സുഡാനിലെ ഇന്ത്യക്കാരുടെ രക്ഷാദൗത്യം ചർച്ച ചെയ്ത് പ്രധാനമന്ത്രി, ഉന്നതതലയോഗം പുരോഗമിക്കുന്നു
വിദേശകാര്യമന്ത്രി എസ് ജയശങ്കറും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സൗദി, യുഎഇ രാജ്യങ്ങളുമായി രക്ഷാദൗത്യത്തെ കുറിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചർച്ച നടത്തിയിരുന്നു.
ദില്ലി : കലാപ കലുഷിതമായ സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാർക്കായുള്ള രക്ഷാദൗത്യത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ദില്ലിയിൽ ഉന്നതതല യോഗം ചേരുന്നു. വിദേശകാര്യമന്ത്രി എസ് ജയശങ്കറും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സൗദി, യുഎഇ രാജ്യങ്ങളുമായി രക്ഷാദൗത്യത്തെ കുറിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചർച്ച നടത്തിയിരുന്നു. സുഡാനിലെ സാഹചര്യം സംഘർഷഭരിതമായി തുടരുകയാണെന്നും സുരക്ഷിതമായി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. മലയാളികള്‍ അടക്കമുള്ള നാലായിരത്തോളം പേര്‍ സുഡാനില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സർക്കാർ കണക്കുകൂട്ടല്‍.
സുഡാനിൽ അര്‍ധ സൈനിക വിഭാഗം 72 മണിക്കൂര്‍ വെടി നിര്‍ത്തൽ പ്രഖ്യാപിച്ചെങ്കിലും ഇരുപക്ഷവും ഇന്നും ഏറ്റുമുട്ടി. ഖാർത്തൂമിലും പരിസരങ്ങളിലും കനത്ത ഷെല്ലിങ്ങും വെടിവെപ്പും തുടരുകയാണ്. അര്‍ധ സൈനിക വിഭാഗത്തിന്‍റെ വെടിനിര്‍ത്തൽ പ്രഖ്യാപനത്തോട് സൈന്യം പ്രതികരിച്ചിരുന്നില്ല. പോരാട്ടം തുടരുന്നതിനിടെ സൈനിക മേധാവി അബ്ദെൽ ഫത്തേ അൽ ബുർഹാൻ ടെലിവിഷനിലൂടെ ഈദ് ആശംസിച്ചു. സംഘര്‍ഷം തുടര്‍ന്നാൽ ലക്ഷങ്ങള്‍ പട്ടിണിയിലാകുമെന്നാണ് യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്‍റെ മുന്നറിയിപ്പ്.
അതിനിടെ, ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിലേക്ക് കൂടുതൽ സൈനികരെ അമേരിക്ക നിയോഗിച്ചു. ഡുഡാനിലെ യുഎസ് എംബസി ഒഴിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് കൂടുതൽ സൈനികരെ അമേരിക്ക നിയോഗിച്ചത്. പെരുന്നാൾ കണക്കിലെടുത്ത് അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് സുഡാനിലെ ഇരു വിഭാഗങ്ങളോടും അമേരിക്ക അഭ്യർത്ഥിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയും സൗദി, ഖത്തർ, തുർക്കി എന്നിവ ഉൾപ്പെടെയുള്ള രാജ്യങ്ങളും സമാന നിർദേശം മുന്നോട്ടുവച്ചിട്ടുണ്ട്. ഇന്നു മുതൽ മൂന്ന് ദിവസത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ഇതിനിടയിലും, സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽ നിന്നുള്ള പലായനം തുടരുകയാണ്. 6 ദിവസമായി തുടരുന്ന ആഭ്യന്തര കലാപത്തിൽ, രാജ്യത്ത് ഇതുവരെ 350 ഓളം പേർക്കാണ് ജീവൻ നഷ്ടമായത്.