'എൽ' പൈപ്പിട്ട് രക്ഷിക്കാൻ ശ്രമം, തടസ്സമായി മഴ; 3 വയസ്സുകാരി 700 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണിട്ട് 6 ദിവസം
700 അടി താഴ്ചയുള്ള കുഴൽക്കിണറിൽ 150 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിയിരിക്കുന്നത്. കുഴൽക്കിണറിന് സമാന്തരമായി തുരങ്കം കുഴിച്ചു. എൽ ആകൃതിയിലുള്ള പൈപ്പിലൂടെ കുട്ടിയെ പുറത്തെടുക്കാനാണ് ശ്രമം.
ജയ്പൂർ: കുഴൽക്കിണറിൽ വീണ മൂന്ന് വയസ്സുകാരിയെ രക്ഷിക്കാനുള്ള രക്ഷാപ്രവർത്തനത്തിന് തടസ്സമായി കനത്ത മഴ. കുട്ടി കുഴൽക്കിണറിൽ വീണിട്ട് ആറ് ദിവസമായി. രാജസ്ഥാനിലെ കോട്പുത്‌ലി-ബെഹ്‌റോർ ജില്ലയിലെ സരുന്ദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
തിങ്കളാഴ്ചയാണ് അച്ഛന്‍റെ കൃഷിയിടത്തിൽ കളിക്കുന്നതിനിടെ ചേതന എന്ന മൂന്ന് വയസ്സുകാരി കുഴൽക്കിണറിൽ വീണത്. 700 അടി താഴ്ചയുള്ള കുഴൽക്കിണറിൽ 150 അടി താഴ്ചയിലാണ് പെൺകുട്ടി കുടുങ്ങിയിരിക്കുന്നത്. കുഴൽക്കിണറിന് സമാന്തരമായി 170 അടി തുരങ്കം കുഴിച്ചു. എൽ ആകൃതിയിലുള്ള പൈപ്പിലൂടെ കുട്ടിയെ പുറത്തെടുക്കാനാണ് ശ്രമം. പക്ഷേ കനത്ത മഴ കാരണം ഇന്നലെ രക്ഷാപ്രവർത്തകർക്ക് ഇറങ്ങാനായില്ല. മഴവെള്ളത്തിൽ നിന്ന് കുഴൽക്കിണറിനെ സംരക്ഷിക്കാൻ, എല്ലാ ഭാഗത്തുനിന്നും സുരക്ഷിതമായി മൂടി. ഇന്ന് രക്ഷാപ്രവർത്തനം പുനരാരംഭിച്ചു.
2023-ൽ ഉത്തരാഖണ്ഡ് തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാൻ സഹായിച്ച 'റാറ്റ് ഹോൾ മൈനേഴ്സിനെ' ഇറക്കി ചേത്നയെ രക്ഷിക്കാനാണ് ശ്രമം. രക്ഷാപ്രവർത്തനം ഇതിനകം 100 മണിക്കൂറിനപ്പുറം നീണ്ടു. ആദ്യം കയറിൽ ഘടിപ്പിച്ച ഇരുമ്പ് വളയമുപയോഗിച്ച് കുട്ടിയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നാണ് സമാന്തരമായി തുരങ്കമുണ്ടാക്കിയത്. കുട്ടിക്ക് ഓക്സിജൻ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്.
ഒരു മെഡിക്കൽ സംഘവും ആംബുലൻസും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. കുട്ടിയെ പുറത്തെടുത്താൽ ഉടനെ ആശുപത്രിയിൽ എത്തിക്കും. രക്ഷാപ്രവർത്തനത്തിന്‍റെ ആദ്യ ഘട്ടത്തിൽ ജില്ലാ ഭരണകൂടം അലംഭാവം കാട്ടിയതായി ചേതനയുടെ മാതാപിതാക്കൾ ആരോപിച്ചു. കുട്ടി കുഴൽക്കിണറിൽ വീണതു മുതൽ ഭക്ഷണം കഴിക്കാത്ത അമ്മ ധോളി ദേവിയുടെ ആരോഗ്യനില വഷളായി. ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അവർ
"അഞ്ച് ദിവസമായി എന്‍റെ കുഞ്ഞ് എന്തെങ്കിലും കഴിച്ചിട്ട്. കലക്ടർ മാഡത്തിന്‍റെ കുട്ടിയായിരുന്നെങ്കിൽ അവരിങ്ങനെ രക്ഷാപ്രവർത്തനം വൈകിപ്പിക്കുമായിരുന്നോ"- കുട്ടിയുടെ അമ്മ ചോദിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം