കൊവിഡ് മുക്തി നേടിയ കോൺഗ്രസ് നേതാവിന് സ്വീകരണം; സാമൂഹിക അകലം പാലിക്കാതെ ജനക്കൂട്ടം
കോവിഡ് ബാധയിൽ നിന്നും മുക്തി നേടി വീട്ടിലേക്ക് തിരികെ എത്തിയതായിരുന്നു ചന്ദ്രകാന്ത്. വീട്ടിലെത്തിയ ചന്ദ്രകാന്തിനെ സ്വീകരിക്കാൻ വൻ ജനക്കൂട്ടമാണ് എത്തിയത്.
മുംബൈ: കൊവിഡ് ബാധയിൽ നിന്ന് സൗഖ്യം നേടി തിരികെയെത്തിയ മുതിർന്ന കോൺഗ്രസ് നേതാവിന് സ്വീകരണമേർപ്പെടുത്തിയത് സാമൂഹിക അകല നിർദ്ദേശങ്ങളൊന്നും പാലിക്കാതെയെന്ന് ആരോപണം. മുംബൈയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ചന്ദ്രകാന്ത് ഹാന്ദോറിനെയാണ് പ്രവർത്തകർ പടക്കം പൊട്ടിച്ചും ചെണ്ട കൊട്ടിയും സ്വാഗതം ചെയ്തത്. കോവിഡ് ബാധയിൽ നിന്നും മുക്തി നേടി വീട്ടിലേക്ക് തിരികെ എത്തിയതായിരുന്നു ചന്ദ്രകാന്ത്. വീട്ടിലെത്തിയ ചന്ദ്രകാന്തിനെ സ്വീകരിക്കാൻ വൻ ജനക്കൂട്ടമാണ് എത്തിയത്. അദ്ദേഹം കാറിൽ നിന്ന് പുറത്തിറങ്ങുന്ന സമയം നിരവധി പേർ മൊബൗൽ ഫോണിൽ വീഡിയോ എടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
കൊറോണ വൈറസ് അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യമാണ് മുംബൈയിലുള്ളത്. സാമൂഹിക അകലം പാലിക്കണമെന്ന കർശന നിർദ്ദേശം നിലവിലുണ്ടായിട്ടും അതെല്ലാം ലംഘിച്ചാണ് നേതാവിനെ സ്വീകരിക്കാൻ പ്രവർത്തകർ കൂട്ടം ചേർന്നത്. മറ്റൊരു വീഡിയോയിൽ മാസ്ക് ധരിച്ച പ്രവർത്തകർ പടക്കം പൊട്ടിക്കുന്നതും കാണാം. രാജ്യത്ത് കൊറോണ വൈറസ് ഏറ്റവുമധികം ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. ഒറ്റ ദിവസം കൊണ്ട് 2940 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഓരോ ദിവസവും ഇവിടെ കൊറോണ ബാധിതരുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.