'ഇനിയ പുത്താണ്ട് നൽവാഴ്ത്തുകൾ', സാരി, മുണ്ട്, കരിമ്പ്, 1000 രൂപ; പൊങ്കല്‍ കിറ്റ് സൂപ്പർഹിറ്റ്, വാങ്ങാൻ തിരക്ക്
റേഷന്‍ സാധനങ്ങളും വാങ്ങി കരിമ്പും തോളിലേറ്റി തങ്ങളുടെ വീടുകളിലേക്ക് മടങ്ങുന്ന സാധാരണക്കാരുടെ കാഴ്ചകള്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ കാണാം
സുല്‍ത്താന്‍ബത്തേരി: പൊങ്കല്‍ പ്രമാണിച്ചുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ കിറ്റ് വിതരണം ആരംഭിച്ചതോടെ വാങ്ങാന്‍ റേഷന്‍ കടകളില്‍ തിരക്കേറി. സര്‍ക്കാര്‍ ജീവനക്കാര്‍ അടക്കം മുഴുവന്‍ കാര്‍ഡുടമകള്‍ക്കും 1000 രൂപയാണ് നല്‍കുന്നത്. ഇതിനു പുറമേ സാരി, മുണ്ട് ഒരു കരിമ്പ് എന്നിവയും ഒരു കിലോ വീതം പച്ചരിയും പഞ്ചസാരയും അടങ്ങിയ കിറ്റും നല്‍കുന്നുണ്ട്.
മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ചിത്രമുള്ള പണമടങ്ങിയ കവറില്‍ 'ഇനിയ പുത്താണ്ട് നല്‍വാഴ്ത്തുക്കള്‍' എന്ന പൊങ്കല്‍ ആശംസയുമുണ്ട്. പൊങ്കല്‍ക്കിറ്റ് വിതരണം ആരംഭിച്ചതോടെ അതിരാവിലെ തന്നെ കാര്‍ഡ് ഉടമകള്‍ റേഷന്‍ കടകളിലെത്തി വരി നില്‍ക്കുന്ന കാഴ്ചയാണ് തമിഴ്‌നാട്ടിലുള്‍പ്പെട്ട വയനാടിന്റെ അതിര്‍ത്തി പ്രദേശങ്ങളായ പാട്ടവയല്‍, എരുമാട്, പന്തല്ലൂര്‍, അയ്യന്‍കൊല്ലി തുടങ്ങിയ സ്ഥലങ്ങളില്‍ കാണാനായത്. റേഷന്‍ സാധനങ്ങളും വാങ്ങി കരിമ്പും തോളിലേറ്റി തങ്ങളുടെ വീടുകളിലേക്ക് മടങ്ങുന്ന സാധാരണക്കാരുടെ കാഴ്ചകള്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ പലയിടത്തായി കാണാം.
തമിഴ്‌നാട്ടില്‍ മുന്‍പും ആഘോഷ സമയങ്ങളിലും തെരഞ്ഞെടുപ്പുകളോട് അനുബന്ധിച്ചും ജനങ്ങള്‍ക്ക് റേഷന്‍ കടകള്‍ വഴി സാധന സാമഗ്രികളും പണവും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ പൊങ്കലിന് 1000 രൂപ നല്‍കില്ലെന്ന സൂചന വന്നതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മുൻ മുഖ്യമന്ത്രി ഒ പനീർശെൽവം ഉൾപ്പെടെയുള്ള നേതാക്കളും പട്ടാളി മക്കൾ കച്ചി പോലുള്ള പാര്‍ട്ടികളുമാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. പിന്നാലെ റേഷൻ കാർഡ് ഉടമകൾക്ക് 1000 രൂപ വീതം നൽകുമെന്ന് സ്റ്റാലിന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വയനാടിനോട് ചേര്‍ന്ന് കിടക്കുന്ന അതിര്‍ത്തി ഗ്രാമങ്ങളിലെ നിരവധി മലയാളികള്‍ക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ കിറ്റ് ലഭിക്കും. ജനുവരി 13 മുതല്‍ 17 വരെ പൊങ്കല്‍ പ്രമാണിച്ച് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം