'രാജീവ് ഗാന്ധി വധത്തിന് പിന്നിലെ നിഗൂഢത നീക്കണം'; സത്യം പുറത്ത് വരണമെന്ന് പേരറിവാളനും അര്‍പ്പുതാമ്മാളും
അമ്മയുടെ പോരാട്ടത്തിന്‍റെ ഫലമാണ് താന്‍ ഇന്നിവിടെ ഇരിക്കുന്നതെന്ന മുഖവുരയോടെയാണ് പേരറിവാളന്‍ സംസാരം തുടങ്ങിയത്. മുപ്പത്തൊന്ന് കൊല്ലത്തെ ജയില്‍ വാസവും മോചനത്തിനായി അമ്മ അര്‍പുതമ്മാളിന്‍റെ പോരാട്ടവും.
കോഴിക്കോട്: രാജീവ് ഗാന്ധി വധത്തിന് പിന്നിലെ നിഗൂഢത പുറത്ത് വരണമെന്ന് കേസില്‍ ജയില്‍ മോചിതനായ പേരറിവാളന്‍. അമ്മ അര്‍പുതാമ്മാളിനൊപ്പം കോഴിക്കോട് ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കേസിലെ സത്യാവസ്ഥ പുറത്ത് വരണമെന്നും പേരറിവാളനും അമ്മയും പറഞ്ഞു.
അമ്മയുടെ പോരാട്ടത്തിന്‍റെ ഫലമാണ് താന്‍ ഇന്നിവിടെ ഇരിക്കുന്നതെന്ന മുഖവുരയോടെയാണ് പേരറിവാളന്‍ സംസാരം തുടങ്ങിയത്. മുപ്പത്തൊന്ന് കൊല്ലത്തെ ജയില്‍ വാസവും മോചനത്തിനായി അമ്മ അര്‍പുതമ്മാളിന്‍റെ പോരാട്ടവും. നീതിക്കായി പോരാടുന്നവര്‍ക്ക് പ്രചോദനമാണ് അമ്മയുടെ ജീവിതമെന്നും പേരറിവാളന്‍ പറഞ്ഞു. രാജീവ് ഗാന്ധി വധക്കേസ് ഇന്നും പൂര്‍ത്തിയാവാതെ അവശേഷിക്കുകയാണ്. സത്യം പുറത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മോചനത്തിന് വഴിയൊരുത്തിയതില്‍ നിര്‍ണ്ണായകമായത് എസ് പി ത്യാഗരാജന്‍റെ റിപ്പോര്‍ട്ടാണ്. കുറ്റസമ്മതമൊഴി തെറ്റായിരുന്നുവെന്ന വസ്തുത വെളിപ്പെടാന്‍ ഇത് സഹായിച്ചു. ഓട്ടേറെ പ്രതിസന്ധി ഘട്ടത്തിലൂടെയായിരുന്നു ജയില്‍വാസം. തൂക്കുകയര്‍ വിധിച്ചപ്പോള്‍ വല്ലാത്ത മാനസീകാവസ്ഥയിലായിരുന്നെന്നും പേരറിവാളന്‍ പറഞ്ഞു.
മകന്‍ തെറ്റ് ചെയ്യില്ലെന്ന് ബോധ്യമുണ്ടായിരുന്നുവും ഇതാണ് വീട്ടിലൊതുങ്ങിയിരുന്ന തനിക്ക് പോരാട്ടത്തിന് കനല്‍പകര്‍ന്ന വികാരമതായിരുന്നുവെന്ന് അര്‍പുതമ്മാള്‍ പറഞ്ഞു. മകന്‍റെ മൃതദേഹം എടുത്ത് കൊണ്ടു പോകാന്‍ ആവശ്യപ്പെട്ട് വരെ സര്‍ക്കാര്‍ കത്തയച്ചു. ഇതൊന്നും തന്നെ തളര്‍ത്തിയില്ലെന്ന് അര്‍പുതമ്മാള്‍ കൂട്ടിച്ചേര്‍ത്തു. രാജീവ് ഗാന്ധിയും എന്‍റെ ജീവിതവും എന്ന ചര്‍ച്ചക്കിടെയാണ് പേരറിവാളനും അമ്മ അര്‍പുത അമ്മാളും അനുഭവങ്ങള്‍ പങ്കുവെച്ചത്. മാധ്യമ പ്രവര്‍ത്തക അനുശ്രീ മോഡറേറ്ററായി.