ബിഹാറില്‍ ഗംഗാ നദിയിലൂടെ ഒഴുകിയെത്തിയത് കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍
ഗംഗാ നദിയിലെ മഹദേവ് ഘാട്ടിന് സമീപമാണ് ഇത്തരത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കരയിലേക്ക് എത്തിയ മൃതദേഹങ്ങള്‍ക്ക് സമീപം നായ്ക്കള്‍ ബഹളം കൂട്ടിയതോടെയാണ് സംഭവം ആളുകളുടെ ശ്രദ്ധയില്‍പ്പെടുന്നത്.
ബത്സര്‍: 150ഓളം കൊവിഡ് രോഗികളുടെ മൃതദേഹം ബിഹാറില്‍ ഗംഗാ നദിയിലൊഴുക്കി. ബിഹാറിലെ ബത്സറിലാണ് സംഭവം. സംസ്കാരത്തിന്‍റെ ഭാഗമായി മൃതദേഹങ്ങള്‍ ഗംഗയിലൊഴുക്കിയതാണെന്നാണ് സംശയിക്കുന്നത്. ഗംഗയിലെ ജലം കുറഞ്ഞതാവാം ഇത്തരത്തില്‍ മൃതദേഹങ്ങള്‍ കരയ്ക്ക് സമീപത്തേക്ക് എത്തിയതിന് കാരണമെന്നാണ് സംശയിക്കുന്നത്. ഗംഗാ നദിയിലെ മഹദേവ് ഘാട്ടിന് സമീപമാണ് ഇത്തരത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കരയിലേക്ക് എത്തിയ മൃതദേഹങ്ങള്‍ക്ക് സമീപം നായ്ക്കള്‍ ബഹളം കൂട്ടിയതോടെയാണ് സംഭവം ആളുകളുടെ ശ്രദ്ധയില്‍പ്പെടുന്നത്.
സംഭവം പുറത്ത് എത്തിയതോടെ ഉത്തര്‍ പ്രദേശും ബിഹാറും തമ്മില്‍ പരസ്പരം പഴിചാരല്‍ ആരംഭിച്ചിട്ടുണ്ട്. ഈ മൃതദേഹങ്ങള്‍ സമീപ സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ നിന്നുള്ളവയാണെന്നാണ് ബത്സര്‍ ജില്ലാ ഭരണകൂടം ആരോപിക്കുന്നത്. സംഭവത്തേക്കുറിച്ച് അന്വഷിക്കുമെന്നാണ് ബിഡിഒ അശോക് കുമാര്‍ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്. സംഭവത്തിന് പിന്നില്‍ ബിജെപി സര്‍ക്കാരാണെന്നാണ് മഹിളാ കോണ്‍ഗ്രസ് ആരോപിക്കുന്നത്. കൊവിഡ് മരണങ്ങള്‍ മറച്ചുവയ്ക്കാനാണ് ഇതിലൂടെ ശ്രമമെന്നും മഹിളാ കോണ്‍ഗ്രസ് ആരോപിക്കുന്നു.
കൊവിഡ് വ്യാപനം ഇതിലൂടെ രൂക്ഷമാകുമെന്ന ഭീതിയിലാണ് ബത്സറിലെ പ്രദേശവാസികള്‍ ഉള്ളത്. മൃതദേഹങ്ങളുടെ ഉറവിടെ എവിടെ നിന്നാണെന്ന് ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച സമാനമായ സംഭവം ഉത്തര്‍ പ്രദേശിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരിച്ചറിയപ്പെടാത്തതും പാതി കരിഞ്ഞതുമായ മൃതദേഹങ്ങളാണ് യമുനാ നദിയില്‍ കണ്ടെത്തിയത്. ഹമീര്‍പൂരിലായിരുന്നു ഇത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona