ഇങ്ങനെയായാൽ ആഭ്യന്തര വകുപ്പ് താൻ ഏറ്റെടുക്കേണ്ടി വരുമെന്ന് പവൻ കല്യാണ്‍; വിമർശനമല്ല പ്രോത്സാഹനമെന്ന് അനിത

ആഭ്യന്തര മന്ത്രിയുടെ പ്രവർത്തനം പോരെന്നും പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കിൽ ആഭ്യന്തര വകുപ്പ് താൻ ഏറ്റെടുക്കുമെന്നുമാണ് പവൻ കല്യാണ്‍ പറഞ്ഞത്

Pawan Kalyan Calls Incompetent Home Minister Anitha Vangalapudi Replies that She Views His Words Are Encouragement and Not Criticism

അമരാവതി: അന്ധ്ര പ്രദേശിൽ തെലുങ്കുദേശം പാർട്ടിയുടെ സഖ്യകക്ഷിയായ ജനസേനയുടെ നേതാവും ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്‍റെ വിമർശനത്തിന് മറുപടിയുമായി ആഭ്യന്തര മന്ത്രി അനിത വംഗലപ്പുടി. ആഭ്യന്തര മന്ത്രിയെന്ന നിലയിലെ പ്രവർത്തനം പോരെന്നും പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കിൽ ആഭ്യന്തര വകുപ്പ് താൻ ഏറ്റെടുക്കുമെന്നുമാണ് പവൻ കല്യാണ്‍ പറഞ്ഞത്.  ഉപമുഖ്യമന്ത്രിയുടെ വാക്കുകൾ വിമർശനമായല്ല പ്രോത്സാഹനമായാണ് താൻ കാണുന്നതെന്ന് അനിത പ്രതികരിച്ചു. 

ആന്ധ്രയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രിക്ക് ഉപമുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയത്. എന്നാൽ പവൻ കല്യാണിന്‍റെ രൂക്ഷമായ പ്രതികരണത്തിന് പ്രകോപിതയാവാതെയാണ് അനിത മറുപടി നൽകിയത്. ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണെങ്കിൽ നിങ്ങൾ അറസ്റ്റ് ചെയ്യില്ലേ എന്നാണ് പവൻ കല്യാണ്‍ ചോദിച്ചത്. താൻ അദ്ദേഹത്തിന്‍റെ പ്രതികരണം പോസിറ്റീവായാണ് എടുക്കുന്നതെന്ന് അനിത മറുപടി നൽകി.

തന്‍റേത് നിർണായകമായ വകുപ്പാണ്. കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാനുള്ള പിന്തുണയാണ് പവൻ കല്യാണ്‍ നൽകുന്നതെന്ന് അനിത പ്രതികരിച്ചു. തന്‍റെ രാജി ആവശ്യപ്പെടുന്ന വൈഎസ്ആർ കോൺഗ്രസ് പാർട്ടി നേതാവ് റോജ ഉൾപ്പെടെയുള്ളവർക്ക് പവൻ കല്യാണ്‍ എന്താണ് പറഞ്ഞതെന്ന് മനസ്സിലായിട്ടില്ലെന്നും അനിത പറഞ്ഞു. തന്നെ കുറിച്ച് എന്തോ പറഞ്ഞെന്ന ആവേശത്തിലാണ് അവരെന്നും അനിത പ്രതികരിച്ചു. 

പവൻ കല്യാൺ കഴിഞ്ഞ ദിവസം നിയോജക മണ്ഡലത്തിൽ റാലിയിൽ സംസാരിക്കുമ്പോഴാണ് ക്രമസമാധാന നില മെച്ചപ്പെട്ടില്ലെങ്കിൽ താൻ ആഭ്യന്തര വകുപ്പ് ഏറ്റെടുക്കുമെന്ന് പറഞ്ഞത്. "നിങ്ങൾ ആഭ്യന്തര മന്ത്രിയാണ്. ചുമതലകൾ നന്നായി നിറവേറ്റിയില്ലെങ്കിൽ ആഭ്യന്തര വകുപ്പ് ഏറ്റെടുക്കാൻ ഞാൻ നിർബന്ധിതനാകും" എന്നാണ് പവൻ കല്യാണ്‍ പറഞ്ഞത്. കുറ്റകൃത്യങ്ങൾ അടിച്ചമർത്തുന്ന കാര്യത്തിൽ യോഗി ആദിത്യനാഥിനെപ്പോലെ ആവണം. എംഎൽഎമാർ വോട്ട് ചോദിക്കാൻ മാത്രമല്ല ഇവിടെയുള്ളത്. നിങ്ങൾക്കും ഉത്തരവാദിത്തങ്ങളുണ്ട്. എല്ലാവരും ചിന്തിക്കണമെന്ന് പവൻ കല്യാണ്‍ ആവശ്യപ്പെട്ടു. 

നവജാതശിശുവിനെ നാലര ലക്ഷത്തിന് വിറ്റു, അച്ഛനും നാല് വനിതാ ഇടനിലക്കാരും പിടിയിൽ, അമ്മയെയും അറസ്റ്റ് ചെയ്യും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios