തമിഴ്നാടിനെ വിഭജിച്ച് കൊങ്കു നാട് എന്ന കേന്ദ്ര ഭരണപ്രദേശമോ? പ്രതിഷേധം ഇരമ്പുന്നു
കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നീലഗിരി ഉള്‍പ്പെടുന്ന കൊങ്കുമേഖലയെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുമെന്നാണ് തമിഴ് ദിനപത്രങ്ങളിലെ റിപ്പോര്‍ട്ട്. കൊങ്കുമേഖലയില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രി എല്‍ മുരുകന് ഇതിന്‍റെ ചുമതല നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചെന്നൈ: തമിഴ്നാടിനെ വിഭജിച്ച് കൊങ്കുമേഖലയെ കേന്ദ്രഭരണപ്രദേശമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. തമിഴ് ദിനപ്രങ്ങളിലെ വാര്‍ത്തയ്ക്ക് പിന്നാലെ തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നു. ഈറോഡില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പത്രങ്ങള്‍ തമിഴ് സംഘടനകള്‍ കത്തിച്ചു. കേന്ദ്രം വിശദീകരണം നല്‍കണമെന്ന് ഡിഎംഡികെ ആവശ്യപ്പെട്ടു. ഇതിനിടെ ഈറോഡിലെ മുതിര്‍ന്ന അണ്ണാഡിഎംകെ നേതാവും മുൻ മന്ത്രിയുമായിരുന്ന തോപ്പ് വെങ്കടാചലം ഡിഎംകെയില്‍ ചേര്‍ന്നു.
കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നീലഗിരി ഉള്‍പ്പെടുന്ന കൊങ്കുമേഖലയെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുമെന്നാണ് തമിഴ് ദിനപത്രങ്ങളിലെ റിപ്പോര്‍ട്ട്. കൊങ്കുമേഖലയില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രി എല്‍ മുരുകന് ഇതിന്‍റെ ചുമതല നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
എല്‍ മുരുകനെ കൊങ്കുനാട്ടില്‍ നിന്നുള്ള മന്ത്രിയെന്നും പുതിയ അധ്യക്ഷന്‍ അണ്ണാമലൈയെ കൊങ്കുനേതാവെന്നുമാണ് ബിജെപി വിശേഷിപ്പിച്ചിരുന്നത്. കൊങ്കുനാടിന് കീഴിൽ നിലവിൽ പത്തു ലോക്‌സഭാ മണ്ഡലങ്ങളും, 61 നിയമസഭാ മണ്ഡലങ്ങളുണ്ട്. സമീപ മേഖലയിലെ കുറച്ചു മണ്ഡലങ്ങൾ കൂടി ചേർത്ത് 90 നിയമസഭാ മണ്ഡലങ്ങളോടെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാന്‍ ചര്‍ച്ച നടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് നീക്കമെന്നും തമിഴ് ദിനപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ തമിഴ്നാട് വിഭജിച്ച് ഭരിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. .കോയമ്പത്തൂരില്‍ ഡിഎംഡികെ പ്രതിഷേധ ധര്‍ണ്ണ നടത്തി. കരൂരില്‍ തന്തെയ്പെരിയാര്‍ ദ്രാവിഡ സംഘടന പ്രതിഷേധ മാര്‍ച്ച് നടത്തി. കേന്ദ്രം വിശദീകരണം നല്‍കണമെന്ന് തമിഴ് സംഘടനകള്‍ ആവശ്യപ്പെട്ടു. അണ്ണാഡിഎംകെയ്ക്ക് ശക്തമായ വേരോട്ടമുള്ള മേഖലയാണ് കൊങ്കുജില്ലകള്‍. പ്രതിഷേധങ്ങള്‍ക്കിടെ അണ്ണാഡിഎംകെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ തോപ്പ് വെങ്കടാചലം ഡിഎംകെയില്‍ ചേര്‍ന്നു. വെങ്കടാചലത്തിന്‍റെ നൂറ് കണക്കിന് അനുയായികളും പാര്‍ട്ടി വിട്ടു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona