'നിശബ്ദ പ്രചാരണ ദിവസം വാര്‍ത്താ തലക്കെട്ടുകളില്‍ നിറയാനുള്ള നാടകം', മോദിക്കെതിരെ പ്രതിപക്ഷം 

മോദി ഹിന്ദുമത വിശ്വാസിയാണെന്നും, ധ്യാനത്തില്‍ നിന്ന് കോണ്‍ഗ്രസിനെ ആരും തടഞ്ഞിട്ടില്ലല്ലോയെന്നും ബിജെപി തിരിച്ചടിച്ചു.

pm modi meditation in kanyakumari is a drama says opposition parties

ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധ്യാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. നിശബ്ദ പ്രചാരണ ദിവസം വാര്‍ത്താ തലക്കെട്ടുകളില്‍ നിറയാനുള്ള നാടകമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടില്ല. മോദി ഹിന്ദുമത വിശ്വാസിയാണെന്നും, ധ്യാനത്തില്‍ നിന്ന് കോണ്‍ഗ്രസിനെ ആരും തടഞ്ഞിട്ടില്ലല്ലോയെന്നും ബിജെപി തിരിച്ചടിച്ചു.

ഓംകാര ശബ്ദത്തിന്‍റെ പശ്ചാത്തലത്തില്‍ ധ്യാനനിരതനായി പ്രധാനമന്ത്രി. അവസാന ഘട്ട തെരഞ്ഞെടുപ്പിന്‍റെ നിശബ്ദ പ്രചാരണ ദിനത്തില്‍ മോദിയുടെ ദൃശ്യങ്ങള്‍ പുറത്തേക്ക് വരുമ്പോള്‍ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ധ്യാനം തടയണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും കോണ്‍ഗ്രസ്, ഡിഎംകെ, സിപിഎം തുടങ്ങിയ പാര്‍ട്ടികളുടെ പരാതിയില്‍ ഇടപെടലുണ്ടായില്ല. നാളെ മോദിയുടെ മണ്ഡലമായ വാരാണസിയിലടക്കം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ധ്യാനം തുടരുന്നത്. വാരണസിയില്‍ തോല്‍വി ഭയന്നുള്ള മോദിയുടെ നാടകമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. 

ധ്യാനിച്ചിരിക്കുന്ന മോദിയുടെ പല  ആംഗിളുകള്‍ ക്യാമറയില്‍ ചിത്രീകരിക്കുന്നത് പ്രമേയമാക്കിയ കാര്‍ട്ടൂണ്‍ പങ്കുവച്ചായിരുന്നു മോദിയുടെ സ്ഥിരം വിമര്‍ശകയായ മഹുവമൊയ്ത്രയുടെ പരിഹാസം. പ്രതിപക്ഷ വിമര്‍ശനം ശക്തമാകുമ്പോള്‍ ബിജെപി മോദിക്ക് പ്രതിരോധം തീര്‍ത്തു. ഹിന്ദുമത വിശ്വാസിയായ മോദി എന്ത് ചെയ്താലും പ്രതിപക്ഷം കുറ്റപ്പെടുത്തുകയാണെന്നും കോണ്‍ഗ്രസിനും ആയിക്കൂടേയെന്നും പാര്‍ട്ടി വക്താവ് ഷാനവാസ് ഹുസൈന്‍ പ്രതികരിച്ചു. കേദാര്‍നാഥില്‍ നടത്തിയ ധ്യാനത്തിന്‍റെ ആനുകൂല്യം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കിട്ടിയിരുന്നുവെന്ന വിലയിരുത്തലിലാണ് ഇക്കുറി മോദി കന്യാകുമാരിയിലേക്ക് നീങ്ങിയത്. 45 മണിക്കൂര്‍ ധ്യാനം നാളെയും തുടരുമ്പോള്‍ ഹിന്ദു വികാരം പൂര്‍ണ്ണമായും അനുകൂലമാക്കാനാണ് നീക്കം. 

Latest Videos
Follow Us:
Download App:
  • android
  • ios