ആശ വർക്കർമാർക്ക് ലോകാരോഗ്യ സംഘടന പുരസ്കാരം; 'ആരോഗ്യ ഇന്ത്യയുടെ മുന്നണി പോരാളികൾ' അഭിനന്ദിച്ച് പ്രധാനമന്ത്രി
ആരോഗ്യ ഇന്ത്യയുടെ മുന്നണി പോരാളികളാണ് ആശ വർക്കർമാരെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവരുടെ അർപ്പണബോധവും, നിശ്ചയദാർഡ്യവും പ്രശംസനീയമെന്നും മോദി പറഞ്ഞു.
ദില്ലി: രാജ്യത്തെ ആശ വർക്കർമാർക്ക് ലോകാരോഗ്യ സംഘടനയുടെ പുരസ്കാരം ലഭിച്ചതിൽ അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
ആരോഗ്യ ഇന്ത്യയുടെ മുന്നണി പോരാളികളാണ് ആശ വർക്കർമാരെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവരുടെ അർപ്പണബോധവും, നിശ്ചയദാർഡ്യവും പ്രശംസനീയമെന്നും മോദി പറഞ്ഞു.
ഇന്ത്യയിലെ 10 ലക്ഷത്തോളം വരുന്ന ആശ പ്രവർത്തകർക്കാണ് ആരോഗ്യമേഖലയിലെ അതുല്യ സേവനത്തിനുള്ള പുരസ്കാരം ലഭിച്ചത്. ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ആറ് അവാർഡുകളിൽ ഒന്നാണ് ആശ പ്രവർത്തകർക്ക് ലഭിച്ചത്. പുരസ്കാരം ഗ്രാമീണ ഇന്ത്യയിൽ നൽകുന്ന ആരോഗ്യ സേവനങ്ങൾക്കും കൊവിഡ് കാലത്തെ അസാധാരണ പ്രവർത്തനത്തിനുമുള്ള അംഗീകാരമാണ്. ജനീവയിൽ ലോകാരോഗ്യ അസംബ്ലിയിൽ ലോകാരോഗ്യ സംഘടനയുടെ മേധാവി റ്റെഡ്റോസ് അധാനോമാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ആശ സേന കൊവിഡ് കാലത്തടക്കം നൽകിയത് വിലമതിക്കാനാവാത്ത സേവനമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. അഫ്ഗാനിസ്ഥാനിൽ ഭീകരരുടെ വെടിയേറ്റ് മരിച്ച പോളിയോ വാക്സീൻ ദൗത്യ സംഘത്തിനും പുരസ്കാരമുണ്ട്.