മോദിയുടെ 'അവിൽ' പരിഹാസം! ആദ്യം വീഡിയോ പുറത്തുവരും, ശേഷം പൊതുതാൽപര്യ ഹർജി, സുപ്രീം കോടതിയും അഴിമതിയെന്ന് പറയും
കല്‍ക്കി ധാം ക്ഷേത്രത്തിലെ ശിലാസ്ഥാപന ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം
ലഖ്നൗ: പുതിയ കാലത്ത് അനാരോഗ്യകരമായ പ്രവണതകൾ കൂടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസം. ശ്രീകൃഷ്ണന് കുചേലൻ അവില്‍ നല്‍കിയത് ഇന്നാണെങ്കില്‍ അത് പോലും അഴിമതിയാണെന്ന് പലരും മുദ്രകുത്തിയേനെയെന്നാണ് മോദിയുടെ പരിഹാസം. ഇന്നാണെങ്കില്‍ കുചേലൻ അവില്‍ കൊടുത്തത് വീഡിയോ എടുത്തേനെ. അഴിമതിയാണെന്ന് പറഞ്ഞ് അത് പ്രചരിപ്പിക്കുകയും ചെയ്യും. പിന്നീട് പൊതുതാല്‍പ്പര്യ ഹർജി ഫയല്‍ ചെയ്യപ്പെടുകയും സുപ്രീംകോടതി അഴിമതിയാണെന്ന് പറയുകയും ചെയ്തേനെയെന്ന് മോദി പറഞ്ഞു. കല്‍ക്കി ധാം ക്ഷേത്രത്തിലെ ശിലാസ്ഥാപന ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
അതിനിടെ ഉത്തർപ്രദേശിലെ നിക്ഷേപക സംഗമത്തിലും മോദി സംസാരിച്ചു. ഡബിള്‍ എഞ്ചിൻ സർക്കാരിന്‍റെ കരുത്തില്‍ ഉത്തർപ്രദേശില്‍ വികസന കുതിപ്പെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. യു പി ഇന്ന് നിക്ഷേപകരുടെ ഹബ്ബ് ആയി മാറിയെന്നും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ എക്സപ്രസ്‍ വേ ഉള്ളത് യു പിയില്‍ ആണെന്നും മോദി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 370 സീറ്റ് നേടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു. നൂറ് ദിവസം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും ഇറങ്ങിച്ചെന്നുള്ള പ്രചാരണം നടത്താൻ പ്രധാനമന്ത്രി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. 400 സീറ്റുകൾ എന്ന ലക്ഷത്തോടെ പ്രവർത്തിക്കണമെന്നും മണ്ഡലങ്ങളിലേക്ക് പോകണമെന്നും മോദി നേതാക്കളോട് നിര്‍ദ്ദേശിച്ചു. ബി ജെ പി ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. അടുത്ത 100 ദിവസം പുതിയ ഊർജ്ജത്തോടെയും ആവേശത്തോടെയും പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. പുതിയ ഓരോ വോട്ടർമാരിലേക്ക് എത്തണമെന്നും ഓരോ പദ്ധതി ഗുണഭോക്താക്കളിലേക്കും ജനങ്ങളിലേക്കും എത്തണമെന്നും മോദി നിര്‍ദ്ദേശിച്ചു. പാർശ്വവൽക്കരിക്കപ്പെട്ട എല്ലാ വിഭാഗങ്ങൾക്കുമായി സർക്കാർ പ്രവർത്തിച്ചു. രാഷ്ട്രീയത്തിന് വേണ്ടിയല്ല രാജ്യത്തിനായാണ് ബിജെപി പ്രവർത്തിക്കുന്നത്. രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കുറഞ്ഞു. സ്ത്രീകളുടെ ശക്തികരണത്തിനായി നിരവധി പ്രവർത്തനങ്ങൾ സർക്കാർ നടത്തി. വനിതകൾക്കായി നടപ്പാക്കിയ പദ്ധതികൾ എണ്ണി പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.