ജന്മദിനത്തിൽ റെക്കോർഡ് വാക്സിനേഷന്‍; നന്ദി പറഞ്ഞ് മോദി
ഇന്ന് ഇന്ത്യയുടെ വാക്സിനേഷന്‍ 2.30 കോടി പിന്നീട്. രാത്രി വൈകി കൂടുതല്‍ കണക്ക് വരുന്നതോടെ ചൈനീസ് റെക്കോഡ് രാജ്യം പിന്നിടുമെന്നാണ് സൂചന.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം ജന്മദിനത്തിൽ റെക്കോർഡ് കൊവിഡ് വാക്സീനേഷൻ എന്ന ലക്ഷ്യം യഥാർത്ഥ്യമായി. കോവിൻ പോർട്ടലിലെ കണക്ക് അനുസരിച്ച് വൈള്ളിയാഴ്ച രണ്ടര കോടി ആളുകൾ രാജ്യത്ത് വാക്സീൻ സ്വീകരിച്ചിട്ടുണ്ട്.
ജൂൺ മാസത്തിൽ തങ്ങളുടെ 2.47 കോടി പൗരൻമാർക്ക് വാക്സീൻ നൽകിയ ചൈനയാണ് ഒറ്റദിവസം കൊണ്ട് ഏറ്റവും കൂടുതൽ പേരെ വാക്സീൻ ചെയ്ത രാജ്യം.
ഈ റെക്കോർഡാണ് പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ ഇന്ത്യ മറികടന്നത് എന്നാണ് പ്രധാനമന്ത്രിയുടെ ട്വീറ്റുകള്‍ സൂചിപ്പിക്കുന്നത്. റെക്കോർഡ് വാക്സിനേഷനിൽ എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ച് പ്രധാനമന്ത്രി രംഗത്തെത്തി. എല്ലാ ഇന്ത്യാക്കാർക്കും അഭിമാനമേകുന്നതാണ് വാക്സിനേഷനിലെ റെക്കോർഡ് ദിനമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
അതേ സമയം ജന്മദിനാശംസകള്‍ക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു. നിങ്ങളുടെ ഒരോ ആശംസയും മഹത്തായ ഈ രാജ്യത്തിന് വേണ്ടി ഇതിലും കഠിനമായി പ്രയത്നിക്കാന്‍ ശക്തി നല്‍കുന്നതാണ്. അതിന് എന്‍റെ ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്നും ആശംസ നേര്‍ന്ന ഒരോ വ്യക്തിയോടും നന്ദി പറയുന്നു - പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
പല വ്യക്തികളും സംഘടനകളും ഇന്ന് സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി. അവരുടെ മൂല്യം കണക്കിലെടുക്കാന്‍ പറ്റാത്ത സേവനത്തിന് അവരെയെല്ലാം സല്യൂട്ട് ചെയ്യുന്നു. സമൂഹത്തിന് എന്തെങ്കിലും തിരിച്ചുനല്‍കണമെങ്കില്‍ മറ്റുള്ളവരെ സഹായിക്കുന്നതില്‍പ്പരം നല്ല മാര്‍ഗ്ഗം വേറെയില്ല - പ്രധാനമന്ത്രി പറയുന്നു.
മാധ്യമങ്ങളിലൂടെ പല പഴയകാല ഓര്‍മ്മകളിലേക്കും തിരിച്ചുപോകാന്‍ കഴിഞ്ഞു. ഒരോ വര്‍ഷവും കഴിഞ്ഞ പല കാര്യങ്ങളും അവര്‍ നന്നായി അവതരിപ്പിച്ചു. മാധ്യമങ്ങളോട് ഇതിന് നന്ദിയുണ്ട്. അവരുടെ ക്രിയാത്മകതയെ അഭിനന്ദിക്കുന്നു- മോദി ട്വീറ്റിലൂടെ അറിയിക്കുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona