കൊവിഡ്: പ്രായമായവർക്കുള്ള ക്ഷേമ നടപടികൾ അറിയിക്കാൻ സംസ്ഥാനങ്ങൾക്ക് നാലാഴ്ച കൂടി സമയം നൽകി സുപ്രീംകോടതി
കൊവിഡ് കാലത്ത് മുതിര്‍ന്ന പൗരൻമാരുടെ ക്ഷേമത്തിനും സുരക്ഷക്കും സ്വീകരിക്കുന്ന നടപടികളെ കുറിച്ച് അറിയിക്കാൻ സംസ്ഥാനങ്ങൾക്ക് നാലാഴ്ചത്തെ സമയം കൂടി അനുവദിച്ച് സുപ്രീംകോടതി
ദില്ലി: കൊവിഡ് കാലത്ത് മുതിര്‍ന്ന പൗരൻമാരുടെ ക്ഷേമത്തിനും സുരക്ഷക്കും സ്വീകരിക്കുന്ന നടപടികളെ കുറിച്ച് അറിയിക്കാൻ സംസ്ഥാനങ്ങൾക്ക് നാലാഴ്ചത്തെ സമയം കൂടി അനുവദിച്ച് സുപ്രീംകോടതി. മുൻ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ അശ്വനി കുമാര്‍ നൽകിയ ഹര്‍ജിയിലാണ് നടപടി. ഓഗസ്റ്റ് നാലിനാണ് ഹര്‍ജി ഫയൽ ചെയ്തത്. ഒഡിഷയും പഞ്ചാബും മാത്രമാണ് ഇത് വരെ മറുപടി നൽകിയത്.
മണിപ്പൂരും സത്യവാങ്മൂലം സമർപ്പിച്ചെങ്കിലും വ്യക്തത ആവശ്യപ്പെട്ട് തിരിച്ചയച്ചു. അർഹതപ്പെട്ട മുതിർന്ന പൌരന്മാർക്ക് പെൻഷനും അത്യാവശ്യ മരുന്നുകളും സാനിറ്റൈസറും മാസ്കുകളും നൽകണമെന്ന് ഓഗസ്റ്റ് നാലിന് കേസ് പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചിരുന്നു. ജസ്റ്റിസ് ആർഎസ് റെഡ്ഡി, എംആർ ഷാ എന്നിവരും ബെഞ്ചിലുൾപ്പെടുന്നുണ്ട്.
മുതിർന്ന പൌരന്മാർക്ക് സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്ക് മുൻഗണന നൽകണമെന്നും മറ്റ് ക്ഷേമ സംവിധാനങ്ങൾ ഉറപ്പുവരുത്തണമെന്നുമാണ് ഹർജിയിൽ പറയുന്നത്. ഇത് ശരിവച്ച കോടതി സംസ്ഥാനങ്ങൾ സ്വീകരിച്ച, സ്വീകരിക്കുന്ന നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാനായിരുന്നു കോടതി സമയം അനുവദിച്ചത്. സംസ്ഥാനങ്ങളുടെ പ്രതികരണം ലഭിക്കാത്ത സാഹചര്യത്തിലാണ് നാല് ആഴ്ചത്തെ സമയം കൂടി അനുവദിച്ചിരിക്കുന്നത്.