കണ്ടൈൻമെന്റ് സോണുകളിൽ സൈക്കിളിൽ പട്രോളിംഗ് നടത്തി പൊലീസ് ഉദ്യോഗസ്ഥൻ; വ്യത്യസ്തമായ കൊവിഡ് ബോധവത്കരണം
ഈ പ്രദേശത്ത് 14 കണ്ടൈൻമെന്റ് സോണുകളുണ്ട്. മിക്കവയും ചേരി പ്രദേശങ്ങളാണ്. ഇവിടം അടച്ചിട്ട സമയം മുതൽ ഇവിടേയ്ക്ക് എത്തിച്ചേരുക എന്നത് വളരെ ദുഷ്കരമായിരുന്നു.
പൂന: പൂന ദത്താവാദി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് ദേവിദാസ് ഖെവാരെ. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യത്യസ്തമായ ബോധവത്കരണം നടത്തി ശ്രദ്ധേയനാകുകയാണ് ഈ പൊലീസ് ഉദ്യോഗസ്ഥൻ. കൊവിഡ് വ്യാപനത്തെക്കുറിച്ച് ബോധവത്കരണം നടത്താൻ കണ്ടൈൻമെന്റ് സോണുകളിൽ സൈക്കിളിലാണ് ഇദ്ദേഹത്തിന്റെ പട്രോളിംഗ്.
ഈ പ്രദേശത്ത് 12 മുതൽ 14 വരെ കണ്ടൈൻമെന്റ് സോണുകളാണുള്ളത്. ഇവിടെയെല്ലാം പട്രോളിംഗിന് അദ്ദേഹമെത്തുന്നത് സൈക്കിളിലാണ്. കാറുകൾ കടന്ന് ചെല്ലാത്ത പ്രദേശങ്ങളിലും സൈക്കിളിൽ എത്താൻ കഴിയുന്നുണ്ട് എന്ന് ഇദ്ദേഹം പറയുന്നു. 'ഈ പ്രദേശത്ത് 14 കണ്ടൈൻമെന്റ് സോണുകളുണ്ട്. മിക്കവയും ചേരി പ്രദേശങ്ങളാണ്. ഇവിടം അടച്ചിട്ട സമയം മുതൽ ഇവിടേയ്ക്ക് എത്തിച്ചേരുക എന്നത് വളരെ ദുഷ്കരമായിരുന്നു. എന്നാൽ സൈക്കിളിൽ ഇവിടങ്ങളിൽ എല്ലായിടത്തും എത്താൻ സാധിക്കുന്നുണ്ട്.' ദേവിദാസ് എഎൻഐയോട് പറഞ്ഞു.
'കൊറോണ വൈറസിൽ നിന്ന് സുരക്ഷിതരായിരിക്കാൻ വ്യായാമം വളരെ പ്രധാനപ്പെട്ടതാണ്. എന്നാൽ വ്യായാമം ചെയ്യാൻ സമയം ലഭിക്കാറില്ല. ജോലിസമയത്തുള്ള സൈക്കിൾ ചവിട്ടൽ വ്യായാമത്തിന് സമമാണ്. മാത്രമല്ല ആളുകളോട് സംവദിക്കാനും സാധിക്കും. 'അദ്ദേഹം കൂട്ടിച്ചേർത്തു.
പൂനയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3218 പേരിലാണ് കൊറോണ ബാധ കണ്ടെത്തിയത്. 62 പേർ മരിച്ചു. ഇതുവരെ രോഗബാധിതരായിരിക്കുന്നത് 59634 പേരാണ്. പ്രതിദിന കണക്കുകളിൽ ഏറ്റവും ഉയർന്ന നിരക്കാണ് ബുധനാഴ്ച കണ്ടെത്തിയിരിക്കുന്നത്. 1504 പേരാണ് ഇതുവരെ കൊവിഡ് ബാധയെ തുടർന്ന് മരിച്ചത്.