'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്, ഇന്ത്യയുടെ നല്ല ഭാവിക്കായി 11 കാര്യങ്ങൾ', സഭയിൽ അവതരിപ്പിച്ച് പ്രധാനമന്ത്രി

 ഭരണഘടനാ മൂല്യങ്ങളോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ശക്തിപ്പെടുത്താൻ ഇവ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി പറ‍ഞ്ഞു.

PM Modi proposes 11 ambitious resolutions for India s future

ദില്ലി: ശോഭനവും കൂടുതൽ ഏകീകൃതവുമായ ഭാവിക്കായി ഇന്ത്യയെ നയിക്കാൻ 11 കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനയുടെ 75-ാം വാർഷികത്തിൽ ലോക്സഭയിൽ നടന്ന ചർച്ചയ്ക്കിടെ ആയിരുന്നു പ്രധാനമന്ത്രി ഇന്ത്യയുടെ ഭാവിക്കായി അനുവര്‍ത്തിക്കേണ്ട 11 നിര്‍ദേശങ്ങൾ അവതരിപ്പിച്ചത്. സമകാലികമായ വെല്ലുവിളികൾ അഭിമുഖീകരിക്കുമ്പോൾ  ഭരണഘടനാ മൂല്യങ്ങളോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ശക്തിപ്പെടുത്താൻ ഇവ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി പറ‍ഞ്ഞു.

ഐക്യം, സമഗ്രത, പുരോഗതി എന്നീ വിഷയങ്ങളിൽ ഊന്നി, 'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്" കാഴ്ചപ്പാടും ഉൾക്കൊണ്ടുള്ളതാണ് ഈ നിര്‍ദേശങ്ങൾ. അഴിമതിയോട് സഹിഷ്ണുത കാണിക്കരുത്, രാഷ്ട്രീയത്തിലെ സ്വജനപക്ഷപാതം അവസാനിപ്പിക്കണം, സ്ത്രീ ശാക്തീകണം വികസനത്തിലൂടെയാവണം, നിയമപാലനത്തിൽ അഭിമാനിക്കണം, അടിമത്ത മനോഭാവത്തിൻ്റെ അവശിഷ്ടങ്ങൾ പോലും ഇല്ലാതാക്കണം എന്നതടക്കം 11 പ്രമേയങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ടുവയ്ക്കുന്നത്.

പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങൾക്കുള്ള സംവരണം സംരക്ഷിക്കപ്പെടണം, എന്നാൽ മതത്തിന്റെ അടിസ്ഥാനത്തിൽ അത് വിപുലീകരിക്കുകയില്ലെന്ന് ഉറപ്പുവരുത്തുമെന്നുമുള്ള സർക്കാര്‍ പ്രതിജ്ഞ മോദി വീണ്ടും ആവര്‍ത്തിച്ചു. ഇന്ത്യയുടെ ഐക്യവും ഭരണവും രൂപപ്പെടുത്തുന്നതിൽ ഭരണഘടനയുടെ നിർണായക പങ്കിനെ കുറിച്ചും അദ്ദേഹം വാചാലനായി.

ഇന്ത്യയുടെ ഭാവിക്കായി പ്രധാനമന്ത്രി മുന്നോട്ടുവച്ച 11 പ്രമേയങ്ങൾ

1- പൗരനായാലും അത് സർക്കാരായാലും.. എല്ലാവരും അവരവരുടെ കടമ നിർവഹിക്കുക
2-'സബ്‌കാ സാത്ത്, സബ്‌കാ വികാസ്' ഓരോ പ്രദേശവും എല്ലാ സമൂഹവും വികസനത്തിന്റെ പ്രയോജനം നേടണം, എല്ലാവരും ഒരുമിച്ച് വികസിക്കണം.
3- 'അഴിമതിയോട് സഹിഷ്ണുത അരുത്' അഴിമതിക്കാര്‍ക്ക് സാമൂഹിക അഗീകാരം നൽകാതിരിക്കുക
4- രാജ്യത്തെ നിയമങ്ങൾ, പൗരന്മാര്‍ രാജ്യത്തിന്റെ നിയമങ്ങൾ പാലിക്കുന്നതിലും പാരമ്പര്യത്തിലും അഭിമാനിക്കുക 
5- അടിമത്ത മനോഭാവത്തിൻ്റെ അവശിഷ്ടങ്ങൾ പോലും ഇല്ലാതാക്കണം, നാടിന്റെ പൈതൃകത്തിൽ അഭിമാനിക്കുക.
6- സ്വജനപക്ഷപാതത്തിൽ നിന്ന് മുക്തമാകുന്നതാകണം രാജ്യത്തിന്റെ രാഷ്ട്രീയം.
7- ഭരണഘടന  മാനിക്കപ്പെടണം; അത് രാഷ്ട്രീയ നേട്ടത്തിന് ആയുധമാക്കാതിരിക്കുക
8- ഭരണഘടനയുടെ ആത്മാവിനെ മാനിച്ച് സംവരണം ആരിൽ നിന്നും തട്ടിയെടുക്കരുത്, മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകാനുള്ള എല്ലാ ശ്രമങ്ങളും അവസാനിപ്പിക്കുക
9- സ്ത്രീകളിലൂടെയുള്ള വികസനത്തിൽ ഇന്ത്യ ലോകത്തിന് മാതൃകയാകണം
10- 'സംസ്ഥാന വികസനത്തിലൂടെ രാജ്യത്തിന്റെ വികസനം..' ഇതായിരിക്കണം നമ്മുടെ വികസന മന്ത്രം ("രാജ്യ സേ രാഷ്ട്ര കാ വികാസ്").
11- 'ഏക ഇന്ത്യ, ശ്രേഷ്ടമായ ഇന്ത്യ'("ഏക് ഭാരത് ശ്രേഷ്ഠ ഭാരത്") എന്ന ലക്ഷ്യം പരമപ്രധാനമായിരിക്കണം 

Latest Videos
Follow Us:
Download App:
  • android
  • ios