പാർലമെന്റിലെ അതിക്രമം നടത്തിയവർ ഭഗത് സിംഗ് ഫാൻസ് ക്ലബ്ബ് ഗ്രൂപ്പിലും അംഗങ്ങൾ; മെറ്റയിൽ നിന്ന് വിവരം തേടി
അറസ്റ്റിലായ പ്രതികളുടെ ഫേസ് ബുക്ക് അക്കൗണ്ട് വിവരങ്ങളും പൊലീസ് തേടിയിട്ടുണ്ട്.
ദില്ലി : പാർലമെൻ്റ് അതിക്രമത്തിൽ പ്രതികളായവർ അംഗങ്ങളായ ഭഗത് സിങ് ഫാൻസ് ക്ലബ്ബ് ഗ്രൂപ്പിൻ്റെ വിവരങ്ങൾ തേടി ദില്ലി പൊലീസ്. ഇതു സംബന്ധിച്ച് സാമൂഹിക മാധ്യമ കന്പനിയായ മെറ്റയ്ക്ക് പൊലീസ് കത്തെഴുതി. ഈ ഗ്രൂപ്പ് ഇവർ നേരത്തെ ഡീലീറ്റ് ചെയ്തിരുന്നു. ഗ്രൂപ്പിലെ ചർച്ചകളുടെ വിശദാംശങ്ങളാണ് തേടിയിട്ടുള്ളത്. അറസ്റ്റിലായ പ്രതികളുടെ ഫേസ് ബുക്ക് അക്കൗണ്ട് വിവരങ്ങളും പൊലീസ് തേടിയിട്ടുണ്ട്. ഇതിനിടെ കൊൽക്കത്ത, മൈസൂരു എന്നിവിടങ്ങളിലും പൊലീസ് പരിശോധന നടത്തി. മൈസൂർ സ്വദേശി മനോരഞ്ജൻ്റെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തു. ലളിത് ത്ധായുടെ കൊൽക്കത്തയിലെ വീട്ടിലും പരിശോധന നടത്തി. സുഹൃത്തുക്കളുടെ മൊഴി എടുത്തു. പ്രതികളുടെ ബാങ്ക് അക്കൗണ്ട് പരിശോധനയും പൊലീസ് തുടങ്ങിയിട്ടുണ്ട്.
പാർലമെന്റ് അതിക്രമക്കേസിൽ അന്വേഷണം വിപുലപ്പെടുത്തി സെപ്ഷ്യൽ സെൽ. ആറ് സംസ്ഥാനങ്ങളിലായി പൊലീസ് അന്വേഷണം തുടരുകയാണ്. കർണാടക, യുപി, രാജസ്ഥാൻ, മഹാരാഷ്ട്ര, ഹരിയാന, ദില്ലി, സംസ്ഥാനങ്ങളിലാണ് അന്വേഷണം. കേസിൽ ഒരാളെ കൂടി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. ലളിതിന്റെ സുഹൃത്ത് സൌരഭ് ചക്രവർത്തിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇയാളുടെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടില്ല. സംഭവസമയത്ത് ഇയാൾക്കും ലളിത് ഝാ പ്രതിഷേധ ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു. വിപ്ലവം ജയിക്കട്ടയെന്നും ദൃശ്യങ്ങൾ പ്രചരിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള സന്ദേശമായിരുന്നു ഇത്. നേരത്തെ ലളിതിന്റെ മറ്റൊരു സുഹൃത്തിനെ ചോദ്യം ചെയ്തിരുന്നു.
സാഗര്‍ ശര്‍മ്മ, നീലം എന്നിവരുടെ ലക്‌നൗ, ജിന്‍ഡ് എന്നിവിടങ്ങളിലെ വീടുകളിലാണ് ഇന്നലെ പരിശോധന നടത്തിയത്. ഇവരുടെ കുടുംബാംഗങ്ങളുടെ മൊഴി എടുത്തു. സാഗര്‍ ശര്‍മ്മ ഷൂ വാങ്ങിയ കടയുടമയും അന്വേഷണ സംഘം ചോദ്യം ചെയ്തു. മൂന്ന് മണിക്കൂറോളമാണ് ഇയാളെ ചോദ്യം ചെയ്തത്. 600 രൂപക്കാണ് ഷൂ വാങ്ങിയതെന്നും കടയുടമയുടെ മൊഴി നൽകി. മുഖ്യപ്രതി ലളിത് ഝാ, മഹേഷ് എന്നിവര്‍ രാജസ്ഥാനില്‍ താമസിച്ച ഹോട്ടലിലും പരിശോധന നടത്തി.