ജാമ്യം ലഭിച്ച് മണിക്കുറുകള്‍ മാത്രം, പ്രവാചക നിന്ദ കേസില്‍ തെലങ്കാന ബിജെപി എംഎല്‍എ വീണ്ടും അറസ്റ്റില്‍
യൂടുബ് ചാനലിലൂടെ പ്രവാചകനെതിരെ വിവാദ പരാമര്‍ശം നടത്തിയതിന് രാജാ സിങിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച്ചയാണ് എംഎല്‍എയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെയാണ് വീണ്ടും അറസ്റ്റ്.
ഹൈദരാബാദ്: പ്രവാചക നിന്ദ നടത്തിയെന്ന കേസില്‍ തെലങ്കാന ബി ജെ പി എംഎല്‍എ ടി രാജാ സിങ് വീണ്ടും അറസ്റ്റില്‍. സമാനമായ കേസില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ച് മണിക്കൂറുകൾക്ക് അകമാണ് രണ്ടാമത്തെ അറസ്റ്റ്. സി ആര്‍ പി സി സെക്ഷന്‍ 41 എ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അനുയായികളുടെ പ്രതിഷേധങ്ങൾ മറികടന്നാണ് എം എൽ എയെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രിലിൽ നടത്തിയ വിവാദ പ്രസ്താവനയുടെ പേരിലുള്ള കേസിലാണ് ഇന്നത്തെ അറസ്റ്റ്. ആദ്യത്തെ കേസില്‍ രാജാ സിങ്ങിന് ജാമ്യം നല്‍കിയതിന് എതിരെ ഹൈദരബാദ് പൊലീസ് തെലങ്കാന ഹൈക്കോടതിയെ സമീപിച്ചു.
പ്രവാചക നിന്ദയുടെ പേരിൽ രാജാ സിങ്ങിനെ ബിജെപി സസ്പെൻഡ് ചെയ്തിരുന്നു. ശക്തമായ നടപടി ആവശ്യപ്പെട്ട് മുസ്ലീം സംഘടനകളുടെ വ്യാപക പ്രതിഷേധം ഹൈദരാബാദിൽ തുടരുകയാണ്. ചാർമിനാറിൽ നടന്ന പ്രതിഷേധം അക്രമാസക്തമായി. നിരവധി പൊലീസുകാർക്ക് അടക്കം പരിക്കേറ്റു. ബിജെപി എം എൽ എമാരുടെ വസതികളിലേക്കും മാർച്ച് നടന്നു. അക്രമത്തിന് നേതൃത്വം നൽകിയവരെ പുലർച്ചെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്തു. അക്രമാസക്തമായ പ്രതിഷേധങ്ങൾ അനുവദിക്കില്ലെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
'ബിജെപി എന്തിനാണ് അഴിമതിയെന്ന് അലമുറയിടുന്നത്? യഥാര്‍ത്ഥ അഴിമതി ഓപ്പറേഷൻ താമര': കെജ്രിവാൾ
ദില്ലി : ആംആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെ നാടകീയ സംഭവങ്ങൾക്കാണ് ദില്ലി സാക്ഷ്യം വഹിക്കുന്നത്. തങ്ങളുടെ എംഎല്‍എമാരെ അടർത്തിമാറ്റാൻ ബിജെപി ശ്രമിച്ചെന്ന ആരോപണമാണ് ഏറ്റവും ഒടുവിലായി ആംആദ്മി ഉയര്‍ത്തിയത്. ആംആദ്മി നേതാക്കൾ അഴിമതി നടത്തിയെന്ന് അലമുറയിടുന്ന ബിജെപിയാണ് ഓപ്പറേഷൻ താമരയെന്ന യഥാർത്ഥ അഴിമതി ചെയ്യുന്നതെന്നും കെജ്രിവാൾ വിമര്‍ശിച്ചു. ദില്ലി സർക്കാരിനെ വീഴ്ത്താൻ 40 എംഎൽഎമാരെയാണ് ബിജെപി ബന്ധപ്പെട്ടത്. ഇവർക്ക് വാഗ്ദാനം ചെയ്ത 800 കോടി എവിടെ നിന്നാണ് വന്നതെന്ന ചോദ്യമുയര്‍ത്തിയ കെജ്രിവാൾ, ഇന്ത്യയിലെ ജനങ്ങളുടെ പണമാണതെന്നും ഓര്‍മ്മിപ്പിച്ചു.
ഓപ്പറേഷന്‍ താമരയില്‍നിന്നും രാജ്യത്തെ രക്ഷിക്കാനെന്ന പേരിൽ എംഎല്‍എമാർക്കൊപ്പം രാജ്ഘട്ടില്‍ പ്രാർത്ഥന നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു കെജ്രിവാൾ. കളംമാറ്റി ചവിട്ടാൻ കോടികൾ എംഎൽഎമാര്‍ക്ക് വാഗ്ദാനം ചെയ്തുവെന്ന് ബിജെപിക്കെതിരെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രവാൾ തുറന്നടിച്ചതോടെയാണ് ദില്ലിയിലും 'ഓപ്പറേഷൻ താമര' ക്ക് കളമൊരുങ്ങുന്നുവെന്ന അഭ്യൂഹമുണ്ടായത്.