാരിൽ ഒരാളായാണ് പ്രശാന്ത് കിഷോര്‍ വിലയിരുത്തപ്പെടാറുള്ളത്. എല്ലാ തെരഞ്ഞെടുപ്പുകളിലും പ്രശാന്ത് കിഷോറിന്‍റെ അവലോകനം രാഷ്ട്രീയ കേന്ദ്രങ്ങൾ സസൂഷ്മമം നിരീക്ഷിക്കാറുണ്ട്. അങ്ങനെ തന്നെയായിരുന്നു 2024 ലും. എന്നാൽ 2024 ൽ പ്രശാന്ത് കിഷോറിന്‍റെ പ്രവചനം അപ്പാടെ പാളിയിരുന്നു. ബി ജെ പി ഒറ്റയ്ക്ക് 300 സീറ്റിലധികം നേടുമെന്നും എൻ ഡി എ അനായാസം അധികാരത്തിലെത്തുമെന്നായിരുന്നു പ്രവചനം. എന്നാൽ പ്രവചനം അപ്പാടെ പാളിയതോടെ പ്രശാന്ത് കിഷോറിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. ഇപ്പോഴിതാ പ്രവചനം പാളിയതിൽ കുറ്റ സമ്മതം നടത്തി പ്രശാന്ത് കിഷോർ രംഗത്തെത്തിയിരിക്കുകയാണ്.
ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തെറ്റ് പറ്റിയെന്ന് തുറന്ന് സമ്മതിച്ച് പ്രശാന്ത് കിഷോർ രംഗത്തെത്തിയത്. എന്നെ പോലെയുള്ള ഒട്ടുമിക്ക രാഷ്ട്രതന്ത്രജ്ഞര്‍ക്കും അഭിപ്രായ സര്‍വേകളിലെ ഫലപ്രഖ്യാപനവും എല്ലാം ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വലിയ പാളിച്ചയുണ്ടായി. ഞങ്ങളുടെ പ്രവചനങ്ങള്‍ തെറ്റിപ്പോയി. തെറ്റി പറ്റി എന്ന കാര്യം അംഗീകരിക്കാന്‍ ഞാൻ തയ്യാറാണ്. ഭാവിയില്‍ ഒരിക്കലും ഏതെങ്കിലും പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പോകുന്ന സീറ്റുകളുടെ എണ്ണം പറഞ്ഞുള്ള പ്രവചനങ്ങള്‍ ഞാന്‍ നടത്തില്ലെന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ഫല പ്രവചനത്തിൽ തെറ്റുപറ്റിയത് ഏറ്റവും പ്രധാനമായി രണ്ട് കാരണങ്ങളാണെന്നും അദ്ദേഹം വിവരിച്ചു. വോട്ട് വിഹിതം സീറ്റുകളാക്കി മാറ്റുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന സങ്കീർണതകളാണ് ഒന്നാമത്തെ കാരണം. മോദിയെപ്പോലുള്ള ഭരണാധികാരിയോടുള്ള 'ഭയ ഘടകം' ആണ് രണ്ടാമത്തെ കാരണമെന്നും പ്രശാന്ത് കിഷോർ വിവരിച്ചു. താൻ പ്രവചിച്ചതില്‍ നിന്നും ഏകദേശം 20 ശതമാനത്തോളം വ്യത്യാസമാണ് പുറത്തുവന്ന ഫലമെന്നും അദ്ദേഹം വിവരിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ മാത്രമാണ് സീറ്റുകളുടെ എണ്ണം പറഞ്ഞുള്ള പ്രവചനം ഞാന്‍ നടത്തിയിട്ടുള്ളത്. ബംഗാള്‍ അസംബ്ലി തിരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മാത്രം. ഒരു രാഷ്ട്രീയതന്ത്രജ്ഞന്‍ എന്ന നിലയില്‍ ഞാന്‍ ഇനി അത് ചെയ്യാന്‍ പാടില്ല എന്ന് സ്വയം മനസിലാക്കുന്നു. ഭാവിയില്‍ സീറ്റുകളുടെ എണ്ണം പറഞ്ഞുള്ള ഫല പ്രവചനങ്ങള്‍ ഞാന്‍ നടത്തില്ലെന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി.
സേലത്ത് പഠിക്കുന്ന ആലപ്പുഴയിലെ നഴ്സിംഗ് വിദ്യാർഥി, നാട്ടിലെത്തുക ബംഗളുരു വഴി; കച്ചവടം പിടിയിൽ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം