രാജ്യം ഡ്രോൺ വൈദഗ്ധ്യത്തില്‍ മുന്‍നിരയിലേക്ക്; ജനകീയമാക്കാൻ സ്റ്റാർട്ടപ്പുകൾ ഉപയോഗപ്പെടുത്താം: പ്രധാനമന്ത്രി

ദില്ലി പ്രഗതി മൈതാനത്ത് നടന്ന ചടങ്ങ് രാജ്യത്തെ ഏറ്റവും വലിയ ഡ്രോൺ ഫെസ്റ്റിവലാണ്. പ്രത്യേക പരിശീലനം പൂർത്തിയാക്കിയ 150 ഡ്രോൺ പൈലറ്റുമാർക്ക് സർട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു

PM Modi inaugurates Bharat Drone Mahotsav at Pragati Maidan

ദില്ലി: കാഴ്ചയുടെയും സാങ്കേതിക വൈദഗ്ധ്യത്തിന്‍റെയും പുതിയ തലങ്ങൾ ലോകത്തിന് പരിചയപ്പെടുത്തിയ കുഞ്ഞന്‍ പറക്കും യന്ത്രങ്ങൾ. കൊച്ചുചിറകുകളുമായി മൂളിപ്പറന്ന് ഡ്രോണുകളിപ്പോൾ നഗരങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങൾ മുതല്‍ മനുഷ്യവാസമില്ലാത്ത മേഖലകളില്‍പോലും എത്തികഴിഞ്ഞു. ഈ സാഹര്യത്തിലാണ് ഡ്രോണുകളെ ജനകീയമാക്കാനുള്ള പദ്ദതികളുമായി ഭാരത് ഡ്രോൺ മഹോത്സവം കേന്ദ്രം സംഘടിപ്പിച്ചത്. ദില്ലി പ്രഗതി മൈതാനത്ത് നടന്ന ചടങ്ങ് രാജ്യത്തെ ഏറ്റവും വലിയ ഡ്രോൺ ഫെസ്റ്റിവലാണ്. പ്രത്യേക പരിശീലനം പൂർത്തിയാക്കിയ 150 ഡ്രോൺ പൈലറ്റുമാർക്ക് സർട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു. ചടങ്ങില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും മുന്‍പ് സംസാരിച്ച കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഡ്രോണുകൾ രാജ്യത്ത് വാക്സിന്‍ വിതരണത്തിലടക്കം സഹായമായെന്ന് പറഞ്ഞു. ഗ്രാമങ്ങളിലും നഗരങ്ങളിലും മാപ്പിംഗ് നടത്താനടക്കം കേന്ദ്രം ഡ്രോൺ ഉപയോഗിച്ചു. 2026 ആകുമ്പോഴേക്കും ഡ്രോണുമായി ബന്ധപ്പെട്ട് വ്യവസായം 15000 കോടി രൂപയുടേതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് ഇതിനോടകം 270 സ്റ്റാർട്ടപ്പുകൾ ഡ്രോൺ ടെക്നോളജിയുമായി ബന്ധപ്പെട്ടുണ്ടെന്നും ജ്യോതിരാധിത്യ സിന്ധ്യ പറഞ്ഞു.

രാജ്യം ലോകത്തിന് മുന്നില്‍ ഡ്രോൺ ടെക്നോളജിയുടെ ഹബ്ബാകണം

ചടങ്ങ് ഉല്‍ഘാടനം ചെയ്ത പ്രധാനമന്ത്രി പ്രസംഗത്തിലുടനീളം ഡ്രോൺ സാങ്കേതിക വിദ്യ എത്രത്തോളം രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കാനാകുമെന്നാണ് വിവരിച്ചത്. ജനങ്ങളിലേക്ക് ടെക്നോളജി എത്തിക്കാന്‍ ഭയന്നെന്ന് ആരോപിച്ച്  കോൺഗ്രസിനെ വിമർശിക്കാനും മോഡി മറന്നില്ല. ''രാജ്യം ഡ്രോൺ ടെക്നോളജി ഉപയോഗപ്പെടുത്തുന്നതിലൂടെ ലോകത്തിന്‍റെ തന്നെ മുന്‍നിരയിലേക്കെത്തുകയാണ്. രാജ്യത്ത് ഭരണം സുഗഗമാക്കാന്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തണം. കാർഷിക മേഖലയിലും ഡ്രോണിന്‍റെ സാധ്യതകൾ വലുതാണ്. വിത്ത് വിതയ്ക്കാനും നനയ്ക്കാനും എല്ലാം ഡ്രോൺ ഉപയോഗിക്കാം. സുരക്ഷാ സേനകൾക്ക് ഡ്രോൺ വലിയ സാധ്യതയാണ് നല്‍കുന്നത്. എത്തിപ്പെടാന്‍ ബുദ്ദിമുട്ടുളള മേഖലകളിലടക്കം ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്താനാകും. എന്നാല്‍ നേരത്തെ ഭരിച്ചവർ സാങ്കേതിക വിദ്യയെ ഒരു പ്രശ്നമായാണ് കണ്ടിരുന്നത്. ചിലർ ഇതേപ്പറ്റി പറഞ്ഞ് ജനങ്ങളില്‍ ഭീതി പടർത്തി. അതുകാരണം സാങ്കേതിക വിദ്യകൾ സാധാരണക്കാർക്ക് അപ്രാപ്യമായതോടെ വലിയ അന്തരമുണ്ടായി. എന്നാല്‍ ഈ സർക്കാർ കഴിഞ്ഞ‌ 8 വർഷമായി രാജ്യത്തെ ജനങ്ങിലേക്ക് ടെക്നോളജി എത്തിക്കുന്നു. ഇതുവഴി ജനങ്ങൾക്ക് ടെക്നോളജിയോടുള്ള ഭയം ഇല്ലാതാക്കിയെന്നും മോഡി പറഞ്ഞു. ഡ്രോൺ ഉപയോഗത്തിലെ നിയന്ത്രണങ്ങളില്‍ ആവശ്യമില്ലാത്തതെല്ലാം എടുത്തുകളഞ്ഞെന്നും, ഇനിയും സാധ്യതകൾ ഉപയോഗപ്പെടുത്താനുള്ള എല്ലാ വഴികളും നോക്കുമെന്നും'' മോഡി പ്രഖ്യാപിച്ചു.

കൂടുതല്‍ ഇളവുകൾ വരുമോ ?

ഡ്രോൺ പറത്തുന്നതുമയി ബന്ധപ്പെട്ട് അന്നുവരെ പിന്തുടർന്നിരുന്ന അൺമാന്‍ഡ് എയർക്രാഫ്റ്റ്സ് സിസ്റ്റംസ് (UAS ) നിയമങ്ങൾക്ക് ബദലായി ഇളവുകളനുവദിച്ചുള്ള ഡ്രോൺ നിയമങ്ങൾ 2021 ആഗസ്ററിലാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇന്ത്യയിലെതന്നെ ഏറ്റവു വലിയ ഡ്രോൺ ഫെസ്റ്റിവലായ ഭാരത് ഡ്രോൺ മഹോത്സവത്തില്‍ ഡ്രോൺ പറത്താന്‍ കൂടുതല്‍ ഇളവുകൾ നല്‍കുന്നതിനെകുറിച്ചുള്ള സൂചനകൾ നല്‍കുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ നിയന്ത്രണങ്ങൾ ചുരുക്കിയെന്നും സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ആഹ്വാനം ചെയ്ത മോദി ഇളവുകളെ കുറിച്ചു പ്രസംഗത്തില്‍ പറഞ്ഞിട്ടില്ല. പക്ഷേ ഡ്രോൺ ഉപയോഗത്തിന്‍റെ സാധ്യത ജനങ്ങളിലേക്കെത്തിക്കാന്‍ എല്ലാതരത്തിലും സർക്കാർ ശ്രമിക്കുമെന്ന ഉറപ്പ് നല്‍കുന്നുണ്ട്. ഇതിലൂടെ ഡ്രോൺ പൈലറ്റുമാർ ഏറെ നാളായി ആവശ്യപ്പെടുന്ന ഇളവുകൾ ആവശ്യമെങ്കില്‍ പരിഗണിക്കുമെന്ന സൂചനയാണ് കേന്ദ്രം നല്‍കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios