Asianet News MalayalamAsianet News Malayalam

കെജ്രിവാളിന്‍റെ വിശ്വസ്ത, ഓക്സ്ഫഡിൽ നിന്ന് ഉന്നത ബിരുദം; ജൈവ കൃഷിയിൽ നിന്ന് ദില്ലി മുഖ്യമന്ത്രി പദവിയിലേക്ക്

ഷീലാ ദീക്ഷിത്തിനും സുഷമ സ്വരാജിനും ശേഷം ദില്ലിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാകാൻ ഒരുങ്ങുകയാണ് അതിഷി.

Oxford educated AAP leader set to become Delhi Chief Minister who is Atishi
Author
First Published Sep 17, 2024, 5:28 PM IST | Last Updated Sep 17, 2024, 5:32 PM IST

രാജ്യതലസ്ഥാനം അതിവേഗം പിടിച്ചടക്കിയ അരവിന്ദ് കെജ്രിവാളിന് പിൻഗാമിയായി ദില്ലിയുടെ മുഖ്യമന്ത്രി പദവിയിലേക്ക് എത്തുകയാണ് അതിഷി മര്‍ലേന. മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയുടെ എംഎല്‍എമാരുടെ നിര്‍ണായക യോഗത്തിൽ അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രതിസന്ധികളില്‍ നിന്ന് പ്രതിസന്ധികളിലേക്ക് നീങ്ങുന്ന പാര്‍ട്ടിയുടെ സുപ്രധാന മുഖമാണ് നാല്‍പ്പത്തിമൂന്നുകാരിയായ അതിഷി. ഷീലാ ദീക്ഷിത്തിനും സുഷമ സ്വരാജിനും ശേഷം ദില്ലിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാകാൻ ഒരുങ്ങുകയാണ് അതിഷി.

സൗത്ത് ദില്ലിയിലെ കൽക്കാജിയിൽ നിന്നുള്ള എംഎൽഎയാണ് അതിഷി. വിദ്യാഭ്യാസ മന്ത്രാലയത്തിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേഷ്ടാവ് എന്ന നിലയിൽ നിന്ന് മന്ത്രി സ്ഥാനത്തേക്ക് എത്തുകയും ഏറെ സുപ്രധാനമായ ചുമതലകൾ ഇതിനകം തന്നെ കൈകാര്യം ചെയ്ത തഴക്കവും വഴക്കവും അതിഷിക്കുണ്ട്. ദില്ലി സര്‍വകലാശാല പ്രൊഫസർമാരായ വിജയ് കുമാർ സിങ്ങിന്‍റെയും ത്രിപ്ത വാഹിയുടെയും മകളായ അതിഷി ദില്ലിയിലെ സ്പ്രിംഗ്ഡെയ്ൽ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 

പിന്നീട് ചരിത്രത്തിൽ ബിരുദത്തിനായി സെന്‍റ് സ്റ്റീഫൻസ് കോളേജിലേക്ക്. തുടർന്ന് ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽ ചെവനിംഗ് സ്കോളർഷിപ്പ് നേടി. അവിടെ ആദ്യത്തെ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. പിന്നീട്, റോഡ്സ് സ്കോളര്‍ഷിപ്പോടെ ഓക്സ്ഫഡിൽ തിരികെയെത്തി വിദ്യാഭ്യാസ ഗവേഷണത്തിൽ രണ്ടാം ബിരുദം നേടി. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുമ്പ് ഐഐടി ദില്ലിയിലെയും ഐഐഎം അഹമ്മദാബാദിലെയും പൂർവ്വ വിദ്യാർത്ഥിയായ തന്‍റെ ഭർത്താവ് പ്രവീൺ സിംഗിനൊപ്പം മധ്യപ്രദേശിലെ ഒരു ചെറിയ ഗ്രാമത്തിൽ ജൈവകൃഷിയിലും വിദ്യാഭ്യാസ സംരംഭങ്ങളിലും ഏർപ്പെട്ടു. 

ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങൾക്കായി വളരെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ഇതാണ് ആം ആദ്മി പാര്‍ട്ടി അംഗങ്ങളുമായുള്ള ബന്ധത്തിലേക്കും പിന്നീടുള്ള രാഷ്ട്രീയ യാത്രയ്ക്കും തുടക്കം കുറിച്ചത്. 2013ലെ ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രകടന പത്രിക തയാറാക്കുന്നതിനുള്ള കമ്മിറ്റിയിലെ പ്രവര്‍ത്തന മികവാണ് പിന്നീട് വഴിത്തിരിവാകുന്നത്. ആം ആദ്മി പാർട്ടിയുടെ ആദ്യകാല നയങ്ങൾ രൂപപ്പെടുത്തുന്നതിൽ ഒരു പ്രധാന ശബ്ദമായി മാറാൻ അതിഷിക്ക് സാധിച്ചു. 

മദ്യ നയക്കേസില്‍ അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിനെതിരെയും ദില്ലിയിലെ ജലപ്രതിസന്ധിയിലുമടക്കം പ്രതിഷേധം നയിച്ചത് ഉൾപ്പെടെയുള്ള പ്രധാന രാഷ്ട്രീയ പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായി അതിഷി മാറി. 2023 മാർച്ചിൽ മന്ത്രിയായി ചുമതലയേറ്റ ശേഷം അതിശയിപ്പിക്കുന്ന പ്രകടന മികവാണ് അതിഷി കാഴ്ചവെച്ചതെന്ന് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുമിച്ച് പറയുന്നു. ഈ മികവാണ് ഇപ്പോള്‍ കെജ്രിവാളിന് പിൻഗാമി എന്ന നിലയിലേക്കുള്ള വളര്‍ച്ചയിലും നിര്‍ണായകമായത്. 

​ഗണേഷിന്റെ നിർദേശം കൃത്യമായി പാലിച്ചു, ഓഫ് റോഡ് പരമാവധി കുറച്ച് 439ൽ എത്തിച്ചു;കെഎസ്ആർടിസിക്ക് മിന്നും നേട്ടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios