ആ 'ജീവൻ മശായ്' ഇനിയില്ല, ദില്ലിയിലെ പാവങ്ങളുടെ ഡോക്ടർ കൊവിഡ് ബാധിച്ച് മരിച്ചു
കൊവിഡ് ശ്വാസകോശത്തെ ബാധിച്ച് ചികിത്സ തേടിയ അദ്ദേഹത്തിന് ദില്ലിയിൽ എവിടെയും കിടക്ക ലഭിച്ചില്ല. ഒടുവിൽ വീട്ടിൽ സ്വയം ചികിത്സയ്ക്ക് മുതിർന്നു. എന്നാൽ വെള്ളിയാഴ്ചയോടെ കടുത്ത ശ്വാസംമുട്ടലനുഭവപ്പെട്ടു. ജീവൻ രക്ഷിക്കാനായില്ല.
ദില്ലി: ദില്ലിയിൽ തെരുവിൽ കഴിയുന്ന പാവങ്ങളെ ചികിത്സിച്ചിരുന്ന ഡോക്ടർ പ്രദീപ് ബിജൽവാൻ ചികിത്സ കിട്ടാതെ മരിച്ചു. കൊവിഡ് ഗുരുതരമായിട്ടും ആശുപത്രിയിൽ ഇടം കിട്ടാതായതോടെ അദ്ദേഹം വീട്ടിൽ കഴിയുകയായിരുന്നു. ഓക്സിജൻ ലഭിക്കാതെ ആണ് ഡോക്ടർ മരിച്ചതെന്ന് അടുത്ത സുഹൃത്തുക്കൾ പറഞ്ഞു.
ഇരുപത് വർഷത്തിലേറെയായി ദില്ലിയിലെ അശരണരായവരുടെ ആരോഗ്യം സംരക്ഷിച്ചിരുന്ന ഡോ പ്രദീപ് ബിജൽവാൻ. സാമ്പത്തിക നേട്ടമോ പ്രശസ്തിയോ പ്രതീക്ഷിക്കാതെ നിസ്വാർത്ഥ സേവനം നടത്തിയിരുന്ന സാമൂഹിക പ്രവർത്തകൻ.
ജീവിതം മുഴുവൻ സേവനത്തിനായി മാറ്റി വെച്ച അദ്ദേഹത്തിന് അർഹമായ യാത്രയയപ്പ് നൽകാൻ പോലും ഒരു സമൂഹമെന്ന നിലയിൽ നമുക്ക് കഴിഞ്ഞില്ല. കൊവിഡ് ശ്വാസകോശത്തെ ബാധിച്ച് ചികിത്സ തേടിയ അദ്ദേഹത്തിന് ദില്ലിയിൽ എവിടെയും കിടക്ക ലഭിച്ചില്ല. ഒടുവിൽ വീട്ടിൽ സ്വയം ചികിത്സയ്ക്ക് മുതിർന്നു. എന്നാൽ വെള്ളിയാഴ്ചയോടെ കടുത്ത ശ്വാസംമുട്ടലനുഭവപ്പെട്ടു. ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ കുറെ മാസങ്ങളായി വീടില്ലാത്തവർക്കായി നടത്തിയിരുന്ന കൊവിഡ് ക്ലിനിക്കിൽ ജോലി ചെയ്യുകയായിരുന്നു പ്രദീപ് ബിജൽവാൻ. രോഗം അവിടെ നിന്ന് പിടിപെട്ടതാകാനും സാധ്യതയുണ്ടെന്ന് പത്ത് വർഷത്തിലേറെ ഡോക്ടറോടൊപ്പം പ്രവർത്തിച്ച ആക്ടിവിസ്റ്റും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ ഹർഷ് മന്ദേർ പറഞ്ഞു.
ഒരു ഡോക്ടറെന്ന നിലയിൽ ശരീരത്തിന് സംഭവിക്കുന്നതെന്താണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. പക്ഷെ ചികിത്സിക്കാൻ അവസരം കിട്ടിയില്ല. കൊവിഡ് ബാധിച്ച അദ്ദേഹത്തിന്‍റെ കുടുംബവും ഇപ്പോൾ ക്വാറന്‍റീനിൽ പ്രവേശിച്ചിരിക്കുകയാണ്.