കോൺഗ്രസ് ഭരിക്കുന്നിടത്ത് വികസനം വഴിമുട്ടിയെന്ന് പ്രധാനമന്ത്രി; വ്യാജവാഗ്ദാനം നൽകി വഞ്ചിക്കുന്നുവെന്നും വിമർശം
തെലങ്കാന, കർണാടക, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ പരിഹാസം
ദില്ലി: വ്യാജ വാഗ്ദാനങ്ങൾ നൽകി കോൺഗ്രസ് ജനങ്ങളെ വഞ്ചിക്കുകയാണെന്ന രൂക്ഷ വിമർശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എല്ലാം സാമ്പത്തിക പ്രതിസന്ധി കാരണം വികസനം വഴിമുട്ടി നിൽക്കുകയാണ്. കോൺഗ്രസിൻ്റെ വ്യാജ വാഗ്ദാനങ്ങളിൽ ഇരയാകുന്നത് ഈ സംസ്ഥാനങ്ങളിലെ കർഷകരും, യുവാക്കളും, സ്ത്രീകളും അടക്കമുള്ളവരാണ്. വ്യാജ വാഗ്ദാനങ്ങൾ കാരണം നിലവിലുള്ള പദ്ധതികളെ പോലും ബാധിക്കുന്നുവെന്നും മോദി കുറ്റപ്പെടുത്തി.
കോൺഗ്രസിന് വോട്ട് ചെയ്താൽ അത് ഭരണമില്ലായ്മക്കുള്ള വോട്ടാണെന്നും അദ്ദേഹം പരിഹസിച്ചു. തെലങ്കാന, കർണാടക, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ പരിഹാസം. എന്നാൽ മോദിയുടെ ഗ്യാരണ്ടി 140 കോടി ജനങ്ങളോടുള്ള ക്രൂരമായ തമാശയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ തിരിച്ചടിച്ചു. വർഷത്തിൽ 2 കോടി ജോലിയും, വിലക്കയറ്റവും, നേരത്തെ നൽകിയ വമ്പൻ വാഗ്ദാനങ്ങളും ചൂണ്ടിക്കാട്ടിയാണ് ഖാർഗെയുടെ പരിഹാസം.