ഈ ഫാസ്റ്റാഗ് ഉപയോഗിക്കുന്നവർ മാർച്ച് 15ന് ശേഷം പുതിയത് വാങ്ങണം; പരിശോധിച്ച് ഡീ ആക്ടിവേറ്റ് ചെയ്യേണ്ടത് ഇങ്ങനെ
നിലവിലുള്ള ബാലൻസ് ഉപയോഗിച്ച് തീർക്കാൻ സമയപരിധിയില്ല. എന്നാൽ മാർച്ച് 15ന് ശേഷം റീചാർജ് ചെയ്യാൻ സാധിക്കില്ല.
മുംബൈ: പേടിഎം പേയ്മെന്റ് ബാങ്കിനോട് പ്രവര്‍ത്തനം അവസാനിപ്പിക്കാൻ റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ അക്കൗണ്ടുകളിൽ ഇനി നിക്ഷേപങ്ങള്‍ സ്വീകരിക്കാൻ ബാങ്കിനോ സാധിക്കില്ല. ജനുവരി അവസാനം റിസര്‍വ് ബാങ്ക് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഫെബ്രുവരി 29 വരെയാണ് പേടിഎം പേയ്മെന്റ് ബാങ്കിന് പ്രവര്‍ത്തനം അനുമതി നൽകിയിരുന്നതെങ്കിലും പിന്നീട് ഇത് മാർച്ച് 15 വരെ ഇപ്പോൾ ദീര്‍ഘിപ്പിച്ച് നൽകിയിട്ടുണ്ട്.
മാർച്ച് 15ന് ശേഷം ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ പണം സ്വീകരിക്കാനും ക്രെഡിറ്റ് ഇടപാടുകള്‍ നടത്താനോ പേടിഎം പേയ്മെന്റ്സ് ബാങ്കിന് സാധിക്കില്ല. അക്കൗണ്ടുകള്‍ക്ക് പുറമെ പ്രീപെയ്ഡ് സംവിധാനങ്ങള്‍, വാലറ്റുകള്‍, ഫാസ്റ്റാഗുകൾ, നാഷണൽ കോമൺ മൊബിലിറ്റി കാര്‍ഡുകള്‍ എന്നിവയിലൊന്നും പണം സ്വീകരിക്കാൻ പേടിഎം പേയ്മെന്റ്സ് ബാങ്കിന് സാധിക്കില്ല. നിലവിൽ വാഹനങ്ങളിൽ പേടിഎം ഫാസ്റ്റാഗുകള്‍ ഉപയോഗിക്കുന്നവർക്കും മാർച്ച് 15ന് ശേഷം അവ റീചാർജ് ചെയ്യാൻ സാധിക്കില്ല. എന്നാൽ നിലവിൽ ഫാസ്റ്റാഗുകളിൽ ഉള്ള ബാലൻസ് ഉപയോഗിക്കാൻ തടസമുണ്ടാകില്ല. ഇതിന് സമയ പരിധിയും ഇല്ല. എന്നാൽ മാർച്ച് 15ന് ശേഷം ബാലൻസ് തീരുമ്പോൾ പേടിഎം ഫാസ്റ്റാഗ് മാറ്റി മറ്റൊരു ബാങ്കിന്റെ ഫാസ്റ്റാഗ് വാങ്ങേണ്ടി വരും.
നിലവിൽ പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ ഫാസ്റ്റാഗ് ഉപയോഗിക്കുന്നവര്‍ക്ക് 1800-120-4210 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് ഫാസ്റ്റാഗ് ഡീആക്ടിവേറ്റ് ചെയ്യാം. ഇതിനായി വാഹന രജിസ്ട്രേഷൻ നമ്പറോ ടാഗ് ഐഡിയോ നൽകണം. ഇതല്ലാതെ പേടിഎം ആപ്പിലെ പൊഫൈൽ സെക്ഷൻ വഴിയും ടാഗ് ഡീആക്ടിവേറ്റ് ചെയ്യാം. ഇതിനായി പ്രൊഫൈൽ സെക്ഷനിൽ ഹെൽപ് ആന്റ് സപ്പോർട്ട് തെരഞ്ഞെടുത്ത ശേഷം ബാങ്കിങ് സര്‍വീസസ് ആന്റ് പേയ്മെന്റ്സും പിന്നീട് ഫാസ്റ്റാഗും തെരഞ്ഞെടുക്കാം. തുടർന്ന് ചാറ്റ് വിത്ത് അസ് എന്ന് ഓപ്ഷനിലൂടെ പേടിഎം എക്സിക്യൂട്ടിവീനോട് സംസാരിച്ച് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യാം.
ഒരു വാഹനത്തിന്റെ പേരിൽ ഒന്നിലധികം ഫാസ്റ്റാഗുകകള്‍ എടുക്കുന്നത് വിലക്കിയിട്ടുണ്ട്. ആക്ടീവായ ഒരു ഫാസ്റ്റാഗ് മാത്രമേ ഒരു വാഹനത്തിന്റെ പേരിൽ ഉണ്ടാവാൻ പാടുള്ളൂ. പുതിയ ഫാസ്റ്റാഗ് എടുക്കാനായി മൈ ഫാസ്റ്റാഗ് ആപ് ഡൗണ്‍ലോഡ് ചെയ്ത് നടപടികള്‍ പൂര്‍ത്തീകരിക്കാം. വിവിധ ബാങ്കുകളുമായി ബന്ധപ്പെട്ടും ടാഗ് ലഭ്യമാവും. ആക്ടിവേറ്റ് ചെയ്ത ശേഷം ഫാസ്റ്റാഗുകള്‍ ഉപയോഗിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...