പ്രഗ്യാസിംഗിനെ കാണാനില്ലെന്ന് പോസ്റ്ററുകൾ; എയിംസിൽ കാന്‍സര്‍ ചികിത്സയിലാണെന്ന് ബിജെപി
കൊവിഡ് വ്യാപനത്തെ തുടർന്ന് ജനങ്ങൾ വളരെയധികം കഷ്ടതകൾ അനുഭവിക്കുന്ന സാഹചര്യമാണുള്ളത്. എന്നാൽ എംപിയായ പ്രഗ്യാസിംഗിനെ എങ്ങും കാണാനില്ല എന്നാണ് പോസ്റ്ററിലെ വാചകങ്ങൾ.
ഭോപ്പാല്‍: കൊവിഡ് കാലത്ത് ഭോപാല്‍ എം.പിയായ പ്രഗ്യാ സിംഗ് ഠാക്കൂറിനെ കാണാനില്ലെന്ന് പറയുന്ന പോസ്റ്ററുകള്‍ നഗരത്തിലെങ്ങും പ്രത്യക്ഷപ്പെട്ടു. കൊവിഡ് വ്യാപനത്തെ തുടർന്ന് ജനങ്ങൾ വളരെയധികം കഷ്ടതകൾ അനുഭവിക്കുന്ന സാഹചര്യമാണുള്ളത്. എന്നാൽ എംപിയായ പ്രഗ്യാസിംഗിനെ എങ്ങും കാണാനില്ല എന്നാണ് പോസ്റ്ററിലെ വാചകങ്ങൾ. കാണാതായവരെ അന്വേഷിക്കുക എന്നാണ് പോസ്റ്ററിന്റെ തലക്കെട്ട്. ഭോപ്പാലിൽ 1400 പേരാണ് കൊവിഡ് ബാധിതരായിട്ടുള്ളത്.
അതേ സമയം, വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പ് ജനങ്ങൾ രണ്ടുവട്ടം ചിന്തിക്കാണമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കമലേശ്വർ പട്ടേലിന്റെ പ്രതികരണം. തെരഞ്ഞെടുപ്പിൽ പരാജയമേറ്റു വാങ്ങിയിട്ടും മുൻ മുഖ്യമന്ത്രിയായ ദിഗ്വിജയ് സിംഗ് ജനങ്ങൾക്ക് വേണ്ടി മുഴുവൻ സമയം പ്രവർത്തിക്കുന്നുണ്ട്. എന്നാൽ തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റംഗത്തെ എവിടെയും കാണുന്നില്ല. പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പം നിൽക്കാത്ത ഇത്തരം ജനപ്രതിനിധികളെ തെരഞ്ഞെടുക്കരുത്. പ്രഗ്യാസിംഗ് താക്കൂറിനോട് തിരിച്ചു വരാൻ അഭ്യർത്ഥിക്കുന്നു. അവർക്ക് അവരുടേതായ സർക്കാരുണ്ട്. അതുകൊണ്ട് ആശങ്കപ്പെടേണ്ട ആവശ്യമില്ല.
എന്നാൽ പ്രഗ്യാസിംഗ് താക്കൂറിന്റെ അഭാവത്തെ ന്യായീകരിച്ചു കൊണ്ടാണ് ബിജെപി വക്താവ് രാഹുൽ കോത്താരി രംഗത്തെത്തിയിരിക്കുന്നത്. പ്രഗ്യാസിംഗ് താക്കൂർ എയിംസിൽ കാന്‍സറിനും കണ്ണിനും ചികിത്സയിലാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ജനങ്ങൾക്ക് ആവശ്യമായ പലചരക്ക് സാധനങ്ങളുടെ വിതരണവും കമ്യൂണിറ്റി കിച്ചന്റെ പ്രവർത്തനങ്ങളും നടന്നു വരികയാണ്. ദിഗ്വിജയ് സിംഗിന്റെ പൊതുപ്രവർത്തനം വെറും രാഷ്ട്രീയം മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നേരത്തെ സമാനമായ പോസ്റ്ററുകള്‍ മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനും മകനും എതിരെയും പതിച്ചിരുന്നു. ഇവരിലൊരാളെയെങ്കിലും കണ്ടെത്തുന്നവർക്ക് 21000 രൂപ പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു. ജ്യോതിരാദിത്യ സിന്ധ്യ, മുൻമന്ത്രിമാരായ ഇമാർത്തി ദേവി, ലഖാൻ സിംഗ് യാദവ് എന്നിവരെ കാണാനില്ലെന്ന പോസ്റ്റർ ഈ മാസം ഗ്വാളിയോറിലെ ചമ്പലിൽ പ്രചരിച്ചിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയ്ക്കെതിരെ പോസ്റ്റർ പതിപ്പിച്ച സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.