'മോദി പ്രഭാവത്തിൽ ഒരു കുറവുമില്ല', ഹരിയാനയും മഹാരാഷ്ട്രയും ബിജെപി പിടിച്ചത് ചുമ്മാതല്ലെന്ന് മാട്രിസ് സര്‍വേ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ താരതമ്യേന ബിജെപി മോശം പ്രകടനമായിരുന്നു കാഴ്ചവച്ചത്.
ദില്ലി: മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസടക്കമുള്ള പ്രതിപക്ഷ പാർട്ടികളെ തകർത്ത് ബിജെപി അധികാരത്തിലേറിയിരുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ താരതമ്യേന ബിജെപി മോശം പ്രകടനമായിരുന്നു കാഴ്ചവച്ചത്. എന്നാൽ ഇതിന് പിന്നാലെ നടന്ന ഇരു സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പ് വിജയം പാര്‍ട്ടിക്ക് വലിയ ആത്മവിശ്വാസം നൽകുകയും ചെയ്തു.ഈ സംസ്ഥാനങ്ങളിൽ ബിജെപിയെ വിജയത്തിലേക്ക് നയിച്ച കാര്യങ്ങൾ വിശദീകരിക്കുന്ന മാട്രിസ് സർവേ പുറത്തുവന്നു.
മൂന്നാം ടേമിലേക്കെത്തുമ്പോൾ മോദി പ്രഭാവം കുറഞ്ഞെന്ന വിലയിരുത്തലുകൾ പുറത്തുവന്നിരുന്നു. എന്നാൽ പുതിയ സര്‍വേ റിപ്പോര്‍ട്ട് തീര്‍ത്തും വ്യത്യസ്തമായ ഫലമാണ് നൽകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാധീനം, ബിജെപിക്കെതിരെ കാര്യമായ വെല്ലുവിളി ഉയർത്തുന്നതിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം പരാജയപ്പെട്ടു എന്നതടക്കമുള്ള നിരവധി ഘടകങ്ങളാണ് തെരഞ്ഞെടുപ്പിൽ ബിജെപി നേട്ടമുണ്ടാക്കാൻ കാരണമായതെന്ന് സർവേ ഫലം പറയുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിലെയും നിയമസഭാ തെരഞ്ഞെടുപ്പിലെയും വോട്ടര്‍മാരുടെ വൈകാരിക മാറ്റങ്ങളും സര്‍വേ ചൂണ്ടിക്കാട്ടുന്നുണ്ട്. ഭരണഘടനാ മാറ്റങ്ങളിൽ ഊന്നിയുള്ള കോൺഗ്രസിന്റെ പ്രചാരണത്തിനുംവോട്ടര്‍മാരിൽ സ്വാധീനം ചെലുത്താൻ സാധിച്ചില്ല തുടങ്ങിയ കാര്യങ്ങളും സര്‍വേ വ്യക്തമാക്കുന്നു. 2024 നവംബർ 25-നും 2024 ഡിസംബർ 14-നും ഇടയിൽ മഹാരാഷ്ട്രയിൽ 76,830 പേരിലും, ഹരിയാനയിൽ 53,647 പേരിലുമാണ് ആണ് സർവേ നടത്തിയത്.
സര്‍വേയിലെ പ്രധാന കണ്ടെത്തലുകൾ
1. പ്രധാനമന്ത്രി മോദിയുടെ സ്ഥായിയായ ജനപ്രീതി
ഈ വർഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 240 സീറ്റുകൾ മാത്രമാണ് ബിജെപി നേടിയതെങ്കിലും, മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ടർമാർക്കിടയിൽ പ്രധാനമന്ത്രി മോദി വൻ ജനപ്രീതി നേടിയെന്ന് സർവേ പറയുന്നു. ശക്തനും ഏറെ സ്വാധീനവുമുള്ള നേതാവെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രതിച്ഛായ മാറ്റമില്ലാതെ തുടരുകയാണ്. മോദിയിൽ ഇരു സംസ്ഥാനങ്ങളിലെയും വോട്ടർമാർ വലിയ വിശ്വാസം നിലനിർത്തിയെന്ന് സർവേ വെളിപ്പെടുത്തുന്നു. മഹാരാഷ്ട്രയിലെ സർവേയിൽ പങ്കെടുത്ത 55 ശതമാനം വോട്ടർമാരും പ്രധാനമന്ത്രി മോദിയുടെ ജനപ്രീതി വര്‍ധിച്ചതായി അഭിപ്രായപ്പെടുന്നു ഹരിയാനയിലെ സര്‍വേയിൽ 53 ശതമാനം പേരും മോദിയുടെ പ്രഭാവം വര്‍ധിച്ചതായാണ് മറുപടി നൽകിയത്.
2. ഭരണഘടനയെക്കുറിച്ചുള്ള കോൺഗ്രസിൻ്റെ വിവരണത്തിൽ ഞെട്ടൽ
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞ ആഖ്യാനത്തിന് തിരിച്ചടിയേറ്റുവെന്ന് സര്‍വേ വ്യക്തമാക്കുന്നു. മോദി സർക്കാർ ഭരണഘടനയിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നു എന്ന പ്രചാരണം ഇരു സംസ്ഥാനങ്ങളിലും തിരിച്ചടിയായി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തിയ ഈ പ്രചാരണം പക്ഷെ, നിയമസഭാ തെരഞ്ഞെടുപ്പിൽ യാതൊരു സ്വാധീനവും ചെലുത്തിയില്ലെന്ന് സര്‍വേ പറയുന്നു. രണ്ട് സംസ്ഥാനങ്ങളിലും, ഭരണഘടനാ മാറ്റം, കാർഷിക നിയമങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉയര്‍ത്തിക്കാട്ടാൻ കോൺഗ്രസ് ശ്രമിച്ചെങ്കിലും ഫലവത്തായില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാർ ഈ വിഷയങ്ങൾ ശ്രദ്ധിച്ചില്ലെന്നും, ഇത് ബിജെപിയുടെ നേട്ടത്തിന് കാരണമായി.
3. കോൺഗ്രസ് നേതൃത്വത്തെക്കുറിച്ചുള്ള വോട്ടറുടെ ധാരണ
മഹാരാഷ്ട്രയിലും ഹരിയാനയിലും പ്രതിപക്ഷത്തിന്റെ മുഖമായി കോൺഗ്രസ് ഉയര്‍ത്തിക്കാട്ടിയ രാഹുൽ ഗാന്ധിയിൽ വോട്ടര്‍മാര്‍ക്ക് വിശ്വാസക്കുറവുണ്ടായെന്നതാണ് സർവേയിലെ മറ്റൊരു പ്രധാന കണ്ടെത്തൽ. പ്രധാനമന്ത്രി മോദിക്ക് വിശ്വസനീയമായ ഒരു ബദൽ അവതരിപ്പിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. ഇതും പ്രതിപക്ഷത്തിന്റെ മോശം പ്രകടനത്തിന് കാരണമായി. പ്രത്യേകിച്ചും പ്രധാനമന്ത്രി മോദിയുടെ ശക്തമായ പ്രതിച്ഛായയുമായി താരതമ്യപ്പെടുത്തുമ്പോൾ രാഹുലിന് ഒപ്പമെത്താനോ ബദലാകാനോ സാധിക്കില്ലെന്ന് ഭൂരിഭാഗം വോട്ടര്‍മാരും അഭിപ്രായപ്പെട്ടു.
4. ലോക്‌സഭാ- നിയമസഭാ തിരഞ്ഞെടുപ്പുകൾക്കിടയിൽ വോട്ടർമാരിലെ മാറ്റം
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യാതിരുന്ന മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും നിരവധി വോട്ടർമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ തീരുമാനം മാറ്റി. ഈ മാറ്റത്തിന് പ്രധാന കാരണം പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലും കേന്ദ്ര ഗവൺമെന്റിന്റെ പ്രവർത്തനങ്ങളിലും വർധിച്ചുവരുന്ന ആത്മവിശ്വാസമാണെന്ന് സവര്‍വേയിൽ വോട്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. മോദി ഭരണത്തിൽ നേട്ടങ്ങളുണ്ടായെന്ന് വോട്ടര്‍മാര‍് കരുതുന്നു. കൃത്യമായ ഒരു ബദൽ വാഗ്ദാനം ചെയ്യുന്നതിൽ പ്രതിപക്ഷത്തിന് കഴിവില്ലെന്നും സര്‍വേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും വിലിയരുത്തുന്നു.
5. ബിജെപിയുടെ 'ഏക് ഹേ ടു സേഫ് ഹെയ് സന്ദേശം
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സന്ദേശം ജനങ്ങൾ ഏറ്റെടുത്തുവെന്നും മാട്രിസ് സർവേ പറയുന്നു. 'ഏക് ഹേ ടു സേഫ് ഹെയ്' (ഒന്നിച്ചു നിന്നാൽ സുരക്ഷിതര്‍) എന്ന മുദ്രാവാക്യം വോട്ടര്‍മാര്‍ ഏറ്റെടുത്തു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ സ്ഥിരത, ദേശീയ സുരക്ഷ, സാമ്പത്തിക വളർച്ച എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള പ്രചാരണവും മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപിക്ക് നേട്ടമായെന്നും സര്‍വേ പറയുന്നു.
6. പ്രാദേശിക നേതൃത്വം
ഹരിയാനയിൽ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിൽ നിന്ന് പുതിയ മുഖങ്ങളിലേക്കുള്ള നേതൃമാറ്റവും ബിജെപിയുടെ വിജയത്തിന് കാരണമായെന്ന് സര്‍വേ പറയുന്നു. നേതൃമാറ്റം ബിജെപിയെ വിശ്വാസം വീണ്ടെടുക്കാൻ സഹായിച്ചു. നേതൃമാറ്റം ഗുണപരമായ സ്വാധീനം ചെലുത്തിയെന്ന് 44 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. ശക്തരായ പ്രാദേശിക ബി ജെ പി നേതാക്കളുടെ സാന്നിധ്യം, സംഘടിതമായ പ്രചാരണവും പാർട്ടിയെ വിജയത്തിലേക്ക് നയിച്ചു.
7. സർക്കാർ പദ്ധതികളുടെയും പ്രാദേശിക പിന്തുണയുടെയും പങ്ക്
പ്രാദേശിക പ്രശ്‌നങ്ങളിലും ക്ഷേമ പദ്ധതികളിലും ബി ജെ പി ശ്രദ്ധ കേന്ദ്രീകരിച്ചതും വോട്ടർമാരുടെ പിന്തുണ നേടുന്നതിൽ നിർണായക പങ്ക് വഹിച്ചതായി സര്‍വേ പറയുന്നു. രണ്ട് സംസ്ഥാനങ്ങളിലും, ബി ജെ പി സര്‍ക്കാറിന്റെ കൃഷി, അടിസ്ഥാന സൗകര്യ വികസനം, ഗ്രാമവികസനം തുടങ്ങിയ മേഖലകളിൽ നല്ല നേട്ടങ്ങളുണ്ടാക്കിയെന്നാണ് ഭൂരിഭാഗം വോട്ടര്‍മാരുടെയും അഭിപ്രായം.