സ്ത്രീപക്ഷ വികസനത്തിന് പ്രത്യേക പ്രാധാന്യം നൽകണമെന്ന് മോദി: ജി20 അധ്യക്ഷ പദവി ഇന്ത്യ ഏറ്റെടുത്തു
ലോകത്തെ കൂട്ടായ നടപടികൾക്കുള്ള ചാലകശക്തിയായി ജി20 മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു
ബാലി: സ്ത്രീപക്ഷ വികസനത്തിന് ജി20 അജണ്ടയിൽ പ്രത്യേക പ്രാധാന്യം നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 ഉച്ചകോടിയിൽ അംഗരാജ്യങ്ങളിലെ തലവന്മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ കൂട്ടായ നടപടികൾക്കുള്ള ചാലകശക്തിയായി ജി20 മാറുമെന്ന് അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു. ജി20 ന്റെ അധ്യക്ഷ പദം ഇന്തോനേഷ്യയിൽ നിന്ന് ഇന്ത്യ ഏറ്റെടുത്തു. അടുത്ത ജി20 ഉച്ചകോടി ഇന്ത്യയിൽ നടക്കും.
നമ്മുടെ പ്രകൃതിയുടെ ഭാവിക്കും ജീവിതത്തിനുമായി പ്രത്യേക പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് മോദി പറഞ്ഞു. കാലാവസ്ഥയുടെ നിലനിൽപ്പിനായുള്ള ജീവിതരീതി വികസിപ്പിക്കേണ്ടതിന്റെ പ്രധാന്യം മോദി ചൂണ്ടിക്കാട്ടി. വസുധൈവ കുടുംബകം എന്നതാവും ഇന്ത്യയിൽ നടക്കുന്ന ജി 20 സമ്മേളനത്തിന്റെ വിഷയം. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നതാണ് ഇതിന്റെ അർത്ഥം. എല്ലാ രാജ്യങ്ങളുടെയും പിന്തുണയോടെ ആഗോള ക്ഷേമത്തിനുള്ള പ്രവർത്തനത്തിന് ജി20 ഒരു പ്രേരകശക്തിയായി മാറ്റാൻ സാധിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗത്തിൽ പറഞ്ഞു.
ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സിങ്കപ്പൂർ പ്രധാനമന്ത്രിയുമായി നയതന്ത്ര തല ചർച്ച നടത്തി. പിന്നീട് ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി നയതന്ത്രതല ചർച്ച നടത്തി.
ലോകത്തെ പ്രബല രാജ്യങ്ങളുടെ കൂട്ടായ്മയുടെ അധ്യക്ഷ സ്ഥാനം ഇനി അടുത്ത ഒരു വർഷം ഇന്ത്യക്ക്. ഡിസംബർ 1 മുതൽ ജി20 അധ്യക്ഷ പദവി ഇന്ത്യക്ക് ഔദ്യോഗികമായി ലഭിക്കും. ലോകനേതാക്കളെ സാക്ഷിയാക്കി ഇന്തോനേഷ്യൻ പ്രസിഡൻറ് ജോക്കോ വിഡോഡോയാണ് മോദിക്ക് ആതിഥേയരാജ്യത്തിനുള്ള ബാറ്റണ്‍ കൈമാറിയത്. വസുധൈവ കൂടുംബകം എന്ന ആശയം മുൻനിര്‍ത്തി ഒരു വർഷത്തെ നടപടികൾ അടുത്തമാസം ഒന്നിന് ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ തുടങ്ങും.
എല്ലാവരെയും ഒന്നിപ്പിച്ച് നിര്‍ത്തുന്നതാകും ഇന്ത്യയിലെ ജി20 ഉച്ചകോടിയെന്ന് സമാപനസമ്മേളനത്തിലെ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
റഷ്യ യുക്രൈൻ യുദ്ധം പരിഹരിക്കേണ്ടത് നയതന്ത്രചർച്ചകളിലൂടെയാണെന്ന ഇന്ത്യൻ നിലപാടും പ്രധാനമന്ത്രിയുടെ പരാമർശവും ഉൾപ്പെടുത്തിയുള്ള ജി20 പ്രഖ്യാപനത്തിന് ഉച്ചകോടി അംഗീകാരം നൽകി. രണ്ട് ദിവസമായി നടന്ന മൂന്ന് യോഗങ്ങളിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി സാങ്കേതിക രംഗത്തെ ഇന്ത്യയുടെ നേട്ടങ്ങളടക്കം ഉയർത്തിക്കാട്ടി. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണ്‍, ജർമൻ ചാനസിലൽ ഒലാഫ് ഷോൾസ് തുടങ്ങിയവരുമായി പ്രധാനമന്ത്രി യോഗത്തിനിടെ നയതന്ത്രതല ചർച്ച നടത്തുകയും ചെയ്തു. ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിങുമായി ഇന്നലെ നടത്തിയ ഹ്രസ്വ കൂടിക്കാഴ്ചയിൽ രാഷ്ട്രീയ വിഷയങ്ങളൊന്നും സംസാരിച്ചില്ലെന്ന സൂചനയാണ് വിദേശകാര്യമന്ത്രാലയം നല്‍കുന്നത്.